ന്യൂഡല്‍ഹി: സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി രാജ്യസഭാ എം.പി. സ്വാതി മലിവാള്‍. തനിക്കെതിരെ മോശം പ്രചാരണം നടത്താന്‍ വിവിധ നേതാക്കള്‍ക്കുമേല്‍ സമ്മര്‍ദമുണ്ടെന്നും അവര്‍ എക്‌സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പില്‍ ആരോപിച്ചു.
ഇന്നലെ ഒരു മുതിര്‍ന്ന നേതാവ് തന്നെ വിളിച്ചു. സ്വാതിക്കെതിരെ മോശം കാര്യങ്ങള്‍ പറയാന്‍ എല്ലാവര്‍ക്കുംമേല്‍ സമ്മര്‍ദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് തകര്‍ക്കണമെന്നാണ് അവരുടെ ഉദ്ദേശം. തന്നെ പിന്തുണയ്ക്കുന്ന എല്ലാവരേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നാണ് പറയുന്നതെന്നും അവര്‍ എക്‌സില്‍ കുറിച്ചു.
ചിലര്‍ക്ക് വാര്‍ത്താസമ്മേളനം വിളിക്കാനുള്ള ചുമതലയാണ് നല്‍കിയിരിക്കുന്നത്. മറ്റുചിലര്‍ ട്വീറ്റ് ചെയ്യുന്നു. അമേരിക്കയിലുള്ള പ്രവര്‍ത്തകരെ ബന്ധപ്പെട്ട് തനിക്കെതിരെ എന്തെങ്കിലും പുറത്തുകൊണ്ടുവരാനാണ് മറ്റുള്ളവര്‍ക്ക് നല്‍കിയ ചുമതല. ആരോപിതനോട് അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് തനിക്കെതിരെ ഒളിക്യാമറ ഓപ്പറേഷനും ശ്രമം നടത്തുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
'നിങ്ങള്‍ക്ക് ആയിരം പേരുടെ സൈന്യമുണ്ടാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, അവരെ ഞാന്‍ തനിച്ച് നേരിടും. കാരണം സത്യം എനിക്കൊപ്പമാണ്', സ്വാതി അവകാശപ്പെട്ടു.
അവരോട് തനിക്ക് വിദ്വേഷമില്ല. കുറ്റാരോപിതന്‍ സ്വാധീനമുള്ള ആളാണ്. ഏറ്റവും വലിയ നേതാവിന് പോലും അയാളെ ഭയമാണ്. ആര്‍ക്കും അയാള്‍ക്കെതിരെ നിലപാടെടുക്കാന്‍ ധൈര്യമില്ല. ആരില്‍നിന്നും താനൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരു വനിതാ മന്ത്രി ചിരിച്ചുകൊണ്ട് പഴയ സഹപ്രവര്‍ത്തകയുടെ സ്വഭാവത്തെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ വിഷമമുണ്ട്. ആത്മാഭിമാനത്തിന് വേണ്ടിയാണ് ഈ പോരാട്ടം തുടങ്ങിയത്, നീതി ലഭിക്കുന്നതുവരെ അത് തുടരും. ഈ പോരാട്ടത്തില്‍ തീര്‍ത്തും ഒറ്റയ്ക്കാണ്, പക്ഷേ പിന്നോട്ടുപോകില്ലെന്നും സ്വാതി മലിവാള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കസ്റ്റഡിയിലുള്ള ബിഭവ് കുമാറിനെ ഡല്‍ഹി പോലീസ് മുംബൈയില്‍നിന്ന് തിരിച്ചെത്തിച്ചു. ഐഫോണില്‍നിന്ന് ഡാറ്റ റിക്കവറി ചെയ്യാന്‍ ബിഭവിനെ മുംബൈയിലേക്ക് കൊണ്ടുപോയിരുന്നു. നിലവില്‍ ബിഭവ് അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ ഫോണ്‍, ലാപ്‌ടോപ്, കെജ്‌രിവാളിന്റെ വസതിയില്‍നിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ എന്നിവ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു.
Content Highlights: Plot to prepare fake sting operations, leak my personal photos, claims Swati Maliwal
Published: 22 May 2024, 01:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented