ന്യൂഡൽഹി: വോട്ടർമാർക്കോ സ്ഥാനാർഥികൾക്കോ, പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾക്കുവേണ്ടി ഒരു പ്രത്യേക മണ്ഡലം സംവരണം ചെയ്തുനൽകണമെന്ന് അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. സംവരണസീറ്റുകൾ സംബന്ധിച്ച് മണ്ഡലങ്ങളുടെ റൊട്ടേഷൻ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് പരാമർശം. 2025-ലെ ചട്ടങ്ങളിലെ റൂൾ 12 ചോദ്യം ചെയ്തുള്ള ഹർജിയാണ് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
സംവരണ സീറ്റുകളുടെ റൊട്ടേഷൻ സംബന്ധിച്ച ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്നതാണ് റൂൾ 12 എന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ആവർത്തനക്രമപ്രകാരം ഇയാളുടെ മണ്ഡലം ഇതുവരെ സംവരണ മണ്ഡലമായിട്ടില്ല. സംവരണം ലഭിക്കേണ്ട സമയമായപ്പോഴാണ് നടപടിക്രമം പുനരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധികൃതർ വഞ്ചനാപരമായി നടപടിയെടുത്തുവെന്നാണ് ഹർജിക്കാരൻ പറയുന്നത്.
എന്നാൽ, 1961-ലെ ചട്ടങ്ങളിലെ റൂൾ 4(2), ഭരണഘടനയുടെ 243-ാം അനുച്ഛേദം എന്നിവ സംവരണ സീറ്റുകളുടെ ആവർത്തനത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അതിന്റെ നടപടിക്രമം നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരിന്റെ വിവേചനാധികാരത്തിൽപ്പെട്ട കാര്യമാണെന്ന് കോടതി വ്യക്തമാക്കി. റൂൾ 12 സംസ്ഥാന സർക്കാരിന്റെ അധികാരപരിധിക്കുള്ളിലാണെന്നും നിരീക്ഷിച്ചു.
എന്നാൽ, സംവരണ സീറ്റുകളുടെ ക്രമീകരണം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുന്നതിൽ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ശേഷം ഹർജി സുപ്രീംകോടതി തള്ളി.
റൂൾ 12 ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഒരു പ്രത്യേക മണ്ഡലത്തിൽ സംവരണം ലഭിക്കണമെന്ന് വ്യക്തികൾക്ക് അവകാശപ്പെടാനാകില്ലെന്ന് നിരീക്ഷിച്ച് കോടതി ഹർജി തള്ളുകയായിരുന്നു. മണ്ഡലങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിർത്തികളിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ ആദ്യമായി തീരുമാനിച്ചതിനാൽ പുതിയ മണ്ഡലരൂപീകരണത്തോടെ സംവരണ സീറ്റുകളിലും മാറ്റമുണ്ടാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Content Highlights: Voters or candidates cannot claim an inherent right to demand a reserved constituency for SC/ST groups., State governments hold the discretionary power to decide the rotation of reserved seats., Supreme Court dismissed the petition challenging Rule 12 of the 2025 regulations relating to Maharashtra local body polls.
Published: 17 Nov 2026, 10:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented