പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ: ദ റൈസ് ഓഫ് എ ലെജൻഡ്' പ്രീമിയർ ലോസ് ആഞ്ജലിസിൽ നടന്നു. അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്‌ചേഴ്‌സിലെ ഡേവിഡ് ഗാഫെൻ തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിൽ പ്രദർശിപ്പിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവർത്തകരും ഉൾപ്പെടെ സന്നിഹിതരായിരുന്നു.

To advertise here,

ഏറെയും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. സാങ്കേതിക വിഭാഗത്തിനും നടന്മാരായ, രാമനെ അവതരിപ്പിച്ച രൺബീർ കപൂറിനും രാവണനായെത്തിയ യഷിനും പ്രകടനത്തിന്റെ പേരിൽ കൈയടി ലഭിക്കുന്നു. ചിത്രത്തിന്റെ ദൃശ്യഭംഗിക്കും സംഗീതത്തിനും മികച്ച പ്രതികരണമാണ്. വി.എഫ്.എക്‌സ്. ടീമിന്റെ പരിശ്രമത്തെ പ്രേക്ഷകർ വാനോളം പുകഴ്ത്തുന്നു. ബ്ലോക്ബസ്റ്റർ ഉറപ്പെന്നാണ് പല ആരാധകരും അവകാശപ്പെടുന്നത്.

പ്രശംസയ്‌ക്കൊപ്പം തന്നെ ചില നെഗറ്റീവ് റിവ്യൂകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. രാമായണത്തിന്റെ ആത്മീയ സ്വഭാവം ചിത്രത്തിന് ലഭിച്ചില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. പലയിടത്തും പശ്ചാത്തല സംഗീതം ചിത്രത്തോട് നീതിപുലർത്തുന്നില്ലെന്നും പലരും അഭിപ്രായപ്പെട്ടു. വൈകാരികമായി പ്രേക്ഷകനെ ചിത്രത്തോട് ചേർത്തുനിർത്തുന്ന ഒന്നുമില്ലെന്നും ചിലർ പരാതിപ്പെട്ടു. രണ്ടാം പകുതിയിൽ ചിത്രം ഇഴഞ്ഞുനീങ്ങുകയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

പ്രീമിയറിൽ നിർമാതാവ് നമിത് മൽഹോത്ര, സംവിധായകൻ നിതേഷ് തിവാരി, അഭിനേതാക്കളായ രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവർ സന്നിഹിതരായി. റെഡ് കാർപറ്റിൽ ഇവർക്ക് വൻസ്വീകരണമാണ് ലഭിച്ചത്.

രണ്ടുഭാഗങ്ങൾ ചേർന്ന് 4000 കോടി ബജറ്റിൽ നിർമിക്കപ്പെട്ട ചിത്രത്തിന്റെ ആദ്യഭാഗം ദീപാവലിയോട് അനുബന്ധിച്ച് നവംബർ അഞ്ചിന് തിയേറ്ററിലെത്തും. രണ്ടാംഭാഗം അടുത്ത വർഷം ദീപാവലിക്ക് തിയേറ്ററിലെത്തിക്കാനാണ് പദ്ധതി. സണ്ണി ഡിയോൾ, രവി ദുബെ എന്നിവർ ഉൾപ്പെടെ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.