ചെന്നൈ: തമിഴ്‌നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ യുവാക്കൾ കൂട്ടംചേർന്ന് പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച് കൊലപ്പെടുത്തി. റോഡ് തടസ്സപ്പെടുത്തി പടക്കം പൊട്ടിക്കുകയും സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുകയും ചോദ്യംചെയ്തതിനെ തുടർന്നാണ് യുവാക്കൾ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ടോടെ തേനി ജില്ലയിലെ സമധർമ്മപുരത്താണ് ദീപാവലി ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ യുവാക്കളുടെ സംഘത്തിന്റെ മർദ്ദനമേറ്റ് സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സെന്തിൽ കുമാർ കൊല്ലപ്പെട്ടത്.

To advertise here,

തമിഴ്നാട്ടിലെ ക്രമസമാധാന നിലയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്ന സംഭവത്തിൽ, റോഡിലെ ദീപാവലി ആഘോഷത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് യുവാക്കളുടെ സംഘം പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ചത്. ദീപാവലി ദിവസമായ ഞായറാഴ്ച ഒരുകൂട്ടം യുവാക്കൾ ചേർന്ന് സ്ഥലത്തെ പൊതുവഴി തടഞ്ഞ് നടുറോഡിൽവെച്ച് പടക്കം പൊട്ടിക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്തു. ഈ സമയത്താണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെന്തിൽ ഇവിടെയെത്തിയത്.

പൊതുവഴി തടഞ്ഞുള്ള ഈ പ്രവൃത്തിയെ ചോദ്യംചെയ്തതോടെ യുവാക്കളും പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ വാക്കുതർക്കമാവുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. തുടർന്ന് സംഘാംഗങ്ങൾ അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. യുവാക്കൾ മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സെന്തിൽ കുമാറിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും, അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തേനി എസ്പി പ്രവീൺ ഗൗതം അറിയിച്ചു. അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവങ്ങളുടെ ക്രമം മനസ്സിലാക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം പാലിക്കുന്നതിനുമായി സമധർമ്മപുരത്ത് രാത്രിയിലുടനീളം കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് വലിയ ഞെട്ടലിനും സുരക്ഷാ ആശങ്കകൾക്കും കാരണമായിട്ടുണ്ട്. തേനി ജില്ലയിലെ തെക്കമ്പട്ടി ജയിലിൽ ഒക്ടോബർ 26-ന് ജയിൽ ജീവനക്കാരെ ആക്രമിച്ച് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ട വലിയ സുരക്ഷാവീഴ്ച ഉണ്ടായി രണ്ടാഴ്ച തികയുന്നതിന് മുൻപാണ് ഈ സംഭവം നടക്കുന്നത്.

രക്ഷപ്പെട്ട 17 പേരെയും പിന്നീട് തിരികെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് ജയിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും, സുരക്ഷാ വീഴ്ചകൾ പരിശോധിച്ച് നടപടികൾ നിർദ്ദേശിക്കാൻ സംസ്ഥാന സർക്കാർ വിരമിച്ച ഡിജിപി ജെ.കെ. ത്രിപാഠിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.