ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പരിഷ്‌കരണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിഎല്‍ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍)മാരുടെ ആത്മഹത്യകള്‍ ഉള്‍പ്പെടെയുള്ള മരണങ്ങളില്‍ അതീവ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ബിഎല്‍ഒമാരുടെ ജോലിസാഹചര്യങ്ങളുടെയും മാനസികാരോഗ്യത്തിന്റെയും ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് നിരീക്ഷിച്ച ബെഞ്ച്, പതിനായിരം ബിഎല്‍ഒമാരെ നിയോഗിച്ചിടത്ത് 30,000 പേരേ വരെ നിയോഗിക്കുകയും ജോലിഭാരവും സമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കാവുന്നതുമാണെന്ന് കൂട്ടിച്ചേര്‍ത്തു.

To advertise here,

ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ജീവനക്കാര്‍, പ്രത്യേകിച്ച് അവര്‍ അസുഖബാധിതരോ മറ്റെന്തെങ്കിലും കാരണംകൊണ്ട് ജോലി ചെയ്യാന്‍ കഴിയാത്തവരോ ആണെങ്കില്‍ അവര്‍ക്ക് അവധി അനുവദിക്കുകയും പകരക്കാരെ ചുമതല ഏല്‍പിക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരുകളോട് പറഞ്ഞു. ഇത്തരത്തില്‍ സമാശ്വാസം ലഭിക്കാത്തപക്ഷം ജീവനക്കാര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. ബിഎല്‍ഒമാരുടെ മരണങ്ങളുടെ പശ്ചാത്തലത്തില്‍, നടന്‍ വിജയ് അധ്യക്ഷനായ ടിവികെ പാര്‍ട്ടിയാണ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്.

അതേസമയം, ബിഎല്‍ഒമാരുടെ മരണങ്ങളുടെ ഉത്തരവാദിത്വം തിരഞ്ഞെടുപ്പു കമ്മിഷനാണെന്ന ആവശ്യം അംഗീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ബിഎല്‍ഒമാര്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാണിച്ചു. ടിവികെയുടെ ഹര്‍ജി, തീര്‍ത്തും തെറ്റും അടിസ്ഥാനരഹിതവുമാണെന്നായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാട്.