ന്യൂഡൽഹി: തിരഞ്ഞെടുപ്പുകമ്മിഷൻ തിരുത്തൽനടപടി ഊർജിതമാക്കിയപ്പോൾ ഡൽഹിയിൽ കരടുവോട്ടർപട്ടികയിൽ പുറത്തുപോയ 90 ശതമാനംപേർക്കും ആശ്വാസം. മുൻ എസ്.ഐ.ആറിലെ പേരുകളുമായി ഒത്തുചേരാത്തതിന്റെയും ‘ബോധ്യപ്പെടുന്ന പൊരുത്തക്കേടുകളു’ടെയും പേരിൽ നീക്കപ്പെട്ട 33 ലക്ഷത്തോളംപേരിൽ 29.5 ലക്ഷം പേരുടെയും പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ഡൽഹിയിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും അന്തിമവോട്ടർപട്ടികയിൽ ഇടംപിടിക്കുമെന്നാണ് കമ്മിഷൻ വൃത്തങ്ങൾ പറയുന്നത്.

To advertise here,

29.5 ലക്ഷത്തിൽ 13.79 ലക്ഷം പേരും 2002-ലെ വോട്ടർപട്ടികയോട് ബന്ധിപ്പിക്കാനാകാത്തതിന്റെപേരിൽ നീക്കംചെയ്യപ്പെട്ടവരാണ്. ബോധ്യപ്പെടുന്ന പൊരുത്തക്കേടുകൾ (പേരിലെ അക്ഷരപ്പിശകിന്റെയും മറ്റും) കാരണം മാറ്റപ്പെട്ടവർ 19.33 ലക്ഷം വരും.

1.45 കോടി വോട്ടർമാരാണ് എസ്.ഐ.ആറിലേക്ക് കടക്കുമ്പോൾ ഡൽഹിയിലുണ്ടായിരുന്നത്. എ.എസ്.ഡി.ഡി. (സ്ഥലത്തില്ലാത്തവർ, സ്ഥിരമായി മാറിപ്പോയവർ, മരിച്ചവർ, ഇരട്ടവോട്ടുള്ളവർ) മാനദണ്ഡപ്രകാരം കരടുപട്ടികയിൽനിന്ന് 47.5 ലക്ഷംപേർ നീക്കംചെയ്യപ്പെട്ടു. പിന്നീടാണ് 33 ലക്ഷത്തോളംപേർക്ക് മുൻ എസ്.ഐ.ആർ. പട്ടികയുമായി പൊരുത്തപ്പെടാത്തതിന്റെയും ബോധ്യപ്പെടാത്ത പൊരുത്തക്കേടുകളുടെയുംപേരിൽ നോട്ടീസ് പോയത്. ഇത്‌ ഡൽഹിയിൽ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. നിലവിലെ രണ്ടു തിരഞ്ഞെടുപ്പുകമ്മിഷണർമാർക്കുൾപ്പെടെ ആദ്യഘട്ടത്തിൽ നോട്ടീസ് പോയത് വൻവിവാദമായിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ സജീവമായതോടെയാണ് കമ്മിഷൻ അടിയന്തര തിരുത്തലുകളിലേക്ക് കടന്നതും സ്‌പെഷ്യൽ ഡ്രൈവ് നടത്തി വോട്ടർപട്ടിക പുതുക്കൽ ആരംഭിച്ചതും.

വോട്ടുചേർക്കലിനുള്ള അപേക്ഷ നൽകാൻ, എസ്.ഐ.ആറിന്റെ ഭാഗമായി കൂട്ടിച്ചേർത്ത അധിക സത്യവാങ്മൂലത്തിനുള്ള വ്യവസ്ഥ ഒഴിവാക്കിക്കൊണ്ടുള്ള ഫോം ആറ് ഉപയോഗിച്ചാൽ മതിയെന്നാണ് കമ്മിഷന്റെ പുതിയനിർദേശം. ഡൽഹിയിലും മഹാരാഷ്ട്രയിലും അപേക്ഷകൾ ഇങ്ങനെ സ്വീകരിക്കുന്നുണ്ട്.