ന്യൂ ഡൽഹി: ക്വാഡ് ഉച്ചകോടിക്കിടെ ഇന്ത്യൻ പതാകയുടെ നിറമുള്ള ഫ്ലോർ മാർക്കർ മോദി തറയിൽ നിന്നെടുത്ത് പോക്കറ്റിലിട്ട വീഡിയോയെ പരിഹസിച്ച് മഹുവാ മൊയ്ത്ര എംപി. വീഡിയോ എക്സിൽ ഷെയർ ചെയ്ത മഹുവാ മൊയ്ത്ര, ഇന്ത്യയെ നാണംകെടുത്താൻ മോദിയേപ്പോലെ മറ്റാർക്കാണ് കഴിയുകയെന്നും ചോദിച്ചു. പിന്നാലെ, മഹുവയ്ക്കെതിരേ വിമർശനവുമായി ബിജെപിയും രംഗത്തെത്തി.

To advertise here,

മോദിയുടെ പ്രവൃത്തി അവിശ്വസനീയമാണെന്ന് മഹുവ എക്സ് പോസ്റ്റിൽ പരിഹസിച്ചു. ''പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ആഗോളതലത്തിൽ ഇന്ത്യയെ ഇത്രയധികം നാണംകെടുത്താൻ മറ്റാർക്കാണ് കഴിയുക? അദ്ദേഹം ശരിക്കും തറയിൽനിന്ന് ഒരു ഫ്ലോർ മാർക്കർ എടുത്ത് പോക്കറ്റിലിട്ടിരിക്കുകയാണ്. വിശ്വസിക്കാനാകുന്നില്ല!'', അവർ കുറിച്ചു.

എന്നാൽ, ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി രാജ്യസഭാ എംപിയും ബിജെപി ദേശീയ സെക്രട്ടറിയുമായ സന്ദീപ് പതക്ക് രംഗത്തെത്തി. ഒരു രാജ്യത്തിന്റെ പതാക കാലിനടിയിൽ വെക്കുന്നതിന് പകരം, നേതാക്കളുടെ സ്ഥാനം അടയാളപ്പെടുത്താൻ മറ്റ് മാർഗങ്ങളുണ്ടെന്ന് പതക്ക് എക്സിൽ കുറിച്ചു.

വ്യത്യസ്തമായ സംസ്കാരത്തിൽ ജീവിക്കുന്നവർക്ക് ഇത് സാധാരണ കാര്യമായിരിക്കാം. ഇന്ത്യക്കാർക്ക് ദേശീയപതാക വെറുമൊരു തുണിക്കഷണമോ തറയിൽ സ്ഥാനം അടയാളപ്പെടുത്താനുള്ള സാധനമോ അല്ല. അതിന് വൈകാരികവും സാംസ്കാരികവുമായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണമെന്ന് മഹുവയെ പരോക്ഷമായി വിമർശിച്ച് പതക്ക് കൂട്ടിച്ചേർത്തു.

നവംബർ 17-ന് ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു വീഡിയോക്ക് ആസ്പദമായ സംഭവം. ഗ്രൂപ്പ് ഫോട്ടോയ്ക്കിടെ തറയിൽ കിടന്ന മാർക്കർ എടുത്ത മോദി, 'എനിക്ക് പതാക തറയിലിടാനാകില്ല' എന്ന് വിശദീകരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിനോട് പ്രതികരിച്ച ഡൊണാൾഡ് ട്രംപ് ‘അത് സൂക്ഷിച്ചു വെച്ചോളു’ എന്ന് മോദിയോട് പറയുന്നതും വീഡിയോയിൽ കേൾക്കാം. 2023-ൽ ജോഹന്നാസ്ബർഗിൽ വെച്ച് നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ വേദിയിൽ കിടന്ന ഇന്ത്യൻ പതാക അടയാളം പ്രധാനമന്ത്രി മോദി ഇതുപോലെ എടുത്തുമാറ്റിയിരുന്നു.