ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യവസ്ഥചെയ്യുന്ന 2023-ലെ നിയമത്തെ ചോദ്യംചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിന് വിടണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യത്തിൽ സുപ്രീംകോടതിയിൽ ഭിന്നവിധി.

To advertise here,

തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന സെലക്ഷൻ പാനലിൽനിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ (സി.ജെ.ഐ) ഒഴിവാക്കി, പകരം ഒരു കേന്ദ്ര മന്ത്രിയെ ഉൾപ്പെടുത്തിയ നിയമമാണ് ചോദ്യംചെയ്യപ്പെടുന്നത്. ഭരണഘടനയുടെ 145(3)ാം അനുച്ഛേദപ്രകാരം വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന് കേന്ദ്ര സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചിരുന്നത്. വിശാല ബെഞ്ചിന് വിടണമെന്ന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് ദീപാങ്കർ ദത്ത തള്ളി.

'ഞങ്ങൾ അഞ്ച് ദിവസത്തിലേറെയായി ഈ ഹർജികളിൽ വാദം കേട്ടു. ഒറ്റക്കെട്ടായുള്ള അഭിപ്രായപ്രകടനം നിയമസംവിധാനത്തിന്റെ ഐക്യത്തെ പ്രതിഫലിപ്പിക്കാൻ സഹായിക്കുമായിരുന്നു. നിർഭാഗ്യവശാൽ, ഈ വിഷയത്തിൽ ഞങ്ങളുടെ അഭിപ്രായങ്ങൾ വ്യത്യസ്തങ്ങളാണ്. ഭരണാധികാരികൾ നിയമത്തിന് വിധേയരാണെന്നും നിയമത്തിന് അതീതരല്ലെന്നതും ഭരണഘടനാ സംവിധാനത്തിന്റെ അടിസ്ഥാന തത്വമാണ്', ജസ്റ്റിസ് ദത്ത വ്യക്തമാക്കി.

ജസ്റ്റിസ് ദത്ത നടത്തിയ നിരീക്ഷണങ്ങളോട് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ വിയോജിച്ചു. ഈ വിഷയത്തിൽ നിയമപരമായ ഗൗരവമേറിയ ഒരു ചോദ്യം ഉൾപ്പെട്ടിട്ടുണ്ടെന്നും അത് വിശാല ബെഞ്ച് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായവ്യത്യാസമുള്ളതിനാൽ, വിഷയം തീരുമാനിക്കാൻ ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കേണ്ടതുണ്ടോ എന്ന് പരിഗണിക്കാൻ കേസ് ചീഫ് ജസ്റ്റിസിന് മുമ്പാകെ വെക്കാനും ബെഞ്ച് ഉത്തരവിട്ടു.

തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രമായി പ്രവർത്തിച്ചാൽമാത്രം പോരാ അത് അങ്ങനെയാണെന്ന് പുറമേ കാണിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദത്ത അഭിപ്രായപ്പെട്ടു. മന്ത്രിസഭയുടെ ഭാഗമായ ഒരാൾക്ക് പ്രധാനമന്ത്രിയെയോ സർക്കാരിനെയോ ധിക്കരിക്കുന്ന നിലപാട് സ്വീകരിക്കാനാകില്ല. അത്തരമൊരു സാഹചര്യത്തിൽ നിഷ്പക്ഷമായി മന്ത്രിക്ക് പാനലിൽ തുടരാനാകുമോ എന്നതും ജസ്റ്റിസ് ദത്ത സംശയമുന്നയിച്ചു. 'പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു അംഗം പ്രധാനമന്ത്രിയുടെ തീരുമാനത്തിന് എതിരായി വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല', ജസ്റ്റിസ് ദത്ത വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നതിനുള്ള പാനലിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയും ഉൾപ്പെടുന്നതാണ് 2023-ലെ നിയമം. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി ഇത്തരമൊരു നിയമം കൊണ്ടുവന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ നിരവധി ഹർജികൾ സുപ്രീംകോടതിക്ക് മുമ്പാകെ എത്തിയിരുന്നു.