ബെംഗളൂരു : ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കാൻ ഓൺലൈൻ മാർഗത്തിൽ വ്യാജ അപേക്ഷ സമർപ്പിച്ചതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ നുണപറയുകയാണെന്ന് കോൺഗ്രസ്.

To advertise here,

ഈ സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ വിവരങ്ങളും കർണാടക സിഐഡിക്കു കൈമാറിയെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് നുണയാണെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ ആരോപിച്ചു.

സിഐഡി ഡിഎസ്‌പി വിവരങ്ങൾ ആവശ്യപ്പെട്ട് കർണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ അയച്ച കത്തിന്റെ പകർപ്പ് മന്ത്രി എക്സിലൂടെ പുറത്തുവിട്ടു.

കർണാടക തിരഞ്ഞെടുപ്പ് ഓഫീസർ ഈ വിഷയത്തിൽ വിവരങ്ങളാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് ഇക്കഴിഞ്ഞ മാർച്ചിൽ അയച്ച കത്തിന്റെ പകർപ്പും മന്ത്രി പുറത്തുവിട്ടു.

ഈ കത്തിൽ മുൻപ് സിഐഡി അയച്ച 18 കത്തുകളുടെ റഫറൻസ് നൽകിയിട്ടുണ്ട്.

അന്വേഷണത്തിനു നിർണായകമായ പ്രധാന വിവരങ്ങൾ നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകാത്തത് കുറ്റക്കാരെ സംരക്ഷിക്കാനാണ്. ഇപ്പോഴും വിവരങ്ങൾ നൽകാതെ നുണപറയുകയാണ് -പ്രിയങ്ക് ഖാർഗെ ആരോപിച്ചു.