വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന മഷിയുടെ പേര് ഇൻഡെലിബിൾ ഇങ്ക് എന്നാണ്. ഒരാൾ ഒന്നിലധികം വോട്ട് രേഖപ്പെടുത്തുന്നത്, അല്ലെങ്കിൽ കള്ളവോട്ട് തടയാനായാണ് വിരലിൽ മഷി പുരട്ടുന്നത്. പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഉപയോഗിച്ചു പോരുന്ന ഈ മഷി തയ്യാറാക്കുന്നത് സിൽവർ നൈട്രേറ്റ് ഉപയോഗിച്ചാണ്.

To advertise here,

ഇന്ത്യയിൽ ഉപയോഗിക്കുന്ന ഈ മഷി തയ്യാറാക്കാൻ അധികാരമുള്ളത് ഒരേ ഒരു കമ്പനിക്ക് മാത്രമാണ്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂർ പെയിന്റ്‌സ് ആന്റ് വാർണിഷ് ലിമിറ്റഡിന്. 1937-ലാണ് ഈ സ്ഥാപനം രൂപീകൃതമായത്.

ഒരു കുപ്പിയിൽ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടർമാരുടെ വിരലുകളിൽ പുരട്ടാനാവും. ഇത് പുരട്ടിയാൽ നാൽപതു സെക്കന്റുകൊണ്ട് ഉണങ്ങുകയും ചെയ്യും. അപ്പോൾ എളുപ്പത്തിൽ മായ്ക്കാനാവില്ല. വോട്ട് ചെയ്തു കഴിഞ്ഞ് ഒരുപാട് ദിവസങ്ങളെടുക്കും ഇത് തനിയെ മാഞ്ഞുപോവാൻ.

ഈ വർഷം 97 കോടിയോളം പേർക്ക് വോട്ട് ചെയ്യാനായി 27 ലക്ഷം വയൽ (ചെറിയ കുപ്പി) മഷി കമ്പനി ഉത്പാദിപ്പിച്ചു എന്നാണ് കണക്ക്. ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത്. ഏറ്റവും കുറവ് ലക്ഷദ്വീപിൽ നിന്ന്.

ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിനായി കേരളത്തിലെത്തിച്ചത് 63,100 കുപ്പി മഷിയാണ്. ഒരു വയൽ മഷിക്ക് 174 രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിരിക്കുന്ന നിരക്ക്.

മറ്റ് രാജ്യങ്ങളിലേക്കും മൈസൂർ പെയിന്റ്‌സ് ആന്റ് വാർണിഷ് ലിമിറ്റഡ് മഷി കയറ്റുമതി ചെയ്യുന്നുണ്ട്.