ന്യൂഡൽഹി: പാകിസ്താന്റെ ദേശീയ പൈതൃക-സാംസ്‌കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചിയെ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ.) പ്രഥമ നാഗരികതാ സംവാദ വേദിയിലേക്ക് ഇന്ത്യ ക്ഷണിച്ചു. നവംബർ 20 മുതൽ 22 വരെ ഡൽഹിയിലാണ് പരിപാടി. എസ്.സി.ഒ.യിലെ പത്ത് അംഗരാജ്യങ്ങൾക്കും ഇന്ത്യ ക്ഷണം നൽകിയതായി നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. 

To advertise here,

2025 മേയിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിനുശേഷം ഇന്ത്യ-പാകിസ്താൻ ബന്ധം വഷളായിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് ഒരു പാക് മന്ത്രിക്ക് ഇന്ത്യയുടെ ക്ഷണം ലഭിക്കുന്നത്. ഖിച്ചി ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയാൽ, 2023 മേയിൽ ഗോവയിൽ നടന്ന എസ്.സി.ഒ. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത അന്നത്തെ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ സന്ദർശനത്തിനുശേഷം ഇന്ത്യയിലെത്തുന്ന മുതിർന്ന പാക് മന്ത്രിയാകും.

ഒക്ടോബറിൽ താജിക്കിസ്താനിലെ ദുഷാൻബെയിൽ നടന്ന എസ്.സി.ഒ. ഗവൺമെന്റ് തലവന്മാരുടെ കൗൺസിൽ യോഗത്തിലാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നാഗരികതാ സംവാദ വേദി പ്രഖ്യാപിച്ചത്. വർഷാവസാനത്തോടെ ഇന്ത്യ ആദ്യ എസ്.സി.ഒ. നാഗരികതാ സംവാദവേദിക്ക് ആതിഥേയത്വം വഹിക്കുമെന്നും എല്ലാ അംഗരാജ്യങ്ങളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. അംഗരാജ്യങ്ങൾ തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുകയും പരസ്പര ധാരണയും സഹകരണവും വർധിപ്പിക്കുകയുമാണ് വേദിയുടെ ലക്ഷ്യം. ബെലാറസ്, ചൈന, ഇന്ത്യ, ഇറാൻ, കസാഖ്‌സ്താൻ, കിർഗിസ്താൻ, പാകിസ്താൻ, റഷ്യ, താജിക്കിസ്താൻ, ഉസ്‌ബെക്കിസ്താൻ എന്നീ പത്ത് രാജ്യങ്ങളാണ് എസ്.സി.ഒ.യിലെ അംഗങ്ങൾ.