ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് എംഎൽസി തിരഞ്ഞെടുപ്പ് നടന്നത്

ലഖ്നൗ: ഉത്തർപ്രദേശ് നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ (എംഎൽസി) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ നേട്ടവുമായി സമാജ്‍വാദി പാർട്ടി (എസ്‍പി). വാരണാസി അധ്യാപക മണ്ഡലത്തിൽ എസ്പി സ്ഥാനാർഥി ലാൽ ബിഹാരി യാദവ് വിജയിച്ചു. വാരണാസി ബിരുദ മണ്ഡലത്തിൽ എസ്പി സ്ഥാനാർഥി അശുതോഷ് സിൻഹ വലിയ മുന്നേറ്റമാണ് നടത്തുന്നത്. അതേസമയം, സംസ്ഥാനത്തെ ആകെ എംഎൽസി തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപിക്കാണ് കൂടുതൽ സീറ്റുകൾ ലഭിച്ചത്.
വാരണാസി അധ്യാപക മണ്ഡലത്തിൽ ബിജെപിയുടെ പ്രമോദ് കുമാർ മിശ്രയെ 4,898 വോട്ടുകൾക്കാണ് ലാൽ ബിഹാരി യാദവ് പരാജയപ്പെടുത്തിയത്. 2020-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മിശ്ര, യാദവിനോട് 936 വോട്ടുകളുടെ മാത്രം വ്യത്യാസത്തിലായിരുന്നു പരാജയപ്പെട്ടത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം കുത്തനെ വർധിപ്പിച്ചാണ് യാദവിന്റെ വിജയം. അധ്യാപകർ സമാജ്‍വാദി പാർട്ടിക്കൊപ്പം ഉറച്ചുനിന്നതാണ് വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.
വാരണാസി ബിരുദ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കേദാർനാഥ് സിങ്ങിനെതിരെ എസ്പിയുടെ അശുതോഷ് സിൻഹ വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് ഈ രണ്ട് മണ്ഡലങ്ങളും. അതിനാൽ തന്നെ തിരഞ്ഞെടുപ്പ് ഫലം ഏവരും ഉറ്റുനോക്കിയിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വിജയം വലിയ ആത്മവിശ്വാസം നൽകുന്നതാണെന്നാണ് സമാജ്‍വാദി പാർട്ടി നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ, എംഎൽസി തിരഞ്ഞെടുപ്പ് ഫലം മാത്രം കണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി പ്രവചിക്കാനാകില്ല.
സംസ്ഥാനത്ത് 11 നിയമനിർമാണ കൗൺസിൽ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ അഞ്ച് സീറ്റുകളിൽ ബിജെപി വിജയിച്ചു. ഒരു സീറ്റിൽ കൂടി ബിജെപി മുന്നിലാണെന്നാണ് റിപ്പോർട്ട്. ലഖ്നൗ അധ്യാപക മണ്ഡലം, മീററ്റ് സഹാറൻപുർ അധ്യാപക മണ്ഡലം, ബറേലി മൊറാദാബാദ് അധ്യാപക മണ്ഡലം, മീററ്റ് സഹാറൻപുർ ബിരുദ മണ്ഡലം എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്. ആഗ്ര അധ്യാപക മണ്ഡലത്തിൽ സമാജ്‍വാദി പാർട്ടിയും നേട്ടമുണ്ടാക്കി. വാരണാസിയിൽ തിരിച്ചടി നേരിട്ടെങ്കിലും സംസ്ഥാനത്തെ മറ്റ് മേഖലകളിൽ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ബിരുദ മണ്ഡലങ്ങളും അധ്യാപക മണ്ഡലങ്ങളും സാധാരണ തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിൽനിന്ന് വ്യത്യസ്തമാണ്. ഇവിടങ്ങളിൽ പൊതുജനങ്ങൾക്കെല്ലാം വോട്ട് ചെയ്യാനാകില്ല. നിശ്ചിത യോഗ്യതയുള്ളതും വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ളതുമായ ബിരുദധാരികൾക്കും അധ്യാപകർക്കും മാത്രമാണ് വോട്ട് ചെയ്യാൻ കഴിയുക. രണ്ട് സഭകളുള്ള സംസ്ഥാനങ്ങളിൽ നിയമനിർമാണ കൗൺസിലിലേക്കാണ് ഇത്തരം മണ്ഡലങ്ങളിൽനിന്ന് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ജാതി, മതം, പണം, കൈയൂക്ക് തുടങ്ങിയ ഘടകങ്ങളുടെ സ്വാധീനം കുറച്ച് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർക്കും പ്രാതിനിധ്യം നൽകുക എന്നതായിരുന്നു ഇത്തരം മണ്ഡലങ്ങൾ രൂപീകരിച്ചതിന് പിന്നിലെ പ്രധാന ആശയം.
വാരണാസിയിലെ വിജയത്തിന് പിന്നാലെ ബിജെപിക്കെതിരെ വിമർശനവുമായി എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. അധ്യാപകർക്ക് ബിജെപിയിൽനിന്ന് അപമാനം മാത്രമാണ് ലഭിച്ചതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. അധ്യാപകരെ കാലിത്തീറ്റ ശേഖരിക്കുന്നതുപോലുള്ള അനാവശ്യ ജോലികൾ ചെയ്യിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി അധ്യാപകർ തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ മോദിയുടെ വിജയഭൂരിപക്ഷം 2019-ലെയും 2014-ലെയും തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറഞ്ഞതും എസ്പി നേതാക്കൾ ചൂണ്ടിക്കാട്ടി. അന്ന് കോൺഗ്രസ് സ്ഥാനാർഥി അജയ് റായിയെ ഒന്നരലക്ഷത്തിലധികം വോട്ടുകൾക്കാണ് മോദി പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന മോദി പിന്നീട് മുന്നിലെത്തിയാണ് വിജയിച്ചത്. വാരണാസിയിലെ ഇപ്പോഴത്തെ ഫലം പ്രദേശത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാകുന്നതിന്റെ സൂചനയാണെന്നാണ് പ്രതിപക്ഷ നേതാക്കളുടെ വാദം. അതേസമയം, 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിന്റെ സ്വാധീനം എത്രത്തോളമുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ എംഎൽസി തിരഞ്ഞെടുപ്പ് ഫലങ്ങൾ:
കർണാടക
കർണാടക എംഎൽസി തിരഞ്ഞെടുപ്പ് നാല് സീറ്റുകളും നേടി ബിജെപി-ജെഡിഎസ് സഖ്യം തൂത്തുവാരി. ബിജെപി മൂന്ന് സീറ്റുകൾ നിലനിർത്തിയപ്പോൾ കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന ബെംഗളൂരു അധ്യാപക മണ്ഡലം ജെഡിഎസ് പിടിച്ചെടുത്തു. ഇതോടെ മത്സരിച്ച നാല് സീറ്റുകളിലും കോൺഗ്രസിന് തിരിച്ചടിയായി. 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തിന് ആത്മവിശ്വാസം നൽകുന്നതാണ് ഫലം.
ബെംഗളൂരു അധ്യാപക മണ്ഡലത്തിൽ ജെഡിഎസ് സ്ഥാനാർഥി എ.പി. രംഗനാഥ് സിറ്റിങ് എംഎൽസിയും കോൺഗ്രസ് സ്ഥാനാർഥിയുമായ പുട്ടണ്ണയെ 908 വോട്ടുകൾക്ക് പരാജയപ്പെടുത്തി. നോർത്ത് ഈസ്റ്റ് അധ്യാപക മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ശശിൽ ജി. നമോഷി വിജയിച്ചു. ഈ മണ്ഡലത്തിൽ അഞ്ചാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. സൗത്ത് ഈസ്റ്റ് ബിരുദ മണ്ഡലത്തിൽ ബിജെപിയുടെ കെ.എം. സുരേഷ് 23,098 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വെസ്റ്റ് ബിരുദ മണ്ഡലത്തിൽ എസ്.വി. സങ്കനൂരും ബിജെപിക്കായി വിജയം നേടി.
തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ല. എന്നാൽ, കോൺഗ്രസ് സർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന് ഫലം ഉപയോഗിക്കാനാണ് ബിജെപി-ജെഡിഎസ് സഖ്യത്തിന്റെ നീക്കം. കോൺഗ്രസ് സർക്കാരിനെ ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് വിജയമെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) ചരിത്രവിജയമാണിതെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും പ്രതികരിച്ചു.
ബിഹാർ
ബിഹാർ എംഎൽസി തിരഞ്ഞെടുപ്പിൽ ദർഭംഗ അധ്യാപക മണ്ഡലത്തിൽ വിജയിച്ചതോടെ ജൻ സൂരാജ് പാർട്ടി അക്കൗണ്ട് തുറന്നു. പാർട്ടി സ്ഥാനാർഥി സുരേഷ് പ്രസാദ് റായ് സിറ്റിങ് കോൺഗ്രസ് എംഎൽസി മദൻ മോഹൻ ഝായെ 324 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തിർഹുത് അധ്യാപക മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി നരേന്ദ്ര പ്രസാദ് സിങ് സ്വതന്ത്ര സ്ഥാനാർഥി ഭൂഷൺ കുമാർ ഝായെ തോൽപ്പിച്ചു. പട്ന ബിരുദ മണ്ഡലത്തിൽ ജെഡിയു സ്ഥാനാർഥി നീരജ് കുമാർ ആർജെഡി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയതായാണ് റിപ്പോർട്ട്. എന്നാൽ, ഈ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പട്ന അധ്യാപക മണ്ഡലത്തിൽ ആർജെഡി സ്ഥാനാർഥി സഞ്ജീവ് കുമാർ സിറ്റിങ് ബിജെപി എംഎൽസി നവൽ കിഷോർ യാദവിനെ പരാജയപ്പെടുത്തി. സരൺ അധ്യാപക മണ്ഡലത്തിൽ സിറ്റിങ് എംഎൽസി അഫാഖ് അഹമ്മദിനെ സ്വതന്ത്ര സ്ഥാനാർഥി രാഹുൽ രാജും തോൽപ്പിച്ചു. ശേഷിക്കുന്ന സീറ്റുകളിലെ വോട്ടെണ്ണൽ തുടരുകയാണ്. ബുധനാഴ്ച വൈകിട്ടോടെ പൂർണമായ ഫലങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 23-ന് നടന്ന വോട്ടെടുപ്പിൽ അധ്യാപക മണ്ഡലങ്ങളിൽ 82.85 ശതമാനവും ബിരുദ മണ്ഡലങ്ങളിൽ 53.42 ശതമാനവും പോളിങ് രേഖപ്പെടുത്തി.
മഹാരാഷ്ട്ര
എംഎൽസി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്ന മഹാരാഷ്ട്രയിൽ ബിജെപി സഖ്യമായ മഹായുതിയാണ് മുന്നിൽ. ആകെയുള്ള അഞ്ച് സീറ്റിൽ മൂന്നിടത്തും മഹായുതി ലീഡ് ചെയ്യുകയാണ്. പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി രണ്ടിടത്താണ് മുന്നേറുന്നത്. അഞ്ച് സീറ്റുകളിലേക്കായി 182 സ്ഥാനാർഥികളാണ് മഹാരാഷ്ട്ര എംഎൽസി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
Content Highlights: The Samajwadi Party scored a notable victory in Prime Minister Narendra Modi's parliamentary constituency, with Lal Bihari Yadav winning the Varanasi teachers' seat in the Uttar Pradesh Legislative Council elections.
Published: 28 Oct 2026, 02:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented