ന്യൂഡൽഹി : കേരളത്തിൽ എസ്.ഐ.ആറിനെത്തുടർന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇനിയും പരാതി നൽകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എസ്.ഐ.ആർ തുടർ പ്രക്രിയ ആണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ കേരളത്തിൽ നിന്നുള്ള എസ്.ഐ.ആർ ഹർജികൾ അപ്രസക്തമായെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു.

To advertise here,

എസ്.ഐ.ആറിനെത്തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 24 ലക്ഷം പേരിൽ പലർക്കും ഇനിയും അപേക്ഷ നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വേണ്ടി ഹാജരായ ജി പ്രകാശ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇവർക്ക് പരാതി നൽകാനുള്ള സമയം ഇന്ന് അവസാനിക്കുകയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സമയം നീട്ടി നൽകണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഗോവിന്ദന്‍റെ ആവശ്യത്തെ സുപ്രീം കോടതിയിൽ പിന്തുണച്ചു.

തുടർന്നാണ് പരാതി ഉള്ളവർക്ക് രേഖാമൂലം അപേക്ഷ നൽകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ലഭിക്കുന്ന പരാതികൾ പരിശോധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാന്റിങ് കോൺസൽ പി എസ് സുൽഫിക്കർ അലി ഹാജരായി.

കേരളത്തിലെ എസ്ഐആറുയി ബന്ധപ്പെട്ട ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഹർജികൾ തീർപ്പാക്കാതെ നിലനിർത്തും എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.