
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേൽക്കൂര ചോരുന്നതായി ചൂണ്ടിക്കാട്ടി ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ചോര്‍ന്നൊലിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവെച്ചായിരുന്നു പരിഹാസം.
1000 കോടി രൂപയോളം മുതല്‍മുടക്കി നിര്‍മിച്ചതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. അതിന്റെ സ്ഫടിക താഴികക്കുടമുള്ള മേല്‍ക്കൂരയില്‍നിന്ന് വെള്ളം ചോര്‍ന്ന് നീല ബക്കറ്റിലേക്ക് വീഴുന്ന ദൃശ്യങ്ങളാണ് അഖിലേഷ് എക്സില്‍ പങ്കുവെച്ചത്. ഡല്‍ഹിയിലെ കനത്തമഴയിലാണ് ഈ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. പഴയ മന്ദിരം പുതിയതിനേക്കാള്‍ മികച്ചതാണെന്നും ഈ അവസ്ഥയില്‍ അവിടേക്ക് തിരിച്ചുപോകേണ്ടിവരുമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.
പ്രതിപക്ഷത്തുനിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര, കോൺഗ്രസ് എംപി മാണിക്കം ടാഗോര്‍ എന്നിവരും സമാനരീതിയില്‍ ബിജെപിക്കെതിരെ പരിഹാസശരങ്ങളെയ്തു. മേല്‍ക്കൂര ചോര്‍ച്ചയെ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ചോര്‍ന്നുപോയ സീറ്റുകളുമായാണ് മഹുവ താരതമ്യം ചെയ്തത്. നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയുമായി ഇതിനെ ബന്ധിപ്പിച്ചായിരുന്നു മാണിക്കം ടാഗോറിന്റെ പരിഹാസം.
പാർലമെന്റിന്റെ മേൽക്കൂര ചോർച്ച സംബന്ധിച്ച വിഷയത്തില്‍ സഭയില്‍ അടിയന്തിരപ്രമേയ നോട്ടീസ് നല്‍കുമെന്ന സൂചനയും അദ്ദേഹം നല്കി. 1200 കോടി രൂപയ്ക്ക് പണിത മന്ദിരത്തിന് ഇന്ന് 120 രൂപയുടെ ബക്കറ്റിനെ ആശ്രയിക്കേണ്ട അവസ്ഥയാണെന്ന് ആം ആദ്മി പാര്‍ട്ടി പരിഹസിച്ചു. അതേസമയം, ചോര്‍ച്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Opposition Jabs BJP Over Parliament Roof Leak Video
Published: 01 Aug 2024, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented