ന്യൂഡൽഹി: ഡൽഹിയിലെ മദ്യഷോപ്പുകളിൽ ഉപഭോക്താക്കൾക്ക് മദ്യം മുൻകൂട്ടി ബുക്ക് ചെയ്ത് പണം ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഡൽഹിയിലെ 208 മദ്യശാലകളിലാണ് ഓൺലൈൻ ബുക്കിങ് സംവിധാനം ആരംഭിച്ചിരിക്കുന്നത്. പണമടച്ച് 48 മണിക്കൂറിനുള്ളിൽ ഉപഭോക്താക്കൾ കുപ്പികൾ നേരിട്ട് പോയി വാങ്ങണം എന്നതാണ് ഇതിലെ പ്രധാന നിബന്ധന. ഹോം ഡെലിവറി സൗകര്യം ലഭ്യമല്ല.

To advertise here,

മദ്യശാലകൾക്ക് മുന്നിലെ നീണ്ട ക്യൂ കുറയ്ക്കുക, പേയ്മെന്റ് കൗണ്ടറുകളിലെ തിരക്ക് ലഘൂകരിക്കുക, വിലവിവരങ്ങളിലും ബില്ലിങ്ങിലും കൂടുതൽ സുതാര്യത വരുത്തുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (DSI-ID-C) ആണ് 'ഡൽഹി ലിക്വർ ബുക്കിങ്' (Delhi Liquor Booking) ആപ്പ് അവതരിപ്പിച്ചത്.

സർക്കാരിന്റെ പുതിയ ആപ്പ് വഴി ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കാനും, സ്റ്റോക്ക് ലഭ്യമാണോ എന്ന് പരിശോധിക്കാനും, ഓൺലൈനായി പണമടച്ച ശേഷം നിർദ്ദിഷ്ട മദ്യശാലകളിലേക്ക് ഓർഡറുകൾ നൽകാനും സാധിക്കും. തലസ്ഥാനത്തുടനീളം കോർപ്പറേഷൻ നടത്തുന്ന 208 മദ്യശാലകളിൽ നിലവിൽ ഈ സൗകര്യം ലഭ്യമാണ്.

ഡൽഹി ലിക്വർ ബുക്കിങ് ആപ്പിന്റെ പ്രവർത്തനരീതി

ഓർഡർ നൽകുന്നതിന് മുൻപായി ആപ്പ് വഴി ബന്ധപ്പെട്ട സ്റ്റോറുകളിൽ ലഭ്യമായ മദ്യ ബ്രാൻഡുകൾ ഉപഭോക്താക്കൾക്ക് പരിശോധിക്കാം. ഉപഭോക്താക്കൾക്ക് സ്റ്റോർ തിരഞ്ഞെടുക്കാനും, തങ്ങൾക്ക് ഇഷ്ടപ്പെട്ട ബ്രാൻഡ്, കുപ്പിയുടെ അളവ്, എണ്ണം എന്നിവ തിരഞ്ഞെടുത്ത് ഓൺലൈനായി പണമടയ്ക്കാനും സാധിക്കും. ബുക്കിങ് പൂർത്തിയായിക്കഴിഞ്ഞാൽ ആപ്പിൽ ഒരു ക്യൂആർ (QR) കോഡ് തെളിയും.

ഉപഭോക്താക്കൾ തിരഞ്ഞെടുത്ത് വെച്ച മദ്യശാല സന്ദർശിച്ച് ഈ കോഡ് കാണിക്കണം, ഇത് സ്‌കാൻ ചെയ്ത ശേഷമേ മദ്യക്കുപ്പികൾ കൈമാറുകയുള്ളൂ. മദ്യശാലയിലേക്ക് പോകുന്നതിന് മുൻപ് തന്നെ തങ്ങൾക്ക് ആവശ്യമുള്ള ബ്രാൻഡ് അവിടെ ലഭ്യമാണോ എന്ന് ഉറപ്പുവരുത്താൻ ഈ സൗകര്യം സഹായിക്കുന്നു. എങ്കിലും ഇടപാടുകൾ പൂർണമായും വീട്ടിലിരുന്ന് പൂർത്തിയാക്കാൻ സാധിക്കില്ല.

ഈ ആപ്പ് ഉപയോഗിക്കാൻ കഴിയുന്നത് ആർക്കൊക്കെ?

ഡൽഹിയിലെ അബ്കാരി നിയമങ്ങൾ അനുസരിച്ച് ഈ സൗകര്യം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾക്ക് കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം. നിലവിലുള്ള മദ്യം വാങ്ങൽ പരിധികൾ തുടർന്നും ബാധകമായിരിക്കും. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഒരാൾക്ക് പരമാവധി ഒമ്പത് ലിറ്റർ വിസ്‌കിയും 18 ലിറ്റർ ബീയറും വരെ വാങ്ങാം എന്ന് അധികൃതർ വ്യക്തമാക്കി.

ഓർഡറുകൾ കൈപ്പറ്റുന്നതിന് മുൻപ് ഉപഭോക്താക്കൾക്ക് അത് റദ്ദാക്കാനും സാധിക്കും. എന്നാൽ മദ്യം വിൽക്കുകയോ കൈപ്പറ്റുകയോ ചെയ്തുകഴിഞ്ഞാൽ കുപ്പികൾ തിരികെ നൽകാൻ വ്യവസ്ഥയില്ല.

ഡൽഹിയിൽ റീട്ടെയിൽ മദ്യശാലകൾ നടത്താൻ അധികാരമുള്ള നാല് സർക്കാർ കോർപ്പറേഷനുകളിൽ ഒന്നാണ് DSIIDC. ഈ നാല് കോർപ്പറേഷനുകളും ചേർന്ന് തലസ്ഥാനത്തുടനീളം 700-ലധികം മദ്യശാലകൾ നടത്തുന്നുണ്ട. എന്നാൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം നിലവിൽ DSIIDC-യുടെ 208 ഔട്ട്ലെറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്പോർട്ടേഷൻ ഡെവലപ്മെന്റ് കോർപ്പറേഷൻ (DTTDC), ഡൽഹി സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (DSCSC), ഡൽഹി കൺസ്യൂമേഴ്സ് കോഓപ്പറേറ്റീവ് ഹോൾസെയിൽ സ്റ്റോർ (DCCWS) എന്നിവയാണ് മദ്യശാലകൾ നടത്തുന്ന മറ്റ് കോർപ്പറേഷനുകൾ.

2022-ൽ മുൻ അബ്കാരി നയം പിൻവലിച്ചതിനെ തുടർന്നാണ് ഡൽഹിയിലെ റീട്ടെയിൽ മദ്യവിൽപന വീണ്ടും സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകളിലേക്ക് തിരിച്ചെത്തിയത്. ഓൺലൈൻ ബുക്കിങ് സൗകര്യത്തോട് ഇതുവരെ പൊതുജനങ്ങളിൽ നിന്ന് ഉണ്ടായ പ്രാരംഭ പ്രതികരണം അത്ര പ്രോത്സാഹജനകമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷമായിരിക്കും ഈ സേവനം കൂടുതൽ ഔട്ട്ലെറ്റുകളിലേക്ക് വ്യാപിപ്പിക്കുക.