
കൊച്ചി: കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന് സൈനിക കോടതി തടവും പിഴയും വിധിച്ചു. ഏഴിമല നാവിക അക്കാദമിയിലെ ഐ.എൻ.എസ്. സാമോറിന്റെ മുൻ കമാൻഡിങ് ഓഫീസറായ കമഡോർ ശ്രീകുമാർ കെ. പിള്ളയ്ക്കാണ് ഏഴുവർഷം കഠിനതടവും 75 ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. തടവിനും പിഴയ്ക്കുമൊപ്പം സർവീസിൽ നിന്ന് പിരിച്ചുവിടാനും വിധിച്ചിട്ടുണ്ട്.
ഏഴിമല നാവിക അക്കാദമിയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ നടന്നുകൊണ്ടിരിക്കുന്ന കോർട്ട് മാർഷൽ നടപടികൾക്ക് ഒടുവിലാണ് ശിക്ഷ വിധിച്ചത്. സൈനിക കോടതിയുടെ വിധി നാവികസേനാ മേധാവിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. അവിടെനിന്നുള്ള ഔദ്യോഗിക അംഗീകാരം ലഭിച്ച ശേഷമായിരിക്കും ശിക്ഷാനടപടികൾ പൂർണമായി നടപ്പിലാക്കുക.
നിർമാണ പ്രവർത്തനങ്ങൾക്ക് കരാറുകാരിൽനിന്ന് പണം കൈപ്പറ്റിയെന്ന പരാതിയിൽ നാവികസേനാ ഇന്റലിജൻസ് നടത്തിയ ദീർഘനാളത്തെ നിരീക്ഷണത്തിനൊടുവിലാണ് ശ്രീകുമാർ പിള്ളയെ അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങൽ, അനധികൃത സ്വത്തുസമ്പാദനം, കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങി ഒട്ടേറെ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്.
ഇദ്ദേഹവുമായി ബന്ധപ്പെട്ട് ഒന്നരക്കോടിയോളം രൂപയുടെ അനധികൃത ഇടപാടുകൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റിയൽ എസ്റ്റേറ്റ്, സ്വർണം, ബാങ്ക് വായ്പ തിരിച്ചടവുകൾ തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ഇന്റലിജൻസ് വിഭാഗം ശ്രീകുമാറിനെതിരായ തെളിവുകൾ ശേഖരിച്ചത്.
കേസിലെ പ്രധാന സാക്ഷിയായ ഏഴിമല നേവൽ അക്കാദമിയിൽ ഹോട്ടൽ നടത്തുന്ന വ്യക്തിയെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമിച്ചതായും ശ്രീകുമാറിനെതിരേ പരാതിയുണ്ടായിരുന്നു. സാക്ഷിമൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ടായിരുന്നു.
Content Highlights: Commodore Sreekumar K. Pillai sentenced to 7 years rigorous imprisonment and Rs 75 lakh fine., Convicted by a military court at Ezhimala Naval Academy following court-martial proceedings., Faces dismissal from service along with imprisonment and additional jail time if fine is unpaid., Found guilty of accepting bribes from contractors, disproportionate assets, and intimidating witnesses.
Published: 19 Aug 2026, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented