ന്യൂഡൽഹി: എസ്.ഐ.ആർ. തീരുമാനങ്ങളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങളുന്നയിക്കാൻ ഇന്ത്യസഖ്യ നേതാക്കൾ സുപ്രീംകോടതിയോട് അനുമതിതേടി. എസ്.ഐ.ആർ. നടപടി ചോദ്യംചെയ്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യസഖ്യ നേതാക്കൾ നൽകിയ ഹർജിയിൽ കമ്മിഷന്റെ മറുപടി അപര്യാപ്തമാണെന്നാരോപിച്ചാണിത്.

To advertise here,

തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ഏകകണ്ഠമായാണ് എസ്.ഐ.ആർ. തീരുമാനങ്ങളെടുത്തതെന്ന മറുപടിയിൽ വ്യക്തത തേടുന്ന 48 ചോദ്യങ്ങളുന്നയിക്കാനാണ് അനുമതി തേടിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ ഒപ്പുവെച്ച സത്യവാങ്മൂലമാണ് വേണ്ടതെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച പരിഗണിച്ചേക്കും.

48 ചോദ്യങ്ങളിലെ മുഖ്യ വിഷയങ്ങൾ:

1. എസ്.ഐ.ആർ., ഇ.സി.ഐ.നെറ്റ്, ഫോം ആറ്, കോടതിയിലെ അപ്പീലുകൾ എന്നിവയിൽ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും രേഖപ്പെടുത്തിയ എതിർപ്പുകൾ വെളിപ്പെടുത്തണം.

2. വോട്ടർമാരുടെ ഡേറ്റാബേസിൽ സ്വകാര്യ കരാറുകാർക്ക് പ്രവേശനമുണ്ടായിരുന്നോയെന്ന് കമ്മിഷന്റെ ഐ.ടി. ഡയറക്ടർ ജനറൽ വ്യക്തമാക്കണം.

3. പട്ടികയിൽനിന്ന് പേരുകൾ നീക്കിയത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ ഉത്തരവില്ലാതെയാണോ? ഇക്കാര്യത്തിൽ ഓഡിറ്റ് വേണമെന്ന വിവേക് ജോഷിയുടെ നിർദേശത്തിൽ എന്ത് നടപടിയെടുത്തു?

4. കന്നിവോട്ടർമാർക്ക് പേരുചേർക്കാനുള്ള ഫോം ആറിൽ പുതിയ സത്യവാങ്മൂലം ഉൾപ്പെടുത്താൻ അധികാരപ്പെടുത്തിയതാര്? 5. പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്ക് സംസ്ഥാനാടിസ്ഥാനത്തിൽ നൽകുക. 6. ഔദ്യോഗിക രേഖകളിൽ സവിശേഷാധികാരമുണ്ടെന്ന് കമ്മിഷൻ അവകാശപ്പെട്ടാൽ, അവ കോടതി പരിശോധിക്കണം.

കമ്മിഷന്റെ വാദം:

1. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് 2025 ജൂൺ, ഒക്ടോബർ, 2026 മേയ് മാസങ്ങളിൽ ഇറക്കിയ മൂന്ന് ഉത്തരവുകളും ഐകകണ്ഠ്യേനയാണ്.

2. ഫയലുകൾ തയ്യാറാക്കുന്നതിനിടെ കമ്മിഷണർമാർ അയക്കുന്ന കുറിപ്പുകൾ, സംശയങ്ങൾ, ചോദ്യങ്ങൾ എന്നിവ തീരുമാനത്തിന്റെ ഭാഗമല്ല.

3. ഫോം ആറിൽ ഭേദഗതി വരുത്തിയിട്ടില്ല. എസ്.ഐ.ആറിനുവേണ്ടി ഫോമിനോടൊപ്പം ചേർത്ത ഡിക്ലറേഷൻ പ്രത്യേക രേഖയാണ്.

4. കേന്ദ്രസർക്കാരിന് മാത്രമേ ഫോം ആറിൽ ഭേദഗതി വരുത്താനാകൂ. ഒക്ടോബർ 21 മുതൽ ഫോം ആറും എസ്.ഐ.ആർ. ഡിക്ലറേഷനും വെബ്‌സൈറ്റിൽ വെവ്വേറെ കാണിക്കുന്നു.

5. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ അനുമതിയില്ലാതെ പട്ടികയിൽ പേരുചേർക്കാനോ ഒഴിവാക്കാനോ ആകില്ല.