ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കിടയിൽ ഭിന്നതയുണ്ടെന്ന വിവാദത്തിൽ പ്രതികരണവുമായി രാഷ്ട്രീയ പാർട്ടികളും നേതാക്കളും. കമ്മിഷണർമാർ തമ്മിലുള്ള ആന്തരിക ചർച്ചകളും വിയോജിപ്പുകളും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമാണെന്ന് ബിജെപി എംപി സംബിത് പത്ര അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയാത്തതിനാൽ കോൺഗ്രസ് ഭരണഘടനാസ്ഥാപനങ്ങളെ ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

To advertise here,

എസ്ഐആറുമായി ബന്ധപ്പെട്ടടക്കം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരും തമ്മിൽ അഭിപ്രായഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്. 10 മാസത്തിനിടെ ഇത്തരത്തിൽ 14 തവണ വിയോജിപ്പുകൾ രേഖപ്പെടുത്തിയെന്ന് ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്.

എന്നാൽ, എസ്ഐആർ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഒറ്റക്കെട്ടായി എടുത്തതാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചത്. വ്യത്യസ്ത കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും ഏതൊരു സ്ഥാപനത്തിലുമുണ്ടാകുന്ന സ്വാഭാവിക നടപടികളാണ്. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപുള്ള തീരുമാനമെടുക്കൽ പ്രക്രിയയുടെ ഭാഗമാണ് അവയെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണ കുറിപ്പിൽ അറിയിച്ചിരുന്നു.

ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ തമ്മിൽ ചർച്ചകൾ നടത്തുന്നുണ്ടെന്നാണെന്നും അത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമാണെന്നും ബിജെപി അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പ് നടത്തുന്ന കമ്മിഷണർമാർക്കിടയിൽ ആശയവിനിമയവും അഭിപ്രായ കൈമാറ്റവും ഇല്ലെങ്കിൽ, പ്രതിപക്ഷം 'ഏകാധിപത്യം' എന്ന് ആരോപിക്കുകയും അവരെ സർക്കാരിന്റെ 'യെസ് മെൻ' എന്ന് വിളിക്കുകയും ചെയ്യുമെന്ന് സംബിത് പത്ര പറഞ്ഞു.

ഈ വിഷയത്തിൽ കമ്മിഷൻ പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനോ ഇന്ത്യയിലെ മറ്റ് ഏതെങ്കിലും ഭരണഘടനാ സ്ഥാപനമോ 'ഏകാധിപത്യ ഭരണത്തിന്' കീഴിലല്ല എന്നാണെന്നും ബിജെപി നേതാവ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനെയും സർക്കാരിനെയും ഏകാധിപതികളെന്ന് വിളിച്ച എല്ലാ പ്രതിപക്ഷ പാർട്ടികളും ഇന്ന് സ്വന്തം കുഴിയിൽത്തന്നെ വീണിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് തുടരാൻ ധാർമ്മിക അവകാശമില്ലെന്നും അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു.

ബി.ജെ.പിയോട് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരെ വിന്യസിച്ച് തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിച്ചുവെന്നും  വെളിപ്പെടുത്തലുകൾ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ അഭൂതപൂർവ്വമായ അഴിമതിയാണെന്നും അവർ ആരോപിച്ചു.