ന്യൂഡൽഹി: ഇറ്റലിയിൽനിന്നെത്തി ഇന്ത്യയുടെ ഭാഗമായിത്തീരാനുള്ള തന്റെ കഠിനമായ പരിശ്രമങ്ങൾ ഇന്ത്യയിലെ ഓരോ പെൺകുട്ടിയുടെയും ജീവിതാവസ്ഥയ്ക്ക് തുല്യമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി. ഡൽഹിയിൽ തിങ്കളാഴ്ച നടന്ന ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന ഓർമ്മക്കുറിപ്പിന്റെ പ്രകാശനവേളയിൽ, പ്രസാധകരായ ഹാർപ്പർ കോളിൻസിന്റെ എക്സിക്യുട്ടീവ് പബ്ലിഷർ പൗളമി ചാറ്റർജിയുമായി സംസാരിക്കുകയായിരുന്നു അവർ. ‘ബിലോങ്ങിങ്’ എന്ന വാക്ക് എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിനായിരുന്നു ഈ പ്രതികരണം.

To advertise here,

‘പുറത്തുനിന്നുള്ള ഒരാളായി എത്തുമ്പോൾ, എപ്പോഴും നിരീക്ഷിക്കപ്പെടുന്നു എന്നും തെറ്റുകൾ സംഭവിക്കുമോ എന്നുമുള്ള ആശങ്കയുമുണ്ടാകും. അംഗീകരിക്കപ്പെടാനും സ്വന്തമായി മാറാനും ഞാൻ നടത്തിയ കഠിനമായ പരിശ്രമമാണത്. ഇറ്റലിയിൽനിന്ന് വന്ന എന്റെമാത്രം അനുഭവമല്ല ഇത്; വിവാഹം കഴിഞ്ഞ് പുതിയൊരു വീട്ടിലേക്ക് കയറിച്ചെല്ലുന്ന ഇന്ത്യയിലെ ഓരോ പെൺകുട്ടിയും പുതിയ രീതികളുമായി പൊരുത്തപ്പെടാൻ ഇതേപോലെ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നുണ്ട്’’ -സോണിയ പറഞ്ഞു.

ഇന്ത്യയിലെത്തിയപ്പോൾ രാജീവിന് തടികൂടി

കേംബ്രിജിൽ ആശങ്കകളില്ലാത്ത മനോഹരമായ ജീവിതമായിരുന്നു. പിന്നീട് രാജീവ് ഇന്ത്യയിലേക്കും ഞാൻ ഇറ്റലിയിലേക്കും മടങ്ങി. ഒരുവർഷത്തോളം ഞങ്ങൾ ദിവസവും കത്തുകളെഴുതി. ഒരു വർഷത്തിനുശേഷം ഞാൻ ഇന്ത്യയിലെത്തിയപ്പോൾ രാജീവ് തടിച്ചിരുന്നു; പിന്നീട് അദ്ദേഹം പഴയരൂപത്തിലേക്ക് തിരിച്ചെത്തി. ഇന്ത്യയിലെ ജീവിതം കണ്ടറിയാനായി അച്ഛൻ മടക്കടിക്കറ്റ് നൽകിയാണ് ഇങ്ങോട്ടയച്ചത്, പക്ഷേ, പിന്നീട് തിരികെ പോയില്ല.

ഇന്ദിരാഗാന്ധിയെ അമ്മ എന്ന് വിളിക്കാൻ മടിച്ചു

തുടക്കത്തിൽ ഇന്ദിരാഗാന്ധിയെ വല്ലാത്ത പേടിയായിരുന്നു. എനിക്ക് ഒരൊറ്റ ‘അമ്മ’ മാത്രമേയുള്ളൂ. അത് ഇറ്റലിയിലുള്ള അമ്മയാണെന്നാണ് നിലപാട്. അതുകൊണ്ട് ‘അമ്മ’ എന്ന് വിളിക്കാതെ മാറിനടന്നു. പിന്നീട് അടുത്തറിഞ്ഞപ്പോഴാണ് ആ വിളി സാധ്യമായത്.

വല്ലപ്പോഴും അവർക്ക് ദേഷ്യംവരുമ്പോൾ അച്ഛനെ ഓർമ്മവന്ന് ഞാൻ മരവിച്ചുനിന്നു. രാജീവും സഞ്ജയും കൊടുങ്കാറ്റ് അടങ്ങുന്നതുവരെ കാത്തിരിക്കും. എന്നാൽ, രാഹുലും പ്രിയങ്കയും ജനിച്ചതോടെ ഒരു സാധാരണ മുത്തശ്ശിയായി അവർ മാറി, കൂടുതൽ സൗമ്യയായി.

രാഹുലിന്റെ പേരിനെച്ചൊല്ലി പിണക്കം

രാഹുലിന്റെ നാമകരണച്ചടങ്ങ് ഇന്ദിര ഒറ്റയ്ക്ക് തീരുമാനിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, ‘ഹലോ! അവൻ എന്റെയും മകനാണ്, നിങ്ങളുടെ ചെറുമകൻ മാത്രമല്ല!’. ഉടൻ അവർ ക്ഷമ ചോദിച്ചു: ‘ഉത്തരവുകൾ നൽകി ശീലമായതുകൊണ്ട് മറന്നുപോയി, ഇത് നിന്നെ വിഷമിപ്പിക്കുമെന്ന് ഞാൻ കരുതിയില്ല’ എന്നായിരുന്നു മറുപടി.

‘അവർ ഒരിക്കൽ വഴക്കുകൂടി’

അച്ഛനമ്മമാർ തർക്കിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും, അവർ വഴക്കിടുന്നത് ഒരൊറ്റത്തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്ന് രാഹുൽ ഗാന്ധി. സദസ്സിലുണ്ടായിരുന്ന ബി.ജെ.പി. നേതാവും മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിങ്ങിനെ ചൂണ്ടിക്കാട്ടി, അച്ഛൻ അദ്ദേഹവുമായി ഫോണിൽ സംസാരിക്കുമ്പോഴായിരുന്നു ആ സംഭവമെന്നും രാഹുൽ ഓർത്തു. സമ്മർദത്തിലായിരുന്ന രാജീവ് ഗാന്ധി, സോണിയ ഒരേകാര്യം മൂന്നോ നാലോ തവണ ആവർത്തിച്ചപ്പോൾ ദേഷ്യപ്പെടുകയായിരുന്നു.

വീട്ടിലെ ഭക്ഷണസമയങ്ങളിൽ എപ്പോഴും രാജീവ് ഗാന്ധിയുടെ മടിയിലായിരുന്നു സോണിയ ഇരുന്നിരുന്നത്. എല്ലാ വീടുകളിലും ഇങ്ങനെയാണെന്നാണ് താൻ കരുതിയത്. കുട്ടിക്കാലത്ത് സുഹൃത്തുക്കളുടെ വീടുകളിൽ ചെല്ലുമ്പോൾ അവരുടെ അമ്മമാർ അച്ഛന്മാരുടെ മടിയിൽ ഇരിക്കാത്തതുകണ്ട് താൻ അദ്‌ഭുതപ്പെട്ടിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

രണ്ടുതവണ അർബുദത്തെ അതിജീവിച്ചെന്നാണ് സോണിയ പുസ്തകത്തിൽ കാണിച്ചതെങ്കിലും, യഥാർഥത്തിൽ നാലുതവണ അവർ അർബുദത്തെ അതിജീവിച്ചെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഗേൾ ഫ്രണ്ടിനൊപ്പം വാഴ്സിറ്റി റസ്റ്ററന്റിൽ

രാജീവും സോണിയയും ആദ്യമായി കണ്ടുമുട്ടിയ കേംബ്രിജിലെ ‘വാഴ്സിറ്റി റസ്റ്ററന്റ്’ സന്ദർശിച്ച അനുഭവവും രാഹുൽ വിവരിച്ചു. വർഷങ്ങൾക്കുശേഷം തന്റെ ഗേൾഫ്രണ്ടിനൊപ്പം ആ റസ്റ്ററന്റിൽ എത്തിയപ്പോൾ, തന്റെ അച്ഛനമ്മമാർ കണ്ടുമുട്ടിയത് ഇവിടെയാണെന്ന് ജീവനക്കാരനോട് പറഞ്ഞു. ‘ഓ, അവരെ എനിക്കറിയാം’ എന്നായിരുന്നു മറുപടി. അവിടത്തെ ഭക്ഷണം അതിഗംഭീരമായിരുന്നു എന്നാണ് അച്ഛനമ്മമാർ പറഞ്ഞിരുന്നതെങ്കിലും താൻ ഓർഡർ ചെയ്ത ‘ചിക്കൻ ഷാസർ’ തീരെ മോശമായിരുന്നു. ‘നിങ്ങൾ പ്രണയത്തിലാകണമെങ്കിൽ വാഴ്സിറ്റി റസ്റ്ററന്റിൽ പോകാം, പക്ഷേ, അവിടെനിന്ന് ഒരിക്കലും ചിക്കൻ ഷാസർ കഴിക്കരുത്‌’ എന്നും സദസ്സിന്റെ ചിരിക്കിടെ രാഹുൽ പറഞ്ഞു.

ഒരാഴ്ച തികയുംമുൻപ്‌ വിറ്റത് 200000 കോപ്പി

സോണിയയും പ്രിയങ്കയും രാഹുലും ചേർന്നായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബുദ്ധന്റെ പ്രതിമയും പൂച്ചെണ്ടും നൽകി സോണിയയെ പൊന്നാട അണിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വിൽപ്പനയ്ക്കെത്തിയ പുസ്തകം, ഒരാഴ്ച തികയുംമുൻപേ രണ്ടുലക്ഷത്തിലധികം പ്രതികൾ വിറ്റഴിച്ച് പല റെക്കോഡുകളും തകർത്തെന്ന് പ്രസാധകരായ ഹാർപ്പർ കോളിൻസിന്റെ സി.ഇ.ഒ. അനന്ത പത്മനാഭൻ പറഞ്ഞു.

കെ.സി. വേണുഗോപാൽ, സിദ്ധരാമയ്യ, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി വിജയ് തുടങ്ങിയവരും അഖിലേഷ് യാദവടക്കമുള്ള ‘ഇന്ത്യസഖ്യ’ നേതാക്കളും പങ്കെടുത്തു.