കാസർകോട്: പി.എസ്.സി.യുടെ രണ്ട് റാങ്ക് പട്ടികകളായിട്ടും കെ.എ.എസിൽ പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള ഒരാൾക്കുപോലും നിയമനം ലഭിച്ചില്ല. ഇതിൽ ആദ്യ പട്ടികയുടെ കാലാവധി കഴിഞ്ഞു. രണ്ടാം പട്ടികയുടെ കാലാവധി 2027 ജനുവരിയിൽ കഴിയും. ആദ്യ പട്ടികയിൽനിന്ന് കെ.എ.എസിന്റെ മൂന്നു സ്ട്രീമുകളിലുമായി 105 പേർക്ക് നിയനം ലഭിച്ചു. രണ്ടാമത്തെ പട്ടികയിൽനിന്ന് 31 ഒഴിവുകൾ കണക്കാക്കിയെങ്കിലും മൂന്നുപേർക്കേ ഇതുവരെ അഡ്വൈസ് മെമ്മോ അയച്ചിട്ടുള്ളു. ഇതിലൊന്നും ഒന്നാം റാങ്കുകാരുൾപ്പെടെ പട്ടികവർഗത്തിൽനിന്ന് ഒരാൾപോലും ഉൾപ്പെട്ടിട്ടില്ല.

To advertise here,

നിലവിൽ വിവിധ വകുപ്പുകളിലായി 85 ഒഴിവുകളും ഒാരോ ജില്ലയിലും ജില്ലാ വയോജനക്ഷേമ ഒാഫീസറായി കെ.എ.എസ്. എൻട്രി കേഡർ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന് അനുവദിച്ചിട്ടുള്ള 14 തസ്തികകളുമുൾപ്പെടെ നൂറോളം ഒഴിവുകളുണ്ട്. ഇവ യഥാസമയം റിപ്പോർട്ട്‌ ചെയ്യുകയും നിയമനത്തിന് പരിഗണിക്കുകയും ചെയ്യാത്തതിനാലാണ് പട്ടികവർഗക്കാരുൾപ്പെടെയുള്ള ഉദ്യോഗാർഥികൾ പുറത്താകുന്നത്.

ആദ്യ റാങ്ക് പട്ടികയിൽനിന്നുള്ള കെ.എ.എസ്. നിയമനത്തിൽ മൂന്ന്‌ സ്ട്രീമുകളിൽ 35 പേർക്കുവീതം നിയമനം നൽകിയിട്ടുണ്ട്. സാമൂഹികനീതിവകുപ്പിന്റെ ഉത്തരവുപ്രകാരം അംഗപരിമിതർക്ക് നാലുശതമാനം സംവരണമനുവദിച്ചതിനാൽ പി.എസ്.സി. നിയമന ശുപാർശ നൽകുമ്പോൾ ഒന്ന്, 34 റൊട്ടേഷൻ ടേണുകൾ ഒാഫ് ടേൺ ആയി പരിഗണിക്കും. അതിനാൽ റൊട്ടേഷൻ ടേൺ പ്രകാരം 33 പേർക്ക് വീതമാണ് ഫലത്തിൽ ഒാരോ സ്ട്രീമിലും നിയമനം ലഭിച്ചത്.

രണ്ടാംഘട്ട കെ.എ.എസ്. നിയമനത്തിന് വിജ്ഞാപനം ചെയ്തിട്ടുള്ളത് 31 ഒഴിവുകളാണ്. നിലവിലുള്ള റാങ്ക് പട്ടികയിൽനിന്ന് പത്തുപേരെ വീതമാണ് മൂന്ന്‌ സ്ട്രീമുകളിലേക്കും പരിഗണിക്കുന്നത്. ഇവർക്കുള്ള നിയമന ശുപാർശ നൽകുമ്പോൾ റൊട്ടേഷൻ ടേൺ 43-ൽ അവസാനിക്കും. പി.എസ്.സി.യുടെ റൊട്ടേഷൻ ചാർട്ട് പ്രകാരം പട്ടികവർഗക്കാർക്കുള്ള ടേണുകൾ 44, 92 എന്നിങ്ങനെയാണ്. നിയമനക്രമത്തിൽ ഈ ടേണുകൾ എത്തുന്നതിനാവശ്യമായ എണ്ണം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തപക്ഷം ഉയർന്ന റാങ്ക് നേടിയ പട്ടികവർഗ ഉദ്യോഗാർഥികൾക്കുപോലും നിയമനം ലഭിക്കാതെവരും.

ജില്ലാ വയോജനക്ഷേമ ഒാഫീസർമാരുടേതുൾപ്പെടെ നിലവിലുള്ള നൂറോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ ഇവർക്കുൾപ്പെടെ നിയമനം ലഭിക്കാൻ സാധ്യത തെളിയും. അഞ്ചുവർഷത്തിലൊരിക്കൽ കെ.എ.എസ്. തസ്തികകളുടെ കേഡർ സ്ട്രെങ്ത് പുനഃപരിശോധിക്കണമെന്നുള്ള വ്യവസ്ഥപ്രകാരം ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള അവലോകനസമിതി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ യോഗം േചർന്നിട്ടില്ല.