ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വീണ്ടും തിരിച്ചടി. തൃണമൂൽ എംപിയും നടിയുമായ കോയൽ മല്ലിക് തന്റെ രാജ്യസഭാംഗത്വം രാജി വെച്ചു. പാർട്ടി തന്നെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തു മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് അപ്രതീക്ഷിത രാജി. രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അവർ രാജിക്കത്ത് കൈമാറി. ഏപ്രിൽ 6-നാണ് കോയൽ മല്ലിക് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ജൂലൈ 20-ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഈ രാജിയെന്നത് തൃണമൂലിന് വലിയ തലവേദനയാകുന്നുണ്ട്. തന്റെ അംഗത്വം അടിയന്തര പ്രാധാന്യത്തോടെ റദ്ദാക്കണമെന്ന് അവർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസിൽ നിന്ന് അടുത്തിടെയുണ്ടായ നാലാമത്തെ രാജിയാണിത്. ഇതിനുമുമ്പ് സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ്, പ്രകാശ് ചിക് ബരായ്ക് എന്നീ മൂന്ന് രാജ്യസഭാ എം.പിമാർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇവർ ബംഗാളിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിനായി കഴിഞ്ഞ തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂലിൽ കടുത്ത ആഭ്യന്തര കലഹങ്ങൾ നിലനിൽക്കുകയാണ്. ലോക്‌സഭയിലെ തൃണമൂലിന്റെ 20 എം.പിമാർ നേരത്തെ തന്നെ നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയുമായി ലയിച്ചിരുന്നു. ഇവർ എൻഡിഎയുടെ ഭാഗമാകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിക്കിടെയാണ് മുതിർന്ന നേതാക്കൾ ഒന്നൊന്നായി പാർട്ടി വിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ പാർട്ടിയിലുണ്ടായ ആഭ്യന്തര കലഹത്തെ തുടർന്ന് ഭൂരിഭാഗം എംഎൽഎമാരും സമാന്തര സംഘടനയായി മാറി. ഇതിന് പിന്നാലെയാണ് രാജ്യസഭയിലും ലോക്‌സഭയിലും മമതയ്ക്ക് തിരിച്ചടിയുണ്ടാകുന്നത്. ഇതിന്റെ തുടർച്ചയാണ് കോയൽ മല്ലിക്കിന്റെ രാജി.
കോയൽ മല്ലിക്ക് രാജിവെച്ചതോടെ രാജ്യസഭയിലെ തൃണമൂലിന്റെ അംഗബലം വീണ്ടും കുറഞ്ഞു. പ്രധാനപ്പെട്ട ബില്ലുകളിൽ വോട്ടെടുപ്പ് നടക്കുമ്പോൾ ഇത് പ്രതിപക്ഷത്തിന്റെ കരുത്ത് ചോർത്താൻ കാരണമാകും. തൃണമൂലിൽ ഉണ്ടായ ഈ പിളർപ്പും രാജി പരമ്പരകളും മണ്ഡലപുനർനിർണ്ണയ ബില്ല് ഉൾപ്പെടെയുള്ള നിർണ്ണായക നീക്കങ്ങളിൽ സർക്കാരിന് അനുകൂലമായ സാഹചര്യം ഒരുക്കിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
Content Highlights: Koel Mallick resigns from Rajya Sabha months after taking oath., Fourth high-profile resignation from TMC within a short period., Internal party conflicts and defections weakening TMC's legislative strength., Potential impact on crucial legislative bills like the Delimitation Bill., TMC's declining influence in both Lok Sabha and Rajya Sabha.
Published: 16 Jul 2026, 06:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented