മുംബൈ: നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി (JeM) ബന്ധമുണ്ടെന്ന് സംശയിക്കുന്ന 33-കാരനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (ATS) കസ്റ്റഡിയിലെടുത്തു. റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്തിരുന്ന മുംബൈയിലെ മാഹിം സ്വദേശിയായ മുഹമ്മദ് ഹസൻ അബു സർമദ് അക്തർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പ്രതി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഭീഷണി മുഴക്കുകയും, വർഗീയ വിദ്വേഷം പരത്തുന്ന ഉള്ളടക്കങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

To advertise here,

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര ആന്റി-ടെററിസം സ്‌ക്വാഡ് (ATS) മാഹിം മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. വണ്ടി ഓടിക്കുന്നതിനും പെർഫ്യൂം വിൽക്കുന്നതിനും ഒപ്പം, ഇയാൾ പാകിസ്താൻ കേന്ദ്രീകൃതമായ തീവ്രവാദ ഗ്രൂപ്പുകളുമായി സമ്പർക്കം പുലർത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരത്തിലുള്ള ജോലികൾ മറയാക്കി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ സാന്നിധ്യം സുരക്ഷാ ഉദ്യോഗസ്ഥരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ജൂലൈയിൽ, ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട തീവ്രവാദ മൊഡ്യൂളിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഗുജറാത്ത് എടിഎസ് അഞ്ചുപേരെ തടഞ്ഞുവെച്ചിരുന്നു. അന്വേഷണ ഏജൻസി നൽകുന്ന വിവരമനുസരിച്ച്; തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള മറയായാണ് അക്തർ റാപ്പിഡോ ഡ്രൈവറായും പെർഫ്യൂം കച്ചവടക്കാരനായും ജോലി ചെയ്തിരുന്നത്. പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേഷനുമായി ഇയാൾ സമ്പർക്കത്തിലായിരുന്നു.

പ്രതി മതസ്പർദ്ധ വളർത്തുകയും ടെലിഗ്രാമിലെ 'ഇന്ത്യൻ മുസ്ലിം' എന്ന ഗ്രൂപ്പിൽ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് ജെയ്‌ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ ഭീകരവാദപരമായ ഓഡിയോ ക്ലിപ്പുകൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 'IBN E Qasim' എന്ന പേരിലുള്ള ഒരു തീവ്ര പാകിസ്താൻ ടെലിഗ്രാം ചാനൽ അക്തർ സബ്സ്‌ക്രൈബ് ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

എക്സിലും ഇൻസ്റ്റാഗ്രാമിലും 'അബ് ജിഹാദ് കാ സമാനാ ആ ഗയാ ഹൈ' (ഇപ്പോൾ ജിഹാദിന്റെ സമയമായി) എന്നിങ്ങനെ ജിഹാദിന് ആഹ്വാനം ചെയ്യുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമായ പ്രകോപനപരമായ കമന്റുകൾ പ്രതി ആവർത്തിച്ച് പോസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ, പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി മുംബൈയിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള പോസ്റ്റിന് താഴെ, 'ഇന്ദിരാ ഗാന്ധിയെ വധിച്ചതുപോലെ പ്രധാനമന്ത്രി മോദിക്കെതിരെയും എന്തെങ്കിലും ചെയ്യണമായിരുന്നു' എന്നും അക്തർ അടുത്തിടെ കമന്റ് ചെയ്തിരുന്നു.

വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196(1) പ്രകാരമാണ് അക്തറിനെതിരെ കേസെടുത്തിരിക്കുന്നത്. അക്തറിൽ നിന്ന് റെഡ്മി നോട്ട് 14 പ്രോ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ആക്ഷേപകരമായ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളുടെ 39-ഓളം സ്‌ക്രീൻഷോട്ടുകൾ ശേഖരിക്കുകയും ചെയ്തിട്ടുള്ളതായി ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് മൂന്നരവർഷമായി ഇയാൾ വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്ന് അക്തറിന്റെ അയൽവാസി ഐഎഎൻഎസിനോട് (IANS) പറഞ്ഞു. 'അക്തർ ഇത്തരത്തിലൊരു കാര്യം ചെയ്യുമെന്ന് എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. അയാൾ വീടിനുപുറത്തിരിക്കുന്നത് കണ്ടിട്ടുണ്ട്, അപ്പോൾ സംസാരിച്ചിട്ടുണ്ട്. ഇവിടെ അത്തർ വിൽക്കുകയും രാത്രി മറ്റെവിടെയെങ്കിലും ജോലി ചെയ്യുകയുമായിരുന്നു. അയാളൊരു മോശം മനുഷ്യനാണെന്ന് തോന്നിയിരുന്നില്ല.' അദ്ദേഹം പറഞ്ഞു. അതേസമയം, അയാൾ രാജ്യത്തെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണമെന്നും അയൽവാസി കൂട്ടിച്ചേർത്തു.

ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന് നേരെ മുംബൈയിലുണ്ടായ ആക്രമണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. വെടിവെപ്പിൽ പങ്കാളിയായ പ്രതികളിലൊരാളും റാപ്പിഡോ റൈഡറായി ജോലി ചെയ്യുകയും, ആ ജോലിയുടെ മറവിൽ ബോളിവുഡ് താരങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഒക്ടോബർ 14 മുതൽ ഈ വ്യക്തി പ്ലാറ്റ്ഫോമിൽ സജീവമായിരുന്നില്ലെന്ന് റാപ്പിഡോ വ്യക്തമാക്കി.

'ടൈഗർ ഷെറോഫും അദ്ദേഹത്തിന്റെ ടീമിനും നേരെയുണ്ടായ ആക്രമണത്തിൽ ഞങ്ങൾ അതീവ ആശങ്കാകുലരാണ്. അദ്ദേഹം സുരക്ഷിതനാണ് എന്നറിഞ്ഞതിൽ ആശ്വാസമുണ്ട്. റാപ്പിഡോ പ്ലാറ്റ്ഫോമിൽ ക്യാപ്റ്റനായി രജിസ്റ്റർ ചെയ്ത ഒരു വ്യക്തിയെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 14 മുതൽ ഇയാൾ ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ ഒരു ക്യാപ്റ്റനായി സജീവമായിരുന്നില്ല. സംഭവം നടന്ന ദിവസം, ഇയാൾ ഒരു ഉപഭോക്താവെന്ന നിലയിലാണ് റാപ്പിഡോയുടെ സേവനങ്ങൾ ഉപയോഗിച്ചത്.' എന്ന് കമ്പനി എക്സിൽ വ്യക്തമാക്കി.