ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി.) സൂപ്പർ പോലീസല്ലെന്ന് കർണാടക ഹൈക്കോടതി. പ്രാഥമിക നിയമനിർവഹണ ഏജൻസി രജിസ്റ്റർചെയ്ത കേസിന്റെ അടിസ്ഥാനത്തിലല്ലാതെ സ്വന്തംനിലയിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഇ.ഡി.ക്ക്‌ അധികാരമില്ലെന്നും വ്യക്തമാക്കി. കർണാടകത്തിലെ കോൺഗ്രസ് എം.എൽ.എ. കെ.വൈ. നഞ്ചേഗൗഡയ്ക്ക് എതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കിയ ജസ്റ്റിസ് എം.ഐ. അരുണാണ് അധികാരപരിധി ലംഘിക്കരുതെന്ന് ഇ.ഡി.ക്ക്‌ മുന്നറിയിപ്പുനൽകിയത്.

To advertise here,

കോലാർ-ചിക്കബല്ലാപുര ജില്ലാ ക്ഷീരോത്പാദ സഹകരണ സംഘത്തിലെ നിയമനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചായിരുന്നു ഇ.ഡി. എം.എൽ.എ.യ്ക്കും മറ്റു ചിലർക്കുമെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എം.എൽ.എ. ഉൾപ്പെട്ട സ്ഥലംകൈമാറ്റ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ തെളിവുകൾ ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സഹകരണസംഘം അഴിമതിയിലും കേസെടുത്തത്. എന്നാൽ, ഇത്തരത്തിൽ നേരിട്ട് കേസെടുക്കാൻ ഇ.ഡി.ക്ക്‌ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി എം.എൽ.എ.യും മറ്റ് പ്രതികളും കോടതിയെ സമീപിക്കുകയായിരുന്നു.

മറ്റൊരു ഏജൻസി രജിസ്റ്റർചെയ്ത കേസിന്റെ അടിസ്ഥാനത്തിലല്ലാതെ ഇ.ഡി.ക്ക്‌ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കാൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു അന്വേഷണത്തിനിടെ മറ്റൊരു അഴിമതി കണ്ടെത്തിയാൽ ഇതിൽ കേസെടുക്കാൻ ബന്ധപ്പെട്ട അന്വേഷണ ഏജൻസിക്ക്‌ നിർദേശം നൽകാൻമാത്രമേ ഇ.ഡി.ക്ക്‌ അധികാരമുള്ളൂവെന്നും വിശദീകരിച്ച കോടതി കേസ് റദ്ദാക്കുകയായിരുന്നു.