ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസുകളിലും റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ബാങ്ക് തട്ടിപ്പ് കേസിലുമാണ് നടപടി. രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഒരു ഓഫീസ് കെട്ടിടം എന്നിവ കണ്ടുകെട്ടിയ ആസ്തികളിൽ ഉൾപ്പെടുന്നു. ബാങ്ക് നിക്ഷേപങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ, സ്ഥാവര സ്വത്തുക്കൾ, ലഭിക്കാനുള്ള പണം, നിക്ഷേപങ്ങൾ എന്നിവയും നടപടിയുടെ ഭാഗമായിട്ടുണ്ട്.

To advertise here,

റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ 263.05 കോടി രൂപയുടെ ആസ്തികളാണ് ഇ.ഡി കണ്ടുകെട്ടിയത്. തമിഴ്നാട്ടിലെ രണ്ട് കാറ്റാടിയന്ത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെടുന്നു. റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ 247.12 കോടി രൂപയുടെ ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്. രണ്ട് കേസുകളിലുമായി കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം 510 കോടി രൂപയിലേറെയാണ്. ഇതോടെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ), വിദേശനാണയ വിനിമയ നിയന്ത്രണ നിയമം (ഫെമ) എന്നിവ പ്രകാരം റിലയൻസ് അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം 23,100 കോടി രൂപയായി.

സിബിഐ ഡൽഹി, ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവ രജിസ്റ്റർ ചെയ്ത വിവിധ കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഫെമ നിയമപ്രകാരം രണ്ട് കേസുകളും ഇ.ഡി അന്വേഷിച്ചിട്ടുണ്ട്. റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, റിലയൻസ് പവർ ലിമിറ്റഡ്, റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡ് എന്നീ കമ്പനികളാണ് അന്വേഷണ പരിധിയിലുള്ളതെന്ന് ഇ.ഡി അറിയിച്ചു.

ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും പൊതുപണം വകമാറ്റിയെന്നാണ് അനിൽ അംബാനി ഗ്രൂപ്പിനെതിരായ ഇ.ഡിയുടെ ആരോപണം. വ്യക്തിപരമായ ആവശ്യങ്ങൾക്കായി കമ്പനികളുടെ ആസ്തികൾ സംരക്ഷിക്കുന്നതിന് പാപ്പരത്ത നടപടികളുമായി ബന്ധപ്പെട്ട നിയമം ദുരുപയോഗം ചെയ്‌തെന്നും ഇന്ത്യയിലെ പൊതുപണം 'ടാക്‌സ് ഹെവൻ' ആയ വിദേശരാജ്യങ്ങളിലേക്ക് മാറ്റിയെന്നും ഇ.ഡി ആരോപിച്ചു. ഇതിൽ വലിയൊരു ഭാഗം പ്രമോട്ടർമാരുടെയും കുടുംബാംഗങ്ങളുടെയും വ്യക്തിപരമായ നേട്ടത്തിനായി ഉപയോഗിച്ചെന്നും ഇ.ഡി പറയുന്നു.

ഈ കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ പത്തുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ആറ് പരാതികളും ഫെമ നിയമപ്രകാരം ഒരു പരാതിയുമാണുള്ളത്. ഓഗസ്റ്റിൽ റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിനും മുൻ ചെയർമാൻ അനിൽ അംബാനിക്കുമെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് കൈകാര്യം ചെയ്യുന്ന ഇപിഎഫ്ഒയ്ക്ക് 1,816.22 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.

എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ അനിൽ അംബാനി നിഷേധിച്ചിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. 2005 മുതൽ 2021 നവംബർ വരെ അനിൽ അംബാനി കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ/ബോർഡ് ചെയർമാനായി പ്രവർത്തിച്ചിരുന്നു. 2021 നവംബറിൽ റിസർവ് ബാങ്ക് കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ അധികാരം ഏറ്റെടുത്ത് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചതോടെ അദ്ദേഹത്തിന്റെ ചുമതല അവസാനിച്ചെന്നും വക്താവ് അറിയിച്ചു. താൻ ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും നിയമപരമായി ലഭ്യമായ എല്ലാ അവകാശങ്ങളും നിലനിർത്തുന്നുവെന്നും അനിൽ അംബാനി വ്യക്തമാക്കിയിട്ടുണ്ട്.