
കൊൽക്കത്ത: ഐ-പാക് റെയ്ഡുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഐ-പാക്കിലെ ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വെള്ളിയാഴ്ച കൊൽക്കത്തയിൽ റാലി സംഘടിപ്പിച്ചു. കൊൽക്കത്തയിലെ ജാദവ്പുരിൽനിന്ന് ഹസ്ര ക്രോസിങ് വരെയാണ് മമതയും പാർട്ടിപ്രവർത്തകരും കൂറ്റൻ പ്രതിഷേധറാലി സംഘടിപ്പിച്ചത്.
ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ബിജെപിയുടെ ആവശ്യമെന്നും അതിനായി അവർ സാധ്യമായ എല്ലാമാർഗങ്ങളും ഉപയോഗിക്കുകയാണെന്നും മമതാ ബാനർജി ആരോപിച്ചു. അതേസമയം, മമതാ ബാനർജിക്കെതിരേ ബിജെപിയും രംഗത്തെത്തി. തൃണമൂലും മമതാ ബാനർജിയും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. ഇഡി ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് മമതയെ പ്രതിയാക്കി കേസെടുക്കണം. മമതാ ബാനർജിയുടെ കഴിഞ്ഞദിവസത്തെ കിരാതമായ നടപടിക്കളെക്കുറിച്ച് ദുരൂഹതകളുണ്ട്. അവരെയും അവരുടെ പാർട്ടിയെയും കുരുക്കിലാക്കുന്ന എന്തോ ഒളിപ്പിക്കാനാണ് മമതയുടെ ശ്രമമെന്നും ബിജെപി നേതാവ് ആരോപിച്ചു.
അതിനിടെ, ഐ-പാക് റെയ്ഡുമായി ബന്ധപ്പെട്ട ഹർജികൾ കൽക്കട്ട ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിച്ചില്ല. ഹർജികൾ പരിഗണിക്കാനിരിക്കെ ഹൈക്കോടതിയിൽ നാടകീയരംഗങ്ങളും അരങ്ങേറി. കോടതിമുറിയിലെ നിയന്ത്രണാതീതമായ ജനത്തിരക്ക് ചൂണ്ടിക്കാട്ടി ഹർജികൾ പരിഗണിക്കേണ്ടിയിരുന്ന ജസ്റ്റിസ് സുവ്രഘോഷ് കോടതിമുറിയിൽനിന്ന് ഇറങ്ങിപ്പോയി. ഇതോടെയാണ് വെള്ളിയാഴ്ച ഹർജികൾ പരിഗണിക്കാതിരുന്നത്. ഇനി ബുധനാഴ്ചയാകും ഐ-പാക് റെയ്ഡുമായി ബന്ധപ്പെട്ട ഹർജികൾ കൽക്കട്ട ഹൈക്കോടതി പരിഗണിക്കുക.
തൃണമൂൽ കോൺഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കൺസൾട്ടൻസിയാണ് ഐ-പാക്ക്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻസുരാജ് പാർട്ടി നേതാവുമായ പ്രശാന്ത് കിശോറാണ് ഐ-പാക്കിന്റെ സ്ഥാപകൻ. കഴിഞ്ഞദിവസമാണ് കൊൽക്കത്തയിലെ ഐ-പാക് ഓഫീസിലും ഐ-പാക് ഡയറക്ടർ പ്രതിക് ജയിനിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയത്. എന്നാൽ, റെയ്ഡ് വിവരമറിഞ്ഞ് മുഖ്യമന്ത്രി മമത ബാനർജി പോലീസുമായി ഇവിടേക്ക് കുതിച്ചെത്തി. തുടർന്ന് ലാപ്‌ടോപ്പുകളും ഫയലുകളുമായാണ് മമത ഇവിടെനിന്ന് മടങ്ങിയത്.
കോടിക്കണക്കിന് രൂപയുടെ കൽക്കരി കുംഭകോണക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി. റെയ്ഡിനെത്തിയത്. സാൾട്ട് ലെയ്കിലെ ഐപാക് ഓഫീസ് കൂടാതെ ഡയറക്ടർ പ്രതിക് ജെയിനിന്റെ ലൗഡൻ സ്ട്രീറ്റിലെ വീട്ടിലും ഡൽഹിയിലുമടക്കം 10 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. വ്യാഴാഴ്ച രാവിലെ ഏഴിനുതുടങ്ങിയ റെയ്ഡിന് അർധ സൈനികരുടെ സുരക്ഷയും ഏർപ്പെടുത്തി. ഐപാകിന്റെ സഹസ്ഥാപകനായ പ്രതിക് ജെയിനിനെതിരായി കൽക്കരി കുംഭകോണക്കേസിൽ തെളിവുള്ളതിനാലാണ് റെയ്ഡെന്ന് ഇ.ഡി. വൃത്തങ്ങൾ പറഞ്ഞു.
2020 നവംബറിൽ സിബിഐ രജിസ്റ്റർചെയ്ത എഫ്‌ഐആർ അടിസ്ഥാനമാക്കിയാണ് കേസ്. ബംഗാളിലെ അസൻസോളിനോട് ചേർന്ന കുനുസ്‌ടോറിയ, കജോറ മേഖലകളിലെ ഈസ്റ്റേൺ കോൾഫീൽഡ്സ് ഖനികളിൽ നിന്നുള്ള കൽക്കരി കടത്താണ് അന്വേഷണ വിഷയം. കൽക്കരി വ്യാപാരി അനൂപ് മാജി (ലാല)യാണ് കേസിലെ മുഖ്യ പ്രതി. തൃണമൂൽ കോൺഗ്രസ് എംപിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ ഈ കേസിൽ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
ഇ.ഡി റെയ്ഡ് രാഷ്ട്രീയപ്രേരിതവും ഭരണഘടനാവിരുദ്ധവുമാണെന്നാണ് മമതാ ബാനർജിയുടെ ആരോപണം. ''ഞങ്ങളുടെ ഐടി ചീഫിന്റെ വീട്ടിലാണ് റെയ്ഡ്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥികളുടെ വിവരങ്ങളടങ്ങിയ പാർട്ടി രേഖകളും ഹാർഡ് ഡിസ്‌കുകളും അവർ പിടിച്ചെടുത്തു. അവ ഞാൻ തിരികെ കൊണ്ടുവന്നു'' -മമത പറഞ്ഞു.
പാർട്ടിയുടെ ഹാർഡ് ഡിസ്‌കുകൾ, മൊബൈൽ ഫോണുകൾ, സ്ഥാനാർഥിപ്പട്ടികകൾ, ആഭ്യന്തരതന്ത്ര രേഖകൾ എന്നിവ പിടിച്ചെടുക്കാൻ ശ്രമിച്ചതായി മമത ആരോപിച്ചു. ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഡേറ്റ ശേഖരിക്കലാണോ ഇ.ഡി.യുടെ ചുമതല എന്നും അവർ ചോദിച്ചു. തന്റെ വീട്ടിൽനിന്ന് പ്രധാന രേഖകൾ മോഷ്ടിച്ചെന്നാരോപിച്ച് പ്രതിക് ജെയിനും ഇ.ഡി.ക്കെതിരേ പോലീസിൽ പരാതി നൽകി. ഇതിനുപിന്നാലെയാണ് ഇഡിയും തൃണമൂൽ കോൺഗ്രസും വിവിധ ഹർജികളുമായി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്.
റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് മുഖ്യമന്ത്രി മമതാ ബാനർജി തന്റെ ഭരണാഘടനപദവി ദുരുപയോഗംചെയ്‌തെന്നാണ് ഇഡിയുടെ ഹർജിയിലെ ആരോപണം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും സിബിഐ അന്വേഷണം വേണമെന്നും ഇഡി ആവശ്യപ്പെട്ടു. അതേസമയം, ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ബന്ധപ്പെട്ട രേഖകൾ കൈക്കലാക്കാനാണ് ഇഡി റെയ്ഡ് നടത്തിയതെന്നാണ് തൃണമൂൽ കോൺഗ്രസ് ഹർജിയിൽ ആരോപിക്കുന്നത്. ഈ രേഖകൾ ബിജെപിക്ക് കൈമാറാനാണെന്നും ഹർജിയിൽ പറയുന്നു.
2013-ലാണ് പ്രശാന്ത് കിഷോർ ഐപാക് സ്ഥാപിച്ചത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കായി തിരഞ്ഞെടുപ്പുതന്ത്രം മെനഞ്ഞു. പിന്നീട് നിതീഷ് കുമാർ, മമതാ ബാനർജി, എം.കെ. സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ, വൈ.എസ്. ജഗൻമോഹൻ റെഡ്ഡി എന്നിവർക്കുവേണ്ടിയും പ്രവർത്തിച്ചു.
Content Highlights: Trinamool Congress and BJP clash over ED raid on I-PAC in Kolkata. Mamata Banerjee leads protest rally. BJP alleges corruption. Legal battles ensue in Calcutta High Court.
Published: 09 Jan 2026, 06:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented