ന്യൂഡൽഹി: ഡൽഹിയിലെ ഭരണനഷ്ടത്തിന് പിന്നാലെ ആം ആദ്മി പാർട്ടിക്ക് (എ.എ.പി) ലഭിക്കുന്ന സംഭാവനകളിൽ വൻ ഇടിവ്. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ 2025-26 സാമ്പത്തിക വർഷത്തിൽ പാർട്ടിക്ക് ലഭിച്ച ആകെ വെളിപ്പെടുത്തിയ സംഭാവന തുകയിൽ 68 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

To advertise here,

കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച 38.10 കോടി രൂപയിൽനിന്ന് ഇത്തവണ സംഭാവന തുക 12.10 കോടി രൂപയായി ചുരുങ്ങി. മുൻപ് 2023-24 സാമ്പത്തിക വർഷത്തിൽ 11.06 കോടി രൂപയായിരുന്ന സംഭാവന തുക 2024-25-ൽ 38.10 കോടി രൂപയായി ഉയർന്ന ശേഷമാണ് 2025-26-ൽ 12.10 കോടി രൂപയിലേക്ക് കുത്തനെ ഇടിഞ്ഞത്.

2025 ഫെബ്രുവരിയിൽ ഡൽഹിയിലെ ഭരണം നഷ്ടപ്പെട്ട ശേഷമുള്ള പാർട്ടിയുടെ ആദ്യത്തെ സമ്പൂർണ സാമ്പത്തിക വർഷമായിരുന്നു ഇത്. പഞ്ചാബിൽ മാത്രമാണ് പാർട്ടി ഭരണത്തിൽ തുടരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച 1,202 എൻട്രികളുള്ള ദാതാക്കളുടെ പട്ടികയിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളും ഉൾപ്പെടുന്നുണ്ട്. മുൻ എ.എ.പി വക്താവും പിന്നീട് കോക്രോച്ച് ജനതാ പാർട്ടി സഹ കൺവീനറുമായി മാറിയ അശുതോഷ് റാങ്ക, ആപ്പിൽ പ്രവർത്തിച്ചിരുന്ന സമയത്ത് 21,100 രൂപ സംഭാവനയായി നൽകിയിരുന്നു.

പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ 30,000 രൂപ സംഭാവന നൽകി. ഡൽഹി മുൻ മുഖ്യമന്ത്രി ആതിഷി 42,000 രൂപയും, പഞ്ചാബ് എ.എ.പി പ്രസിഡന്റ് അമൻ അറോറ 1.20 ലക്ഷം രൂപയും പാർട്ടിക്ക് നൽകി. 2025-26 വർഷത്തിൽ ആപ്പിന് ലഭിച്ച മൊത്തം സംഭാവനയുടെ 83 ശതമാനത്തോളവും രണ്ട് പ്രമുഖ സ്ഥാപനങ്ങളിൽ നിന്നാണ് ലഭിച്ചത്.

ട്രൈഡന്റ് ലിമിറ്റഡ്, പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റ് എന്നിവർ അഞ്ച് കോടി രൂപ വീതമാണ് നൽകിയത്. എ.എ.പി മുൻ രാജ്യസഭാംഗം രാജീന്ദർ ഗുപ്ത സ്ഥാപിച്ച ട്രൈഡന്റ് ലിമിറ്റഡ് 2026 ജനുവരി ഒൻപതിലെ ചെക്ക് മുഖേനയാണ് ഈ തുക കൈമാറിയത്. ഗുപ്ത പിന്നീട് 2026 ഏപ്രിലിൽ ബി.ജെ.പിയിൽ ചേർന്നും. നിലവിൽ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗമാണ്.

രാഷ്ട്രീയ പാർട്ടികൾ സാമ്പത്തിക വർഷത്തിൽ സ്വീകരിക്കുന്ന സംഭാവനകളുടെ നിയമപരമായ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളത്.