ബെംഗളൂരു: 2002-ലെ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെയുള്ള അന്വേഷണം അന്നത്തെ യു.പി.എ. സർക്കാരിലെ ചില കോൺഗ്രസ് നേതാക്കൾ തടസ്സപ്പെടുത്തിയിരുന്നുവെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ എം. വീരപ്പ മൊയ്‌ലി. സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്- എ ജേർണി ഓഫ് ലവ്' എന്ന പുസ്തകം ബെംഗളൂരുവിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു ജയിലിൽപോയ ആദ്യത്തെയാൾ. അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കിൽ അദ്ദേഹം ആഭ്യന്തരമന്ത്രിയും ഇപ്പോൾ കാണുന്ന ശക്തനായ നേതാവുമാകുമായിരുന്നില്ല. അദ്ദേഹത്തിന്റെ കേസ് ഗുജറാത്തിന് പുറത്താണ് വിചാരണ ചെയ്തത്. അദ്ദേഹം നാടുകടത്തപ്പെട്ടതുപോലെയാണ് ജീവിച്ചിരുന്നതെന്നും മൊയ്‌ലി കൂട്ടിച്ചേർത്തു.

അടുത്തത് മോഡിയുടെ ഊഴമായിരുന്നു. അദ്ദേഹവും നാടുകടത്തപ്പെടുമായിരുന്നു. എന്നാൽ, അന്നത്തെ നമ്മുടെ സ്വന്തം യു.പി.എ. സർക്കാർ ആ അന്വേഷണം തടസ്സപ്പെടുത്തുകയായിരുന്നുവെന്നും മൊയ്‌ലി വെളിപ്പെടുത്തി. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് അല്ല, മറിച്ച് മറ്റുചില നേതാക്കളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മോദിക്ക് കീഴിൽ തങ്ങൾ അത് അനുഭവിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2009-ലെ സുപ്രീം കോടതി നിർദേശത്തെത്തുടർന്ന്, 2002-ലെ കലാപത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം 2010-ൽ മോദിയെ ചോദ്യംചെയ്തിരുന്നു. തുടർന്ന് 2012-ൽ എസ്.ഐ.ടി. മോദിക്ക് ക്ലീൻ ചിറ്റ് നൽകി.

2010-ൽ സൊഹ്‌റാബുദ്ദീൻ ശെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അമിത് ഷായെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 2014 ഡിസംബറിൽ മുംബൈയിലെ പ്രത്യേക കോടതി അദ്ദേഹത്തെ വെറുതെവിട്ടു.

2010-11 കാലഘട്ടത്തിൽ കേന്ദ്ര നിയമ മന്ത്രിയായിരുന്നു വീരപ്പ മൊയ്‌ലി.