
കൊച്ചി: ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ നടപടിയുടെ ഉത്തരവ് പുറത്ത്. കേസിൽ തുടക്കംമുതൽ ചുമത്തേണ്ടിയിരുന്ന ബി.എൻ.എസ്. 105 ഉൾപ്പെടുത്തുന്നതിൽ വീഴ്ച ഉണ്ടായി. പ്രായപൂർത്തിയാകാത്ത ആളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതും വീഴ്ചയാണെന്നും ഉത്തരവിൽ പറയുന്നു. ഇന്നാണ് ഉദ്യോഗസ്ഥരുടെ വീഴ്ച അക്കമിട്ട് നിരത്തുന്ന വിശദ റിപ്പോർട്ട് പുറത്തുവന്നത്.
ചേരാനല്ലൂർ സി.ഐ. കെ.എസ്. ശ്യാംകുമാർ, എസ്.എച്ച്.ഒ. കൂടിയായ എസ്.ഐ. വി.എസ്. വിശ്വജിത്ത്, എ.എസ്.ഐ. കെ.ടി. മനോജ്, സീനിയർ സി.പി.ഒ. അരുൺ ജോഷി എന്നിവരെയാണ് കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്. എ.ഡി.ജി.പി. പി. വിജയൻ കൊച്ചിയിലെത്തി പരിശോധന നടത്തിയശേഷമാണ് സസ്പെൻഷൻ. സി.സി.ടി.വി. ദൃശ്യങ്ങൾ, ഡിജിറ്റൽ തെളിവുകൾ, എഫ്.ഐ.ആറിലെ പിഴവുകൾ, ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴികൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് ഡി.ജി.പി.ക്ക് കൈമാറിയിരുന്നു.
പ്രായപൂർത്തിയാകാത്ത ആളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വീഴ്ച. അപകടത്തിന്റെ ദൃശ്യങ്ങൾ പരാതിക്കാരന്റെ ഫോണിൽനിന്ന് നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു. കുട്ടിയുടെ വ്യക്തിത്വം സംരക്ഷിക്കാനെന്ന പേരിൽ ഫോണിലെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതും തെറ്റാണ്. ഇതിന് പോലീസിന് അധികാരമില്ലെന്ന് ഡി.ജി.പി. സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. അന്വേഷണത്തിലെ വീഴ്ച പോലീസിന്റെ അന്തസ്സിന് മങ്ങലേൽപ്പിച്ചു. പ്രായപൂർത്തിയാകാത്തയാൾ രാത്രിയിൽ പൊതുനിരത്തിൽ വാഹനം ഓടിച്ചത് തെറ്റാണെന്നും ഇയാൾ അപകടത്തിൽ പെട്ടയാളെ സഹായിക്കാതെ രക്ഷപ്പെടാൻ ശ്രമിച്ചെന്നും നടപടി ഉത്തരവിൽ പറയുന്നു.
കേസ് ഡയറി പരിശോധിച്ചതിൽനിന്ന് ആദ്യഘട്ടത്തിൽത്തന്നെ ബി.എൻ.എസ്. വകുപ്പ് 105 ചുമത്താനുള്ള മതിയായ കാരണങ്ങൾ ഉണ്ടായിരുന്നു. വാഹനം ഓടിച്ചയാൾ പ്രായപൂർത്തിയാകാത്തയാളും ഡ്രൈവിങ് ലൈസൻസിന് അർഹതയില്ലാത്തയാളുമായിരുന്നിട്ടും രാത്രിയിൽ പൊതുനിരത്തിലൂടെ കാർ ഓടിച്ചു. വാഹനം ഇടിച്ചതിനുശേഷം പരിക്കേറ്റയാളെ സഹായിക്കാതെ ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. കേസ് രജിസ്റ്റർചെയ്യുന്ന സമയത്തുതന്നെ ഈ വസ്തുതകൾ പോലീസിന് അറിയാമായിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർചെയ്യുമ്പോൾ എസ്.എച്ച്.ഒ. വിശ്വജിത്ത്, സർക്കിൾ ഇൻസ്പെക്ടർ ശ്യാം കുമാർ എന്നിവർ സ്റ്റേഷനിൽ ഉണ്ടായിരുന്നു. അനുയോജ്യമായ നിയമവകുപ്പുകൾ ചുമത്തുന്നതിൽ ജാഗ്രത പുലർത്താത്തതാണ് നിയമവുമായി ഏറ്റുമുട്ടലിൽ ഏർപ്പെട്ട കുട്ടിക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കാൻ ഇടയാക്കിയത്.
പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് പരാതിക്കാരനായ അനന്തകൃഷ്ണന്റെ ഫോൺ കെ.ടി. മനോജ്, അരുൺ ജോഷി എന്നിവർ വാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്യിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിന്റെ പേരിൽ ഈ നടപടിയെ ന്യായീകരിക്കാൻ കഴിയില്ല. ജുവനൈൽ ജസ്റ്റിസ് ആക്ട് 2015-ലെ വകുപ്പ് 74 പ്രകാരം കുട്ടിയുടെ ഐഡന്റിറ്റി മാധ്യമങ്ങളിൽ വെളിപ്പെടുത്തുന്നത് മാത്രമാണ് വിലക്കിയിട്ടുള്ളത്. അതല്ലാതെ, കുട്ടിക്ക് ബന്ധമുള്ള ഒരു വ്യക്തിയുടെ സാന്നിധ്യത്തിൽ ഒരു വ്യക്തിയെ നിർബന്ധിച്ച് അദ്ദേഹത്തിന്റെ ഫോണിലെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് അധികാരമില്ല. ഉദ്യോഗസ്ഥരുടെ പ്രവൃത്തികൾ ഗുരുതരമായ കർത്തവ്യവിലോപവും പൊതുജനങ്ങൾക്കിടയിൽ പോലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതുമാണെന്ന് ഉത്തരവിൽ പറയുന്നു.
Content Highlights: Four police officers including CI and SHO suspended for severe lapses in the Cheranalloor accident case., Failure to invoke BNS Section 105 initially and granting station bail to the minor accused., Police forcefully deleted accident evidence from the complainant's phone, which was deemed illegal., ADGP P. Vijayan investigated the case and submitted a detailed report to the DGP.
Published: 28 Oct 2026, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented