ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭം രാഷ്ട്രീയ വിവാദത്തിന് വഴിമാറുന്നു. കാമ്പസിൽ വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവന്ന നിരാഹാര സമരത്തിനിടയിൽ സർവകലാശാലയിലെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ട മുദ്രാവാക്യങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. സർവകലാശാലയിലെ ചുവരുകളിൽ 'ഫ്രീ കാശ്മീർ' എന്നും തടവിലുള്ള ആക്ടിവിസ്റ്റ് 'ഷർജീൽ ഇമാമിനെ മോചിപ്പിക്കണം' എന്നും ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത് ശനിയാഴ്ച വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.
വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് എം.പി. ഇമ്രാൻ മസൂദിന്റെ സാന്നിധ്യത്തെ ചോദ്യംചെയ്ത ബിജെപി, കശ്മീരിലും ഷർജീൽ ഇമാമിലുമുള്ള നിലപാട് കോൺഗ്രസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതാവ്, വിദ്യാർഥികളുടെ ആവശ്യങ്ങളെ പിന്തുണയ്ക്കാനാണ് താൻ എത്തിയത് എന്ന് മാധ്യമങ്ങളോട് വിശദീകരിച്ചു. ചുവരെഴുത്തുകൾ സ്ഥാപനത്തിന്റെ അന്തസ്സിനും രാജ്യത്തിന്റെ പരമാധികാരത്തിനും നേരെയുള്ള ആക്രമണമാണെന്ന് അപലപിച്ച സർവകലാശാല ഭരണകൂടം, ചുവരുകൾ വൃത്തിയാക്കുമെന്നും സംഘർഷാവസ്ഥ കണക്കിലെടുത്ത് ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയെന്നും അറിയിച്ചു.
വൈസ് ചാൻസലർ മസ്ഹർ ആസിഫ്, രജിസ്ട്രാർ എം.ഡി മഹതാബ് ആലം റിസ്വി എന്നിവരുൾപ്പെടെ സർവകലാശാലയിലെ അധ്യാപകരും അധ്യാപകേതര ജീവനക്കാരും ക്യാമ്പസ് ചുവരുകൾ വികൃതമാക്കിയതിനെയും സെക്യൂരിറ്റി ജീവനക്കാർക്ക് നേരെയുണ്ടായ ആക്രമണത്തെയും ശക്തമായി അപലപിച്ചു. നിലവിലുള്ള സാഹചര്യവും വിദ്യാർത്ഥികളുടെ സുരക്ഷയും മുൻനിർത്തി, എല്ലാ കോഴ്സുകളിലെയും ക്ലാസുകൾ ഉടനടി ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നതായി ജാമിയ അധികൃതർ അറിയിച്ചു. ക്യാമ്പസിന് പുറത്ത് വൻ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.
ശനിയാഴ്ച കാമ്പസിലെ പ്രതിഷേധ സ്ഥലത്തുനിന്ന് വിദ്യാർഥികളെ മാറ്റാൻ ഗാർഡുകൾ ബലം പ്രയോഗിക്കുകയും സമരപ്പന്തൽ പൊളിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരുമായി വിദ്യാർഥികൾ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. 2006-ന് ശേഷം കലാലയത്തിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല, ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിികൾ നടത്തുന്ന നിരാഹാര സമരത്തെ തുടർന്നാമ് ജാമിയ ക്യാമ്പസ് സംഘർഷഭരിതമായത്. ഇതിനിടെയാണ് പുതിയ വിവാദം ഉയർന്നുവന്നിരിക്കുന്നത്. വിവാദ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ സർവകലാശാലയിലെ സമരം ദേശീയ ശ്രദ്ധയിലേക്ക് വന്നിരിക്കുകയാണ്.
ക്യാമ്പസിലെ അക്രമസംഭവങ്ങളെ തുടർന്ന് 2006-ൽ പിരിച്ചുവിട്ട ജാമിയ മിലിയ ഇസ്ലാമിയ സ്റ്റുഡന്റ്സ് യൂണിയൻ (JMISU) പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ഈ പ്രതിഷേധത്തിന് പിന്നിലെ പ്രധാന വിഷയം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രാതിനിധ്യം തിരിച്ചുകൊണ്ടുവരണമെന്നും ക്യാമ്പസിലെ തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 12-നാണ് വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. എന്നാൽ, ജാമിയ ആക്റ്റ്, ബാധകമായ ഓർഡിനൻസുകളും ചട്ടങ്ങളും, കോടതി ഉത്തരവുകൾ, കൂടാതെ 2007-ൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾക്കായി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച ലിംഗ്‌ദോ കമ്മിറ്റിയുടെ (Lyngdoh Committee) ശുപാർശകൾ എന്നിവയ്ക്ക് വിധേയമായി മാത്രമേ വിദ്യാർഥി പ്രാതിനിധ്യ വിഷയം പരിഗണിക്കാൻ കഴിയൂ എന്നാണ് സർവകലാശാലയുടെ നിലപാട്.
ഈ ആഴ്ച ആദ്യം ഉണ്ടായ സംഭവവികാസങ്ങളിൽ, ജാമിയ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. 2006-ൽ യൂണിയൻ പിരിച്ചുവിടുന്നതിലേക്ക് നയിച്ച സാഹചര്യങ്ങൾ, പ്രസക്തമായ കോടതി വിധികൾ, ലിംഗ്‌ദോ കമ്മിറ്റി ശുപാർശകൾ എന്നിവ പരിശോധിക്കാനാണ് ഈ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഡിസംബർ 20-നകം കരട് സമർപ്പിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാരുമായി സംസാരിക്കാനും അവരുടെ ആവശ്യങ്ങൾ പരിശോധിക്കാനും ഒക്ടോബർ 18-ന് ഏഴംഗ ഉന്നതതല സമിതി രൂപീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
ഒക്ടോബർ 19, 20 തീയതികളിൽ സമിതി വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും യോഗത്തിന്റെ മിനിറ്റ്‌സിൽ ഒപ്പിടാൻ വിദ്യാർഥികൾ തയ്യാറായില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. പ്രതിഷേധങ്ങൾക്കായി ഭരണകൂടം ഗേറ്റ് നമ്പർ 18 ആണ് ഔദ്യോഗിക സ്ഥലമായി നിശ്ചയിച്ചിരുന്നതെങ്കിലും, ഒക്ടോബർ 12 മുതൽ പ്രതിഷേധക്കാർ ഗാലിബ് പ്രതിമ സ്ഥിതിചെയ്യുന്ന പുൽത്തകിടിയിലാണ് തടിച്ചുകൂടിയിരിക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിക്കണമെന്ന് വിദ്യാർഥികളോട് സർവകലാശാല അഭ്യർത്ഥിക്കുകയും, പ്രതിഷേധത്തിനിടെ പ്രതിമ, ക്യാമ്പസ് ഗേറ്റുകൾ, ചുവരുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നാശനഷ്ടം വരുത്തിയതായി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
വിദ്യാർത്ഥി യൂണിയനായി ഭരണഘടന തയ്യാറാക്കുന്നതിലേക്ക് ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്. വിദ്യാർത്ഥികളും സർവകലാശാല അധികൃതരും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടലിനാണ് ഈ സാഹചര്യങ്ങൾ വഴിയൊരുക്കിയിരിക്കുന്നത്. വിദ്യാർഥി തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ആരംഭിച്ച തർക്കത്തിലേക്ക് 'ഫ്രീ കാശ്മീർ' ചുവരെഴുത്തുകൾ കൂടിയെത്തിയതോടെ വിഷയം രാഷ്ട്രീയമായി അതീവ പ്രാധാന്യമുള്ള തലത്തിലേക്ക് മാറിയിരിക്കുകയാണ്.
കോൺഗ്രസ് 'ഫ്രീ കശ്മീർ', 'ഷർജീൽ ഇമാം' മുദ്രാവാക്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ?- ബിജെപി
സർവകലാശാലയിലെ ചുവരെഴുത്തുകൾ ബിജെപി ശക്തമായ രാഷ്ട്രീയ ആക്രമണത്തിന് ആയുധമാക്കിയിട്ടുണ്ട്. കോൺഗ്രസ് എംപിയും പാർട്ടിയുടെ ഉത്തർപ്രദേശ് വർക്കിങ് പ്രസിഡന്റുമായ ഇമ്രാൻ മസൂദ് സർവകലാശാലയിൽ എത്തിയതിനെ ബിജെപി ചോദ്യം ചെയ്തു. 'ഫ്രീ കശ്മീർ' മുദ്രാവാക്യങ്ങളെ പ്രതിപക്ഷ പാർട്ടി പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. 'ജാമിയ മിലിയയിൽ കോൺഗ്രസിന്റെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റും എംപിയുമായ നേതാവ് ഉണ്ടായിരുന്നു. അവർ അവിടെ എന്താണ് ചെയ്തിരുന്നത്?' ശനിയാഴ്ച ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പട്‌ന സാഹിബ് എംപി രവിശങ്കർ പ്രസാദ് ചോദിച്ചു.
കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന ആവശ്യത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ എന്നും രവിശങ്കർ ചോദിച്ചു. 'ബിജെപിക്ക് കോൺഗ്രസിനോട് ചോദിക്കാനുള്ളത് ഇതാണ്: ഇമ്രാൻ മസൂദ് നിങ്ങളുടെ എംപി മാത്രമല്ല, കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കൂടിയാണ്. കാശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന് ജാമിയ മിലിയ ഇസ്ലാമിയയിൽ വ്യക്തമായി എഴുതിവെച്ചിരിക്കുന്ന ആവശ്യത്തെ കോൺഗ്രസ് പാർട്ടി പിന്തുണയ്ക്കുന്നുണ്ടോ? ഷർജീൽ ഇമാമിന്റെ കാര്യത്തിൽ കോൺഗ്രസ് പാർട്ടിയുടെ നിലപാട് എന്താണ്?' രവിശങ്കർ ചോദിച്ചു.
വിശദീകരണവുമായി ഇമ്രാൻ മസൂദ്
12 ദിവസമായി നിരാഹാര സമരത്തിലായിരുന്ന വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാൻ സർവകലാശാല അധികൃതർ തയ്യാറാകണമെന്ന് പറഞ്ഞുകൊണ്ട് തന്റെ ജാമിയ സന്ദർശനത്തെ ന്യായീകരിക്കുന്ന നിലപാടാണ് ഇമ്രാൻ മസൂദ് കൈക്കൊണ്ടത്. 'ജാമിയയിലെ സാഹചര്യം വളരെ ഗൗരവമുള്ള ഒന്നാണ്. ഇന്നലെ ഞാൻ കാമ്പസ് സന്ദർശിച്ചിരുന്നു. വിദ്യാർഥികൾ 12 ദിവസമായി നിരാഹാര സമരത്തിലാണ്. സർവകലാശാല ഭരണകൂടം അവരുടെ ശബ്ദം കേൾക്കണം; വിദ്യാർഥികളെ പുറത്താക്കിയത് പിൻവലിക്കുകയും അവരുടെ ആവശ്യങ്ങൾ പരിഹരിക്കുകയും വേണം.' ശനിയാഴ്ച എഎൻഐയോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ സന്ദർശനം ഈ മുദ്രാവാക്യങ്ങൾക്കുള്ള പിന്തുണയാണെന്ന ആരോപണം മസൂദ് തള്ളി. തന്റെ സന്ദർശന വേളയിൽ അത്തരം മുദ്രാവാക്യങ്ങളൊന്നും ഉയർന്നിട്ടില്ലെന്നും ആ വാക്കുകൾ മതിലുകളിൽ എഴുതിവെക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 'കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഞാൻ അവിടെ വ്യക്തമായി പ്രസ്താവിച്ചിരുന്നു, അവിടെയുണ്ടായിരുന്ന എല്ലാ വിദ്യാർഥികളും അതിനെ പിന്തുണയ്ക്കുകയും ചെയ്തു.' അദ്ദേഹം കൂട്ടിച്ചേർത്തു.
ഷർജീൽ ഇമാം, ജാമിയ മിലിയ, പൗരത്വ നിയമ ഭേദഗതി (CAA) വിരുദ്ധ പ്രതിഷേധങ്ങൾ
2019-'20 കാലഘട്ടത്തിൽ ഡൽഹിയിൽ നടന്ന പൗരത്വ നിയമ ഭേദഗതി (CAA) വിരുദ്ധ പ്രതിഷേധങ്ങളുടെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു മുൻ ജെ.എൻ.യു. (ഖചഡ) ഗവേഷകനായ ഷർജീൽ ഇമാം. സിലിഗുരി ഇടനാഴിക്ക് (Siliguri Corridor) സമീപമുള്ള പ്രധാന ഗതാഗത പാതകൾ തടഞ്ഞ് അസാമിനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വിച്ഛേദിക്കാൻ ആഹ്വാനം ചെയ്ത പ്രസംഗങ്ങളുടെ പേരിൽ 2020 ജനുവരിയിലാണ് അദ്ദേഹം അറസ്റ്റിലായത്. തുടർന്ന്, 53 പേർ കൊല്ലപ്പെട്ട 2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ഷർജീലിനെതിരെ ആരോപണം ഉയർന്നു.
ഡൽഹിയിലെ സി.എ.എ. വിരുദ്ധ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല. അവിടെ വിദ്യാർത്ഥികളും പോലീസും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നിരുന്നു. സെപ്റ്റംബറിൽ 'ദി ക്വിന്റ്' (The Quint) എന്ന വാർത്താ പോർട്ടലിൽ ഷർജീലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതിനും, അതിനെ തുടർന്ന് 'ദി പ്രിന്റിൽ' (The Print) വന്ന മറുപടി ലേഖനത്തിനും ശേഷമാണ്, അദ്ദേഹത്തിന്റെ ദീർഘകാലത്തെ ജയിൽവാസം വീണ്ടും ശ്രദ്ധാകേന്ദ്രമായതും ഇപ്പോൾ ഇത്തരമൊരു ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതും. അറസ്റ്റിലായി ആറ് വർഷത്തിലേറെയായിട്ടും കലാപ ഗൂഢാലോചനക്കേസിൽ കുറ്റപത്രം ചുമത്തപ്പെടാതെ യു.എ.പി.എ. (UAPA) നിയമപ്രകാരം ഷർജീൽ ഇപ്പോഴും ജയിലിൽ തുടരുകയാണ്.
Content Highlights: The student protest at Jamia Millia Islamia University in Delhi, demanding the reinstatement of the student union, has sparked political controversy due to slogans like "Free Kashmir" and "Release Sharjeel Imam" appearing on campus walls, leading to a significant political debate. The university administration condemned the wall writings as attacks on the institution's dignity and national sovereignty, deciding to clean the walls and shift classes online due to the unrest, while BJP questioned Congress's stance on the slogans, given Congress MP Imran Masood's presence at the protest.
Published: 24 Oct 2026, 10:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented