ടെഹ്രി ഗർവാൾ: ഉത്തരാഖണ്ഡിലെ ടെഹ്രി ഗർവാൾ ജില്ലയിൽ ഗുലാർ ബസാറിന് സമീപമുള്ള പാലത്തിന് താഴെയുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് ബസ് യാത്രികർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 4.30-ഓടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് മുപ്പതോളം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

To advertise here,

അപകടവിവരം ലഭിച്ച ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ബ്യാസി, ധാൽവാല എന്നിവിടങ്ങളിൽ നിന്നുള്ള ദുരന്തനിവാരണ സേന സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റ ഇരുപതോളം യാത്രക്കാരെ ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റി. എട്ട് പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. 

ടെഹ്രി ഗർവാൾ ജില്ലാ മജിസ്‌ട്രേറ്റ് നിതിക ഖണ്ടേൽവാളും സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ശ്വേത ചൗബെയും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകട കാരണത്തെക്കുറിച്ചും പരിക്കേറ്റവരുടെ ആരോഗ്യനിലക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ താൻ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ സുഖം പ്രാപിക്കാൻ പ്രാർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.