ന്യൂഡൽഹി:രാജ്യത്തെ മുഖ്യ പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിന് ലഭിക്കുന്ന വൻകിട സംഭാവനകളിൽ കനത്ത ഇടിവ്. സംഭാവന 75 ശതമാനത്തോളം കുറഞ്ഞ് 130.69 കോടി രൂപയായി ചുരുങ്ങി. 20,000 രൂപയ്ക്കു മുകളിലുള്ള സംഭാവനകളിൽ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവാണ് 2025-26 സാമ്പത്തികവർഷത്തിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മഷന് സമർപ്പിച്ച ഏറ്റവും പുതിയ സംഭാവനാ റിപ്പോർട്ടിലാണ് ഈ കണക്കുകൾ.

To advertise here,

2024-25 സാമ്പത്തികവർഷത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന പശ്ചാത്തലത്തിൽ 517.39 കോടി രൂപയായിരുന്നു കോൺഗ്രസിന് ലഭിച്ചത്. അതിൽനിന്ന് ഒറ്റയടിക്ക് 386.7 കോടിയോളം രൂപയുടെ കുറവാണ് ഇത്തവണയുള്ളത്. കഴിഞ്ഞ 12 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 2015-16 കാലത്തിനുശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഇടിവാണിത്. അന്ന് 86 ശതമാനത്തോളമായിരുന്നു കുറവുണ്ടായത്. കോവിഡ് കാലത്തും കുറഞ്ഞതുകയാണ് കിട്ടിയത്.

വൻകിട ഫണ്ടിങ് ഏജൻസിയായ 'പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ്' നൽകിയ തുകയിലുണ്ടായ ഗണ്യമായ കുറവാണ് തിരിച്ചടിയായത്. 2024-25 കാലത്ത് 216.34 കോടി രൂപ നൽകിയ ട്രസ്റ്റ്, 2025-26 കാലത്ത് 25 കോടി രൂപ മാത്രമാണ് നൽകിയത്. 88 ശതമാനത്തിന്റെ ഇടിവ്. ഇത്തവണത്തെ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ള ഒരേയൊരു ഇലക്ടറൽ ട്രസ്റ്റും പ്രൂഡന്റ് മാത്രമാണ്. സ്റ്റാർ സിമന്റ്-അഞ്ചു കോടി, സജ്ജൻ ഭജങ്ക-നാലുകോടി, പ്രേംകുമാർ ഭജങ്ക-രണ്ടു കോടി എന്നിങ്ങനെ നൽകിയിട്ടുണ്ട്.

ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള വരുമാനംകൂടി പരിഗണിച്ചാൽ 2020-21-നുശേഷമുള്ള കോൺഗ്രസിന്റെ ഏറ്റവും കുറഞ്ഞ സംഭാവനയാണിത്. 20,000 രൂപയിൽ താഴെയുള്ള ചെറിയ സംഭാവനകൾ, പാർട്ടി അംഗത്വ ഫീസ്, കൂപ്പൺ വിൽപ്പന, ബാങ്ക് പലിശ എന്നിവയിലൂടെയുള്ള തുക ഇതിലില്ല. ഓഡിറ്റ് റിപ്പോർട്ടുകളിലാണ് അത് ഉൾപ്പെടുക. 2024-25-ൽ കൂപ്പൺ വിൽപ്പനയിലൂടെ മാത്രം 350.12 കോടി രൂപ പാർട്ടിക്ക് ലഭിച്ചിരുന്നു. പൂർണമായ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ യഥാർഥ സാമ്പത്തികസ്ഥിതി വ്യക്തമാകൂ.

ബി.ജെ.പി. ബഹുദൂരം മുന്നിൽ

കഴിഞ്ഞ 12 സാമ്പത്തികവർഷങ്ങളിലെയും കണക്കിൽ ബി.ജെ.പി. തന്നെയാണ് ഫണ്ടുശേഖരണത്തിൽ ബഹുദൂരം മുന്നിൽ. 2024-25 സാമ്പത്തികവർഷത്തിൽ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവന 6,074.02 കോടിയാണ്. കോൺഗ്രസ് സമാഹരിച്ചതുകയുടെ 12 ഇരട്ടി. എന്നാൽ, ബി.ജെ.പി.യുടെ 2025-26 വർഷത്തെ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.