ന്യൂഡൽഹി: ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ (ഖുശിയോ കി ഈദ്) എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ബി.ജെ.പി. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ് വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കോൺഗ്രസ് ഒരു ‘ഹിന്ദുവിരുദ്ധ, സനാതന വിരുദ്ധ’ പാർട്ടിയാണെന്ന് ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

To advertise here,

നവംബർ ഏഴിന് ദീപാവലി ആശംസകൾ നേരുന്നതിനിടെയാണ് മല്ലികാർജുൻ ഖാർഗെ ഈ പരാമർശം നടത്തിയത്. ‘എല്ലാവർക്കും ഞാൻ ദീപാവലി ആശംസകൾ നേരുന്നു. സന്തോഷത്തിന്റെ ഈദ് എന്ന നിലയിലാണ് പലരും ഇത് ആഘോഷിക്കുന്നത്. ഈ ഉത്സവവേളയിൽ എന്റെ എല്ലാ ഭാരതീയർക്കും ആശംസകൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’, മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സമാധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും രാജ്യത്തെ സംരക്ഷിക്കാനും ദേശീയ ഐക്യം വളർത്താനും നമുക്കെല്ലാവർക്കും പൂർണമനസ്സോടെ പ്രവർത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖാർഗെയുടെ പരാമർശത്തിന് പിന്നാലെ ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. സോണിയ ഗാന്ധിയുടെ ബാബ്‌റി പരാമർശങ്ങളെ ചൂണ്ടിക്കാട്ടിയ ഭണ്ഡാരി, കോൺഗ്രസ് ഹിന്ദുവിരുദ്ധ പാർട്ടിയാണെന്ന് ആരോപിച്ചു. ‘കോൺഗ്രസ് സനാതന വിരുദ്ധവും ഹിന്ദുവിരുദ്ധവുമായ പാർട്ടിയാണ്. അതുകൊണ്ടാണ് മല്ലികാർജുൻ ഖാർഗെ ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിളിച്ചത്. ഇത് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേവല വോട്ട് ബാങ്ക് രാഷ്ട്രീയമാണ്’, ഭണ്ഡാരി കുറിച്ചു.

മറ്റൊരു ബി.ജെ.പി വക്താവായ സി.ആർ. കേശവനും ഖാർഗെയുടെ സന്ദേശത്തിനെതിരെ രംഗത്തെത്തി. ഖാർഗെയുടെ ദീപാവലി സന്ദേശം കോടിക്കണക്കിന് ഹിന്ദുഭക്തരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിഷലിപ്തമായ വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയത്തിനായി ഹിന്ദുക്കളുടെ വിശ്വാസത്തെ അധിക്ഷേപിക്കാൻ കോൺഗ്രസ് മടിക്കില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കേശവൻ ആരോപിച്ചു.