ന്യൂഡൽഹി: 2027 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക ആം ആദ്മി പാർട്ടി (എഎപി) പുറത്തുവിട്ടതിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. അഭിപ്രായവിത്യാസത്തെത്തുടർന്ന് മൂന്ന് എംഎൽഎമാർ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. തുടർന്ന് ഇവർ തിങ്കളാഴ്ച ബിജെപിയിൽ ചേർന്നു.

To advertise here,

സനൂർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഹർമീത് സിങ് പതൻമജ്‌റ, സമന എംഎൽഎ ചേതൻ സിങ് ജോരമജ്‌റ, അമൃത്സർ നോർത്ത് എംഎൽഎ കുൻവർ വിജയ് പ്രതാപ് സിങ് എന്നിവരാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്. ഇരുവരും ഡൽഹിയിലെ ബിജെപി ആസ്ഥാനത്തുവെച്ചാണ് ബിജെപിയിൽ ചേർന്നത്.

എഎപി 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പതൻമജ്‌റയും ജോരമജ്‌റയും പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് രാജിക്കത്ത് സമർപ്പിച്ചത്. പട്ടികയിൽ പതൻമജ്‌റയും ജോരമജ്‌റയും ഉൾപ്പെട്ടിരുന്നില്ല. കൂടാതെ, ഇരുവരുടെയും മണ്ഡലങ്ങളിൽ പാർട്ടി പുതിയ ഇൻ-ചാർജുമാരെ നിയമിക്കുകയും ചെയ്തിരുന്നു. സനൂറിൽ രൺജോധ് സിങ് ഹദാനയെയും സമനയിൽ മുൻ ശിരോമണി അകാലിദൾ നേതാവ് സുർജിത് സിങ് രഖ്‌റയെയുമാണ് ചുമതലപ്പെടുത്തിയത്.

ഭഗവന്ത് മൻ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്ന ജോരമജ്‌റയെ 2024 സെപ്റ്റംബറിലെ മന്ത്രിസഭാ പുനഃസംഘടനയിലാണ് ഒഴിവാക്കിയത്. പ്രളയ നിയന്ത്രണം, വികസന ഫണ്ട് വിതരണം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ പരസ്യമായി വിമർശിച്ചിരുന്ന നേതാവാണ് പതൻമജ്‌റ. കൂടാതെ, 2025-ൽ നടന്ന ബലാത്സംഗക്കേസിൽ ഇയാൾ പ്രതിയാകുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അമൃത്സർ നോർത്തിൽനിന്നുള്ള എഎപി എംഎൽഎയും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കുൻവർ വിജയ് പ്രതാപ് സിങ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മുൻപ് പാർട്ടിയിൽനിന്ന് അഞ്ച് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യപ്പെട്ട നേതാവാണ്. എസ്എഡി നേതാവ് ബിക്രം സിങ് മജീതിയയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കേസുകളിൽ ഭഗവന്ത് മൻ സർക്കാരിന്റെ നിലപാടുകളെ ഇദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു.

അതേസമയം, പൊതുജനങ്ങളിൽനിന്നുള്ള പ്രതികരണങ്ങളുടെയും സർവേകളുടെയും അടിസ്ഥാനത്തിലാണ് സ്ഥാനാർഥികളെ തിരഞ്ഞെടുത്തതെന്നാണ് എഎപി അറിയിച്ചിട്ടുള്ളത്. ധൂരിയിൽനിന്ന് മുഖ്യമന്ത്രി ഭഗവന്ത് മനും കൊട്കപുരയിൽ നിന്ന് സ്പീക്കർ കുൽതാർ സിങ് സന്ധ്വാനും മത്സരരംഗത്തുണ്ട്.