കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിൽ നാടകീയരംഗങ്ങൾ. ടിഎംസി വിമത എംഎൽഎയും ചീഫ് വിപ്പുമായ ഷേഖ് അഖ്‌റുസ്മാന്റെ പ്രസംഗം തടസ്സപ്പെടുത്തിയ ടിഎംസി എംഎൽഎ കുനാൽ ഘോഷിനെ ഇന്നത്തേക്ക് സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ഹോം ആൻഡ് ഹിൽ അഫയേഴ്‌സ് വകുപ്പുമായി ബന്ധപ്പെട്ട ബജറ്റ് ചർച്ചയ്ക്കിടെയായിരുന്നു സംഭവം. മമതാ ബാനർജിയുടെ അടുത്ത അനുയായിയാണ് കുനാൽ.

To advertise here,

അഖ്‌റുസ്മാൻ സംസാരിക്കാൻ എഴുന്നേറ്റതിന് പിന്നാലെ ആയിരുന്നു സംഭവവികാസങ്ങൾ. കുനാൽ, സ്വന്തം സീറ്റിൽനിന്ന് എഴുന്നേറ്റ് അഖ്‌റുസ്മാന്റെ മൈക്കിന് മുന്നിൽചെന്ന് നിൽക്കുകയും അദ്ദേഹത്തിന്റെ സംസാരം തടസ്സപ്പെടുത്തുംവിധത്തിൽ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

മുദ്രാവാക്യംവിളി നിർത്താൻ സ്പീക്കർ പലവട്ടം ആവശ്യപ്പെട്ടുവെങ്കിലും കുനാൽ അത് അനുസരിക്കാൻ തയ്യാറായില്ല. തുടർന്ന് അദ്ദേഹത്തെ നീക്കംചെയ്യാൻ മാർഷൽമാർക്ക് സ്പീക്കർ നിർദേശം നൽകി. പിന്നാലെ കുനാലിനെ മാർഷൽമാർ ബലംപ്രയോഗിച്ച് സഭയിൽനിന്ന് പുറത്താക്കി. ഈ ദിവസത്തെ തുടർനടപടികളിൽ പങ്കെടുക്കുന്നതിൽനിന്ന് കുനാലിനെ സ്പീക്കർ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പ്രതികരണം.

അതേസമയം, ചർച്ചയിൽ സംസാരിക്കാനുള്ളവരുടെ പട്ടികയിൽനിന്ന് തന്റെ പേര് മനഃപൂർവം ഒഴിവാക്കപ്പെട്ടുവെന്ന് കുനാൽ ആരോപിച്ചു. അതേത്തുടർന്നാണ് പ്രതിഷേധിച്ചതെന്നാണ് കുനാലിന്റെ പ്രതികരണം.