
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് വെള്ളിയാഴ്ച സമാപനമായി. സഭാനടപടികൾ പൂർത്തിയായ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും തമ്മിൽ നടത്തിയ സൗഹൃദ സംഭാഷണം ശ്രദ്ധേയമായി. വയനാടിനെക്കുറിച്ചാണ് ഇരുവരും സംസാരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ പാർലമെന്റ് ഹൗസിലെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിലാണ് നേതാക്കൾ പങ്കെടുത്തത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര മന്ത്രിമാരായ കെ. രാം മോഹൻ നായിഡു, ചിരാഗ് പാസ്വാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
ഡിസംബർ ഒന്നിന് ആരംഭിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം പാർലമെൻറിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ വിവിധ ബില്ലുകളും സഭയിൽ പാസ്സായി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരം 'വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗർ ആൻഡ് ഉപജീവന മിഷൻ - ഗ്രാമീൺ' (VB-G RAM-G) എന്ന പേരിൽ പുതിയ ബിൽ പാസാക്കിയതിൽ പ്രതിപക്ഷം വലിയ പ്രതിഷേധം നടത്തിയിരുന്നു. പദ്ധതിയിൽനിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിലും സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നതിലും പ്രതിപക്ഷം ശക്തമായി പ്രതികരിച്ചു. ഇതിനുപുറമെ, ആണവോർജ്ജ മേഖലയിലെ വികസനം ലക്ഷ്യമിട്ടുള്ള 'ശാന്തി' ബില്ലും സഭ പാസാക്കി.
ചർച്ചകളിൽ കൃത്യമായ തയ്യാറെടുപ്പുകളോടെ പങ്കെടുക്കുന്ന എൻ.കെ. പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള അംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം അഭിനന്ദിച്ചു. ഈ സമ്മേളനത്തിൽ ലോക്‌സഭ 111 ശതമാനം പ്രവർത്തനക്ഷമത കാഴ്ചവെച്ചതായി സ്പീക്കർ ഓം ബിർള അറിയിച്ചു. 59-ഓളം സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചത് ജനാധിപത്യപരമായ ഇടപെടലുകളുടെ തെളിവായി രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. വന്ദേമാതരത്തിന്റെ 150-ാം വാർഷികം, തിരഞ്ഞെടുപ്പ് പരിഷ്കരണം എന്നിവയെക്കുറിച്ചുള്ള ചർച്ചകളും സഭയിൽ നടന്നു.
2026-ന്റെ തുടക്കത്തിൽ ബജറ്റ് സമ്മേളനത്തോടെയാണ് അടുത്ത പാർലമെന്റ് സമ്മേളനം നടക്കുക.
Content Highlights: India`s Parliament winter session concludes. PM Modi and Priyanka Gandhi`s chat on Wayanad, new rural employment bill, and atomic energy bill were highlights.
Published: 19 Dec 2025, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented