ഇസ്രയേലിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ടെൽ അവീവിൽനിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള ഹൈവേകളിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി സ്ഥാപിച്ച കൂറ്റൻ ഫ്‌ലക്‌സുകളിൽ ഒരൊറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ 'ഞങ്ങളോ പലസ്തീനികളോ?.

To advertise here,

ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ നെതന്യാഹു ഭയന്ന അതേ രാഷ്ട്രീയസാധ്യതകളിലേക്കാണ് ഇസ്രായേൽ നീങ്ങുന്നത്. എക്‌സിറ്റ് പോളുകളിൽ നെതന്യാഹു നയിക്കുന്ന വലതുപക്ഷ ചേരിക്ക് നേരിയ മുൻതൂക്കമുണ്ടെങ്കിലും, തീവ്ര വലതുപക്ഷ ജൂത പാർട്ടികളുടെ മാത്രം പിന്തുണയോടെ കേവലഭൂരിപക്ഷം തികയ്ക്കാൻ നെതന്യാഹുവിന് കഴിയില്ലെന്നാണ് പ്രാഥമിക സൂചനകൾ.

മറുവശത്ത്, കുറഞ്ഞത് 21 സീറ്റുകളുമായി പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായി മാറുന്ന ഗാഡി ഐസൻകോട്ടിന്റെ 'യാഷർ' പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം തൊടാനാവില്ല. ഈ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ അംഗബലം ഇരട്ടിയാക്കി അറബ് നേതാവായ മൻസൂർ അബ്ബാസിന്റെ 'റാം' പാർട്ടിയും ഇടതുപക്ഷ സ്വഭാവമുള്ള 'ജോയിന്റ് ലിസ്റ്റും' ഇസ്രായേൽ രാഷ്ട്രീയത്തിലെ നിർണായക ശക്തികളായി ഉയർന്നുവരുന്നത്.

കരുത്തുകാട്ടി അറബ് വോട്ടർമാർ; അവഗണിക്കാനാവാത്ത 19 സീറ്റുകൾ

ഇസ്രായേൽ പാർലമെന്റായ നെസെറ്റിലെ 120 സീറ്റുകളിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ പാർലമെന്റിൽ രണ്ട് പ്രമുഖ അറബ് സഖ്യങ്ങൾക്കുമായി ആകെ 10 സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, ഇത്തവണത്തെ എക്‌സിറ്റ് പോളുകൾ പ്രകാരം റാം പാർട്ടിയും ജോയിന്റ് ലിസ്റ്റും ചേർന്ന് 16 മുതൽ 19 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.

ഇസ്രായേലിലെ ആകെ ജനസംഖ്യയുടെ ഇരുപത് ശതമാനത്തിലധികം വരുന്ന അറബ് പൗരന്മാർ മുൻകാലങ്ങളിലെ തിരഞ്ഞെടുപ്പ് വിമുഖത വെടിഞ്ഞ് റെക്കോഡ് ഭൂരിപക്ഷത്തോടെ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയതാണ് ഈ കുതിപ്പിനു പിന്നിൽ. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധകാലത്ത് പലായനം ചെയ്യാതെ സ്വന്തം മണ്ണിൽ തുടർന്ന പലസ്തീനികളുടെ പിൻമുറക്കാരാണ് ഇസ്രായേൽ പൗരത്വമുള്ള ഈ അറബ് ജനത. ഏറ്റവും വലിയ അറബ് നഗരങ്ങളിലൊന്നായ ഉം അൽ-ഫാമിലടക്കം ചൊവ്വാഴ്ച രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.

ഗാസയിലും വെസ്റ്റ് ബാങ്കിലും നെതന്യാഹു സർക്കാർ തുടരുന്ന സൈനിക അതിക്രമങ്ങൾക്കൊപ്പം, ഇസ്രായേലിനുള്ളിലെ അറബ് പൗരന്മാരെ രണ്ടാംതരം പൗരന്മാരായി കാണുന്ന വിവേചനപരമായ നയങ്ങളോടുള്ള കടുത്ത രോഷമാണ് ഇത്തവണ ബാലറ്റിലൂടെ പ്രതിഫലിച്ചത്. അറബ് മേഖലകളിലെ ഭവനനിർമാണ വിലക്കുകൾ, നെഗെവ് മേഖലയിലെ ഗ്രാമങ്ങൾ ഇടിച്ചുനിരത്തൽ, പോലീസിന്റെ അനാസ്ഥമൂലം അറബ് പട്ടണങ്ങളിൽ പെരുകുന്ന മാഫിയാ കൊലപാതകങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 252 അറബ് പൗരന്മാരാണ് വെടിയേറ്റുമരിച്ചത് എന്നിവയെല്ലാം വോട്ടർമാരെ ഭരണകൂടത്തിനെതിരെ തിരിച്ചു.

അറബ് ജനത തങ്ങളുടെ നിരാശയെയും രോഷത്തെയും പ്രതീക്ഷയാക്കി മാറ്റിയെന്നാണ് ഈ പോളിങ് കുതിപ്പിനെ മൻസൂർ അബ്ബാസ് വിശേഷിപ്പിച്ചത്. ഇനിയൊരു രാഷ്ട്രീയ സാഹചര്യത്തിലും അറബ് പാർട്ടികളെ അവഗണിച്ച് മുന്നോട്ടുപോകാനാവില്ലെന്ന ജോയിന്റ് ലിസ്റ്റ് ചെയർമാൻ യൂസഫ് ജബരീന്റെ വാക്കുകൾ ഈ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്

ഐസൻകോട്ടിന്റെ ധർമസങ്കടവും അബ്ബാസിന്റെ പ്രായോഗിക രാഷ്ട്രീയവും

നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തിൽ ഗാഡി ഐസൻകോട്ടും മൻസൂർ അബ്ബാസും ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത്. ഒക്ടോബർ 7-ലെ സുരക്ഷാ വീഴ്ചയ്ക്കും നെതന്യാഹു സർക്കാരിനുമെതിരായ ജനവിധിയാണ് പുറത്തുവന്നിരിക്കുന്നതെന്നും, രാജ്യത്തെ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടാതെ പുതിയ സർക്കാർ രൂപവത്കരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നുമാണ് ഐസൻകോട്ടിന്റെ പ്രഖ്യാപനം. സുരക്ഷാ പ്രതിസന്ധികളെയും യുദ്ധത്തെയും സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാൻ നെതന്യാഹു മുതിരരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. നെതന്യാഹുവിനെ താഴെയിറക്കാൻ ഏതറ്റം വരെയും പോകുമെന്നും പുതിയൊരു സർക്കാർ യാഥാർഥ്യമാക്കുകയാണ് തന്റെ പ്രഥമ പരിഗണനയെന്നും മൻസൂർ അബ്ബാസും വ്യക്തമാക്കിക്കഴിഞ്ഞു.

എന്നാൽ, ഇരുവരും തമ്മിലൊരു ഔദ്യോഗിക സഖ്യം എത്രത്തോളം സാധ്യമാണെന്നതാണ് ഇസ്രായേൽ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചോദ്യം. നിർബന്ധിത സൈനിക സേവനത്തെ പിന്തുണയ്ക്കുന്ന ഒരു സയണിസ്റ്റ് ഭൂരിപക്ഷ സർക്കാർ രൂപീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെയും ഐസൻകോട്ട് ആവർത്തിച്ചത്. നിർബന്ധിത സൈനിക സേവനത്തിൽനിന്നുള്ള ഇളവുകളെച്ചൊല്ലി ഷാസ്, യുണൈറ്റഡ് തോറ ജൂഡായിസം തുടങ്ങിയ തീവ്ര ജൂത പാർട്ടികളുമായുള്ള ഭിന്നത നെതന്യാഹുവിന് തിരിച്ചടിയാകുമ്പോഴും, അറബ് പാർട്ടികളോടുള്ള പരമ്പരാഗത രാഷ്ട്രീയ അയിത്തം മറികടക്കാൻ ഐസൻകോട്ട് നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് എളുപ്പമല്ല. പാർലമെന്റിലെ ഭൂരിപക്ഷത്തിന് അറബ് എം.പി.മാരുടെ പിന്തുണയെ ആശ്രയിക്കരുതെന്ന ചിന്താഗതി ഇസ്രായേലിലെ വലിയൊരു വിഭാഗം ജൂത വോട്ടർമാർക്കിടയിൽ ഇപ്പോഴും ശക്തമാണ്.

ഇവിടെയാണ് ഗലീലിയിലെ മഘാർ ഗ്രാമത്തിൽനിന്നുള്ള ദന്തഡോക്ടറായ മൻസൂർ അബ്ബാസിന്റെ പ്രായോഗിക രാഷ്ട്രീയ തന്ത്രങ്ങൾ പ്രസക്തമാകുന്നത്. ആദ്യം സർക്കാർ രൂപീകരിക്കാനുള്ള 61 സീറ്റുകൾ ഉറപ്പാക്കുക, തുടർന്ന് പൊതുവായ വിഷയങ്ങളിൽ ചർച്ചയിലൂടെ സമവായത്തിലെത്തുക എന്ന നയമാണ് അബ്ബാസ് മുന്നോട്ടുവെക്കുന്നത്. ജൂത-അറബ് സഹവർത്തിത്വത്തിന്റെ സന്ദേശം നൽകാൻ മുൻ പോലീസ് കമാൻഡറും മുൻ ഡെപ്യൂട്ടി ആഭ്യന്തര സുരക്ഷാ മന്ത്രിയുമായ യോവ് സെഗലോവിറ്റ്‌സ് എന്ന സയണിസ്റ്റിനെയാണ് അബ്ബാസ് ഇത്തവണ റാം പാർട്ടിയുടെ തിരഞ്ഞെടുപ്പ് പട്ടികയിൽ രണ്ടാമനായി മത്സരിപ്പിച്ചത്. അറബികളുടെയും ജൂതന്മാരുടെയും പൊതുവായ ഭാവി നിർണയിക്കാൻ ഭരണസഖ്യത്തിന്റെ ഭാഗമാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെഗലോവിറ്റ്‌സും വ്യക്തമാക്കുന്നു.

2021-ലെ അട്ടിമറി ആവർത്തിക്കുമോ?

ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിനും ഗാസ യുദ്ധത്തിനും ശേഷം ജൂത-പലസ്തീൻ വംശീയ അകൽച്ച ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഇത്തരമൊരു രാഷ്ട്രീയ പരീക്ഷണത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നത്. 2021 ജൂണിൽ തീവ്ര വലതുപക്ഷക്കാരനായ നഫ്താലി ബെന്നറ്റും മിതവാദിയായ യായിർ ലാപിഡും മൻസൂർ അബ്ബാസുമായി കൈകോർത്താണ് നെതന്യാഹുവിന്റെ പന്ത്രണ്ട് വർഷത്തെ തുടർഭരണം അവസാനിപ്പിച്ചത്. അന്ന് ബെന്നറ്റിനും ലാപിഡിനും മുമ്പേ സ്വന്തം ഔദ്യോഗിക വസതിയിലേക്ക് അബ്ബാസിനെ രഹസ്യചർച്ചയ്ക്ക് ക്ഷണിച്ച് അറബ് പാർട്ടികൾക്കുമേലുള്ള രാഷ്ട്രീയ അയിത്തം ആദ്യം നീക്കിയത് സാക്ഷാൽ നെതന്യാഹു തന്നെയായിരുന്നു.

ഒരു വർഷത്തിനുള്ളിൽ ബെന്നറ്റ്-ലാപിഡ് സർക്കാർ വീഴുകയും തീവ്ര വലതുപക്ഷത്തിന്റെ പിന്തുണയോടെ നെതന്യാഹു അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്‌തെങ്കിലും, ഇത്തവണത്തെ ചിത്രം വ്യത്യസ്തമാണ്. അധികാരം പിടിച്ചെടുക്കാൻ മറ്റൊരു വഴിയുമില്ലെന്ന് വന്നാൽ, പ്രചാരണകാലത്തെ എതിർപ്പുകൾ മാറ്റിവെച്ച് പ്രതിപക്ഷ സഖ്യത്തിന് മൻസൂർ അബ്ബാസിന്റെ കൈപിടിക്കേണ്ടിവരും. മന്ത്രിസഭയിൽ നേരിട്ട് അംഗമാകാതെ പുറത്തുനിന്ന് പിന്തുണ നൽകാമെന്ന ധാരണയിൽ നെതന്യാഹുവിനെ അധികാരത്തിനു പുറത്തുനിർത്താൻ ഐസൻകോട്ടും അബ്ബാസും ശ്രമിച്ചേക്കുമെന്ന സാധ്യതയാണ് നിലവിലുള്ളത്.

Read more: നെതന്യാഹുവിന്റെ കസേര തെറുപ്പിക്കാൻ കച്ചകെട്ടിയ അറബ് ഡോക്ടർ; ഇസ്രയേൽ തിരഞ്ഞെടുപ്പിലെ കറുത്ത കുതിരയായ 'റാം' പാർട്ടി