കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭീകരൻ. സങ്കൽപോറ മേഖലയിലുള്ള മസ്ജിദിൽ കുടുങ്ങിയ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനെ ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചത്. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയും ജമ്മു കശ്മീർ പോലീസും ചേർന്ന് പ്രദേശത്ത് നടത്തിയ സംയുക്ത തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്.

To advertise here,

പ്രദേശത്ത് ലത്തീഫ് ഭട്ടിന്റെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സേന തിരച്ചിൽ ശക്തമാക്കുകയും ബുധനാഴ്ച രാവിലെ ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തു. ഒൻപത് റൈഫിൾസ് കമാൻഡിങ് ഓഫീസറും കുൽഗാം എസ്.എസ്.പി അനയാത്ത് അലിയും ചേർന്ന് വീഡിയോ കോളിലൂടെ ലത്തീഫ് ഭട്ടിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിന് തയ്യാറായില്ല. സൈന്യം നിങ്ങളെ വളഞ്ഞിട്ടുണ്ട് എന്ന് അറിയിച്ചപ്പോൾ തനിക്ക് അള്ളാഹുവിനെ കാണണമെന്നും അതിൽ സന്തോഷവാനാണെന്നുമായിരുന്നു മറുപടി. മസ്ജിദിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനും സുരക്ഷാ സേന പരമാവധി സംയമനം പാലിച്ചെങ്കിലും സേനയ്ക്ക് നേരെ ഇയാൾ വെടിയുതിർക്കുന്നത് തുടർന്നു.

ചെക് പോസ്റ്റ് ആക്രമണത്തിന്റെ സൂത്രധാരൻ

നവംബർ 11-ന് കുൽഗാമിലെ അഖ്‌റാനിൽ മൂന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ ചെക്ക്‌പോസ്റ്റ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു ലത്തീഫ് ഭട്ട്. സി.ആർ.പി.എഫ് ചെക്ക്‌പോസ്റ്റിന് നേരെ 15 സെക്കൻഡിനുള്ളിൽ 30 റൗണ്ട് വെടിയുതിർത്ത്, വേഗത്തിൽ രക്ഷപ്പെടുന്ന 'ഷൂട്ട്-ആൻഡ്-സ്കൂട്ട്' രീതിയാണ് ഇയാൾ സ്വീകരിച്ചിരുന്നത്. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത തോക്കിന്റെ കവറുകൾ മുൻ ആക്രമണങ്ങളിൽ ഉപയോഗിച്ചവയുമായി സാമ്യമുള്ളവയായിരുന്നു.

ഈ ആക്രമണത്തിന് തൊട്ടുമുൻപായി നവംബർ 10-ന്, ഇയാളും കൂട്ടാളി ഉമർ നിസാർ ദാറും ചേർന്ന് മിർ ബസാർ, അഖ്‌റാൻ, ഹബ്ലിഷ്, കിലാം എന്നീ പ്രദേശങ്ങളിൽ ആക്രമണം നടത്താനായി നിരീക്ഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. കഴിഞ്ഞ ആറ് മാസമായി ഭട്ടിന് താവളവും മറ്റ് സഹായങ്ങളും നൽകി വന്നത് ഉമർ നിസാറായിരുന്നു. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഉമർ നിസാർ ദാറിനെ സേന വധിച്ചിരുന്നു.

‘താഴ്വരയിലെ അവസാന ഭീകരൻ’

കഴിഞ്ഞകാലങ്ങളിൽ നിരവധി കൊലപാതകങ്ങളിലും ആക്രമണങ്ങളിലും പങ്കാളിയായിരുന്ന ലത്തീഫ് ഭട്ട്, പ്രദേശത്തെ ഭീകരപ്രവർത്തനങ്ങളിൽ പ്രധാനിയായിരുന്നു.

ജൂലൈ 22-ന് അനന്ത്നാഗിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട ആക്രമണത്തിലും ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിലും ലത്തീഫ് ഭട്ടിന് പങ്കുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. കശ്മീർ താഴ്‌വരയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ലഷ്കർ ഭീകരനായിട്ടാണ് സുരക്ഷാ ഏജൻസികൾ ഇയാളെ കണക്കാക്കിയിരുന്നത്. 

12-ാം ക്ലാസിൽ പഠനം നിർത്തി, തലയ്ക്ക് 15 ലക്ഷം

കുൽഗാം സ്വദേശിയായ ലത്തീഫ് ഭട്ട്, അഷ്മുജി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് 12-ാം ക്ലാസ് പൂർത്തിയാക്കിയ ശേഷം കുൽഗാം ഗവൺമെന്റ് ഡിഗ്രി കോളേജിൽ ചേർന്നുവെങ്കിലും പഠനം പകുതിയിൽ ഉപേക്ഷിച്ചു. തുടർന്ന് ഖ്രേവാനിലെ ഒരു ബീഡിങ്-മെഷീൻ യൂണിറ്റിൽ ജോലിചെയ്തു.

ഇതിനിടെ 2025 നവംബർ 19-ന് ഇയാളെ കാണാതാകുകയായിരുന്നു. പിന്നീട് സാക്കിർ അഹമ്മദ് എന്ന ഭീകരനുമായിച്ചേർന്ന് തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായി. പിന്നീട് ഇയാൾ ലഷ്‌കറിന്റെ പ്രോക്സി സംഘടനയായ 'ദി റെസിസ്റ്റൻസ് ഫ്രണ്ടിൽ ചേർന്നു.

മുൻപ് ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ കമാൻഡർ സാക്കിർ ഗനായി കൊല്ലപ്പെട്ടപ്പോൾ ലത്തീഫ് ഭട്ട് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പാകിസ്താനിലെ ഹാൻഡ്‌ലർമാരുടെയും ഒ.ജി.ഡബ്ല്യു ശൃംഖലയുടെയും സഹായത്തോടെ പ്രവർത്തിച്ചിരുന്ന ഇയാളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് 15 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.