ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാൾ മോടിപിടിപ്പിച്ച് ‘കണ്ണാടി മാളിക’യാക്കിയെന്ന വിമർശനം നേരിടുന്ന മുൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പൊതുജനസന്ദർശനത്തിന് തുറന്നുകൊടുക്കാനൊരുങ്ങി ഡൽഹിയിലെ ബി.ജെ.പി. സർക്കാർ. 

To advertise here,

എ.എ.പി. ഭരിക്കവേ കെജ്‌രിവാൾ നവീകരിച്ച വസതിയെ ‘ശീഷ് മഹൽ’ (കണ്ണാടി മാളിക) എന്നാണ് ബി.ജെ.പി. വിളിക്കുന്നത്. പണം ധൂർത്തടിച്ചെന്ന ആരോപണം എ.എ.പി.ക്ക് ഭരണം നഷ്ടപ്പെട്ടതിനുള്ള കാരണങ്ങളിലൊന്നായി. എ.എ.പി.ക്ക് ഭരണമുള്ള ഏകസംസ്ഥാനമായ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

പൊതുജനങ്ങളിൽനിന്നുള്ള ആവശ്യം പരിഗണിച്ചാണ് ‘ശീഷ് മഹൽ’ തുറക്കാൻ തീരുമാനിച്ചതെന്ന് ഡൽഹിയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് സാഹിബ് സിങ് പത്രസമ്മേളനത്തിൽ പറഞ്ഞു. അടുത്തയാഴ്ചയോടെ തുറക്കും. ടിക്കറ്റുവെച്ചാണ് പ്രവേശനം.

മുഖ്യമന്ത്രിയായിരിക്കേ, കെജ്‌രിവാൾ താമസിച്ച ഫ്‌ളാഗ് സ്റ്റാഫ് റോഡിലെ ആറാം നമ്പർ ബംഗ്ലാവ് നിശ്ചയിച്ച തുകയെക്കാൾ 300 മടങ്ങ് അധികം ചെലവാക്കി 33.66 കോടി രൂപ മുടക്കിയാണ് നവീകരിച്ചതെന്ന സി.എ.ജി. റിപ്പോർട്ട് കഴിഞ്ഞവർഷം പുറത്തുവന്നിരുന്നു. അതേസമയം, ഡൽഹിയിലെ മലിനീകരണമടക്കമുള്ള പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നതെന്ന് എ.എ.പി. ഡൽഹി നേതാവ് സൗരഭ് ഭരദ്വാജ് തിരിച്ചടിച്ചു.