ആഗോള സമ്മര്‍ദം കാരണമാണ് കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിശ്ശബ്ദത പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി: വിവാദ പരാമർശവുമായി നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള. കാശ്മീരിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നത് 'അയൽക്കാരനാണ്' എന്ന് പാകിസ്താനെ ഉദ്ദേശിച്ച് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ബാരാമുള്ളയിൽ പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുള്ള. ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി.
'നമ്മുടെ 'അയൽക്കാരൻ' ലോകത്തെ വിവിധ സ്ഥലങ്ങളിൽ പോയി കാശ്മീരികളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതുകൊണ്ടാണ് ജമ്മു കാശ്മീരിലെ ജനങ്ങൾ സംരക്ഷിക്കപ്പെടുന്നത്. അങ്ങനെയല്ലായിരുന്നെങ്കിൽ കാശ്മീരികളോടുള്ള ഇന്ത്യയുടെ മനോഭാവം മോശമാകുമായിരുന്നു.' -ഇതായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ വാക്കുകൾ.
കാശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാർ ഇപ്പോൾ നിശ്ശബ്ദത പാലിക്കുന്നത് ആഗോള സമ്മർദം കാരണമാണെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽനിന്ന് എന്താണ് പ്രതീക്ഷിക്കാനുള്ളതെന്നും ജനങ്ങൾക്ക് നീതി ലഭിക്കുമെന്ന് കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം സ്വത്വം നഷ്ടപ്പെടാതിരിക്കാൻ ധൈര്യത്തോടെ പോരാടണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
ഫാറൂഖ് അബ്ദുള്ളയുടെ പരാമർശത്തിന് ബിജെപി വക്താവ് ആർ.പി. സിങ് മറുപടി നൽകി. ജമ്മു കാശ്മീരിലെ സാഹചര്യങ്ങൾ പാക് അധീന കാശ്മീരിലേതുമായി താരതമ്യം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറുവശത്തുള്ള കാശ്മീരികളുടെ ദുരിതം കൂടി ഫാറൂഖ് അബ്ദുള്ള കാണണമെന്നും സിങ് പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതോടെയാണ് ജമ്മു കാശ്മീർ ഇന്ത്യയുമായി പൂർണമായി സംയോജിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം 2019 ഓഗസ്റ്റിലാണ് കേന്ദ്രസർക്കാർ റദ്ദാക്കിയത്. ഇതിന് പിന്നാലെ, അതേവർഷം ഒക്ടോബറിൽ പഴയ ജമ്മു കാശ്മീർ സംസ്ഥാനത്തെ ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പാകിസ്താൻ അന്ന് മുതൽ എതിർത്തുവരികയാണ്. ഐക്യരാഷ്ട്രസഭ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) തുടങ്ങിയ അന്താരാഷ്ട്ര വേദികളിലും പാകിസ്താൻ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഫലമായി പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല.
Content Highlights: National Conference president Farooq Abdullah sparked a major political controversy after stating in Baramulla that Kashmiris are protected because neighboring Pakistan raises their issue globally, prompting sharp criticism from the BJP.
Published: 24 Oct 2026, 06:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented