ന്യൂഡൽഹി: ആം ആദ്മി പാർട്ടിയോടും അരവിന്ദ് കെജ്‌രിവാളിനോടും തെറ്റിപ്പിരിഞ്ഞ് എൻഡിഎ പക്ഷത്തേക്കെത്തിയത് ഏഴ് എഎപി എംപിമാർ. പക്ഷംമാറി നാലുമാസമാകുമ്പോഴേക്കും അതിലൊരാളായ സന്ദീപ് പാഠക്കിന് ദേശീയ സെക്രട്ടറി പദവി നൽകി ബിജെപിയുടെ ദേശീയ ഭാരവാഹി പുനഃസംഘടന. എഎപിയെ പഞ്ചാബിൽ വളർത്തിയ, ഭരണംനേടാൻ പ്രാപ്തനാക്കിയ സന്ദീപിലൂടെ അടുത്തകൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ പഞ്ചാബ് പിടിച്ചെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് വ്യക്തം.
എൻഡിഎയിലേക്കെത്തിയ രാഘവ് ഛദ്ദ അടക്കമുള്ള ഏഴ് എഎപി എംപിമാരിൽ, ബിജെപിയുടെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് എത്താൻ സന്ദീപിന് തുണയായത് അദ്ദേഹത്തിന്റെ സംഘടനാപാടവമാണ്. 2022-ൽ എഎപിയുടെ പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്നു സന്ദീപ്. കളംമാറിയെങ്കിലും സംസ്ഥാനത്തേക്കുറിച്ചും അവിടുത്തെ സാഹചര്യങ്ങളേക്കുറിച്ചും അറിയുന്ന നേതാവിനെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.
പഞ്ചാബിലെ നഗരമേഖലകൾ പരമ്പരാഗതമായി ബിജെപിക്ക് അനുകൂലമായി ചിന്തിക്കുന്നിടങ്ങളാണ്. ഇതിനുമപ്പുറം നേട്ടംകൊയ്യുകയാണ് ബിജെപിയുടെ ലക്ഷ്യം. മാത്രമല്ല, മുഖ്യ എതിരാളിയായ എഎപിയുടെ സംഘടനാരീതിയും തിരഞ്ഞെടുപ്പ് സംവിധാനവും അറിയുന്ന നേതാവിലൂടെ അനുകൂലസാഹചര്യം സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം.
മുഴുവൻസമയ രാഷ്ട്രീയക്കാരനാകുന്നതിന് മുന്നേ അക്കാദമിക്-ഗവേഷക മേഖലയിയിൽ പ്രവർത്തിച്ചിരുന്നയാളാണ് സന്ദീപ് പാഠക്. ചത്തീസ്ഗഢ് സ്വദേശിയായ ഇദ്ദേഹം, കേംബ്രിഡ്ജ് സർവകലാശാലയിൽനിന്നാണ് പിഎച്ച്ഡി നേടിയത്. പിന്നീട് ഓക്‌സ്‌ഫോർഡിലും എംഐടിയിലും റിസർച്ച് അസോസിയേറ്റായി പ്രവർത്തിച്ചശേഷം ഡൽഹി ഐഐടിയിൽ അധ്യാപകനായി.
എഎപിയുടെ സുപ്രധാന തന്ത്രജ്ഞരിൽ ഒരാളായിരുന്നു സന്ദീപ്. ഡേറ്റകൾ, സർവേകൾ, ബൂത്ത് തലത്തിലുള്ള വിവരങ്ങൾ, താഴേക്കിടയിൽനിന്നുള്ള പ്രതികരണങ്ങൾ തുടങ്ങിയവയെ ആശ്രയിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ഡൽഹിക്ക് അപ്പുറം ആം ആദ്മി പാർട്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാക്കന്മാരിൽ ഒരാളാണ് സന്ദീപ്. അതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതാകട്ടെ പഞ്ചാബിലും. 2022 നിയമസഭാ തിരഞ്ഞെടുപ്പിൽ 117-ൽ 92 സീറ്റ് നേടി എഎപി അധികാരത്തിലെത്തി, ഭഗവന്ത് മൻ മുഖ്യമന്ത്രിയായി. 2022-ൽ തന്നെയാണ് പഞ്ചാബിൽനിന്ന് സന്ദീപ്, രാജ്യസഭയിലെത്തുന്നത്. ഗുജറാത്തിലെ എഎപിയുടെ ചുമതലകൂടി ലഭിച്ച അദ്ദേഹം, ഹിമാചൽ പ്രദേശിലെ പാർട്ടിയുടെ സംഘടനാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. 2022 ഡിസംബറോടെ എഎപിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായി.
2027-ലെ പഞ്ചാബ് തിരഞ്ഞെടുപ്പ്
ശിരോമണി അകാലിദളുമായി സഖ്യത്തിൽ മത്സരിക്കുന്നതിന് പകരം 117 സീറ്റിലും തനിച്ച് മത്സരിക്കാനാണ് ഇക്കുറി ബിജെപി പദ്ധതിയിടുന്നത്. മുന്നോടിയായി സംസ്ഥാന ബിജെപി ഘടകത്തെ പുനഃസംഘടിപ്പിച്ചിട്ടുമുണ്ട്.
Content Highlights: Former AAP leader Sandeep Pathak appointed as BJP National Secretary., BJP targets the upcoming 2027 Punjab assembly elections., Sandeep Pathak was the mastermind behind AAP's 2022 Punjab victory., BJP plans to contest alone in all 117 seats in Punjab for 2027.
Published: 18 Aug 2026, 06:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented