ന്യൂഡൽഹി: എസ്.സി./എസ്.ടി. സംവരണ മണ്ഡലങ്ങളിൽ റൊട്ടേഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. 'നിങ്ങൾ തെറ്റായ നമ്പറിലാണ് ഡയൽ ചെയ്യുന്നത്. പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും പറ്റിയ നല്ല സമയമാണിത്. നിങ്ങൾക്കും അത് ചെയ്യാം' - ഹർജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പരിഹസിച്ചു. ഈ വിഷയം നിയമസഭയുടെ അധികാരപരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹർജി തള്ളിയത്. 

To advertise here,

കോടതിക്ക് ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നും, ആവശ്യമെങ്കിൽ ഹർജിക്കാർക്കുതന്നെ ജനപ്രതിനിധികളെ സമീപിച്ച് പ്രതിഷേധിക്കുകയോ സമ്മർദം ചെലുത്തുകയോ ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാഗങ്ങൾക്കായി സംവരണം ചെയ്ത മണ്ഡലങ്ങൾ കൃത്യമായ ഇടവേളകളിൽ റൊട്ടേഷൻ രീതി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട ഹർജിക്കാരനോട് സംവദിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

ഈ വിഷയം നീതിപീഠത്തിന് മുന്നിലല്ല, മറിച്ച് നിയമനിർമ്മാതാക്കളുടെ മുന്നിലാണ് ഉന്നയിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 'കുറച്ച് കരുത്ത് സംഭരിച്ച് ശബ്ദമുയർത്തുക, നിയമനിർമാണ സഭ എന്തെങ്കിലും ചെയ്യാനുള്ള സമയമായി എന്ന് പറയുക' - ഹിയറിങ്ങിനിടെ അദ്ദേഹം ഹർജിക്കാരനോട് പറഞ്ഞു. 

റൊട്ടേഷൻ ഇല്ലാതെ SC/ST സംവരണ മണ്ഡലങ്ങൾ തുടരുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ പിന്നീട് ചീഫ് ജസ്റ്റിസും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് തള്ളി. 1972 മുതൽ പല മണ്ഡലങ്ങളും മാറ്റമില്ലാതെ സംവരണം ചെയ്തു കിടക്കുകയാണെന്ന് ഹർജിക്കാരൻ പറഞ്ഞു. ഏതാനും കുടുംബങ്ങൾ പതിറ്റാണ്ടുകളായി സംവരണ സീറ്റുകളിൽ മത്സരിക്കുന്നുവെന്നും ഇത് വോട്ടർമാരുടെ അവകാശങ്ങളെ ബാധിക്കുന്നു എന്നുമായിരുന്നു ഹർജിക്കാരന്റെ വാദം

2008-ലെ ഡി ലിമിറ്റേഷൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ചൂണ്ടിക്കാട്ടി സംവരണ മണ്ഡലങ്ങളിൽ കാലാനുസൃതമായ റൊട്ടേഷൻ വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ വിഷയം നിയമനിർമാണ സഭയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും അധികാരപരിധിയിൽ വരുന്നതാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമുള്ള ഹർജിയിലൂടെ പരിഹരിക്കാനാകില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

വോട്ടർമാരുടെ മൗലികാവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നും, സീറ്റുകളുടെ പുനർനിർണയവും സംവരണവും നടപ്പിലാക്കുന്നത് ഭരണഘടനാപരമായ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്വമാണെന്നും ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. 'നിങ്ങളുടെ മുന്നിലുള്ള ഓപ്ഷനുകൾ പരിമിതമായിരിക്കാം, പക്ഷേ നിങ്ങളുടെ വോട്ടവകാശം അവിടെത്തന്നെയുണ്ട്.' അദ്ദേഹം ഹർജിക്കാരന്റെ അഭിഭാഷകനോട് പറഞ്ഞു.

ഒരു നിയമവ്യവസ്ഥയിൽ വ്യക്തമായ ഏകപക്ഷീയത കണ്ടാൽ അത് റദ്ദാക്കാനോ തിരുത്താനോ കോടതിക്ക് കഴിയുമെന്നും, എന്നാൽ റൊട്ടേഷൻ സംവിധാനം കൊണ്ടുവരാൻ ഭരണഘടനാ വ്യവസ്ഥകൾ മാറ്റിയെഴുതാൻ കോടതിക്കാവില്ലെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു. 'പാർലമെന്റിന്റെ മൂന്നാമത്തെ ചേംബറിന്റെ പങ്ക് വഹിക്കാൻ ഞങ്ങൾക്ക് കഴിയില്ല' - ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി.

പതിറ്റാണ്ടുകളായി ഒരേ കുടുംബങ്ങൾ തന്നെ സംവരണ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നത് ജനങ്ങളുടെ തെരഞ്ഞെടുപ്പ് അവസരങ്ങളെ പരിമിതപ്പെടുത്തുന്നുവെന്ന് ഹർജിക്കാരൻ വാദിച്ചപ്പോൾ, വോട്ടർമാർക്ക് ഈ വിഷയം തങ്ങളുടെ ജനപ്രതിനിധികളുടെ മുന്നിൽ ഉന്നയിക്കാമെന്നും ഇതൊരു തെരഞ്ഞെടുപ്പ് ആവശ്യമാക്കി മാറ്റാമെന്നും ബെഞ്ച് പ്രതികരിച്ചു. ഡി ലിമിറ്റേഷൻ, സംവരണ ചട്ടക്കൂടുകളിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ വോട്ട് ചെയ്യില്ലെന്ന് വോട്ടർമാർക്ക് തങ്ങളുടെ ജനപ്രതിനിധികളോട് പറയാമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.

എന്തുകൊണ്ട് സുപ്രീം കോടതി ഹർജി തള്ളി?

ഡി ലിമിറ്റേഷൻ കമ്മീഷന്റെ ശുപാർശകൾ ഉണ്ടായിരുന്നിട്ടും SC/ST സംവരണ മണ്ഡലങ്ങളിൽ റൊട്ടേഷൻ നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ ഡി ലിമിറ്റേഷൻ ആക്ടിലെ സെക്ഷൻ 9(1)(c) ചോദ്യം ചെയ്തിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ സംവരണ മണ്ഡലങ്ങളുടെ റൊട്ടേഷൻ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള കമ്മീഷന്റെ നിരീക്ഷണങ്ങളും ഹർജിക്കാരന്റെ അഭിഭാഷകൻ സൂചിപ്പിച്ചിരുന്നു.

എന്നാൽ, ഡി ലിമിറ്റേഷൻ മാർഗനിർദേശങ്ങൾ ആ പ്രക്രിയ നടത്തുമ്പോൾ പാലിക്കേണ്ടവയാണെന്നും, അത് തുടർച്ചയായ ഒരു റൊട്ടേഷൻ പ്രക്രിയ ആവശ്യപ്പെടുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഡി ലിമിറ്റേഷൻ എന്നത് ഒരു നിയമനിർമാണ പ്രക്രിയയാണെന്നും (legislative exercise) അതിൽ കോടതിക്ക് സ്വതന്ത്രമായി നിർദ്ദേശം നൽകാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

മുനിസിപ്പൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ സീറ്റുകളുടെ റൊട്ടേഷൻ നിയമനിർമാണ സഭയുടെ അധികാരപരിധിയിലുള്ള കാര്യമാണെന്ന് ജസ്റ്റിസ് ബാഗ്ചിയും ചൂണ്ടിക്കാട്ടി. 

പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ സംവരണം അടിസ്ഥാനപരമായി നിയമനിർമാണ സഭയുടെ പ്രത്യേക അധികാരമാണെന്ന് (legislative prerogative) കോടതി പറഞ്ഞു. ഡി ലിമിറ്റേഷൻ കമ്മീഷന്റെ ശുപാർശകൾക്ക് അനുസൃതമായി റൊട്ടേഷൻ രീതി നടപ്പിലാക്കാൻ ജനപ്രതിനിധികളെ സമീപിച്ച് ബോധ്യപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഹർജിക്കാരന് നൽകിക്കൊണ്ടാണ് സുപ്രീം കോടതി ഹർജി അവസാനിപ്പിച്ചത്.