ന്യൂഡൽഹി: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയെ രാജ്യസഭാ സ്ഥാനാർഥിയാക്കി ബിജെപി. മുൻ കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചതിന് പിന്നാലെയുണ്ടായ ഒഴിവിൽ മധ്യപ്രദേശിൽനിന്നാണ് മത്സരിക്കുക. നവംബർ 12-ാം തീയതിയാണ് തിരഞ്ഞെടുപ്പ്. 2026 നവംബർ 25-നാണ് പുരിയുടെ നിലവിലെ രാജ്യസഭാംഗമെന്ന നിലയിലുള്ള കാലാവധി അവസാനിക്കുന്നത്. നേരത്തെ ഉത്തർപ്രദേശിൽനിന്നുള്ള രാജ്യസഭാ സ്ഥാനാർഥികളുടെ പട്ടികയിൽ പുരിയുടെ പേരില്ലാതിരുന്നത് ചർച്ചയായിരുന്നു.

To advertise here,

മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻകൂടിയായ പുരി, 2018-ലാണ് ആദ്യമായി രാജ്യസഭാംഗമാകുന്നത്. അന്ന് ഉത്തർ പ്രദേശിൽനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ, യുപിയിൽനിന്നുള്ള എട്ട് സ്ഥാനാർഥികളുടെ പേരുകളാണ് ബിജെപി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇതിൽ പേരില്ലാതിരുന്നതോടെ 74-കാരനായ പുരിയുടെ രാഷ്ട്രീയഭാവിയെക്കുറിച്ച് ചർച്ചകൾ സജീവമായി. എന്നാൽ, ഇന്ന് പുരിയുടെ സ്ഥാനാർഥിത്വം ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചതോടെ അഭ്യൂഹങ്ങൾക്ക് അവസാനമായി.

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതിന് പിന്നാലെയാണ് പുരി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. ഭവന-നഗരകാര്യവകുപ്പുമന്ത്രിസ്ഥാനമാണ് ലഭിച്ചത്. 2019-ൽ അമൃത്സറിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ ഗുർജീത് സിങ് ഒജ്‌ലയോട് പരാജയപ്പെട്ടിരുന്നു. വാണിജ്യ-വ്യവസായ വകുപ്പ് സഹമന്ത്രിസ്ഥാനവും സ്വതന്ത്ര ചുമതലയുള്ള വ്യോമയാന വകുപ്പ് സഹമന്ത്രിസ്ഥാനവും കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ടാം മോദി സർക്കാരിൽ, 2021-ൽ ഭവന-നഗരകാര്യ വകുപ്പുകൾക്കൊപ്പം പെട്രോളിയം-പ്രകൃതിവാതക വകുപ്പുകൾ കൂടി ലഭിച്ചു.