നവരാത്രി, ദസറ ആഘോഷ സമയത്ത് പ്രക്ഷോഭ പരിപാടികൾക്ക് അവധി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശ സന്ദർശനത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാഷ്ട്രീയ ഉത്തരവാദിത്തങ്ങളേക്കാൾ അവധിക്കാലത്തിനാണ് രാഹുൽ ഗാന്ധി മുൻഗണന നൽകുന്നതെന്നാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചത്. ഈ രാഷ്ട്രീയ തർക്കങ്ങളുടെയും ചർച്ചകളുടെയും പശ്ചാത്തലത്തിൽ, രാഹുൽ ഗാന്ധിയെ അനുകൂലിച്ചും വിമർശകർക്ക് മറുപടി നൽകുന്നു എന്ന അവകാശവാദത്തോടെയും സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

To advertise here,

രാഹുൽ ഗാന്ധി വിദേശത്തല്ലെന്നും അദ്ദേഹം ഈ വർഷത്തെ (2026) ദസറ ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നു സമർത്ഥിച്ചുകൊണ്ടാണ് എക്സ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കൾ ദൃശ്യങ്ങൾ പങ്കുവെച്ചത്. "രാഹുൽ ഗാന്ധി എവിടെയാണെന്ന് ചോദിച്ചവർക്ക് ഇതാ മറുപടി, നോക്കൂ ഇതാണോ നിങ്ങളുടെ വിയറ്റ്നാം" എന്ന വിവരണത്തോടെയാണ് ഹിന്ദി ഉൾപ്പടെയുള്ള ഭാഷകളിലായി ഈ പോസ്റ്റ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം.

അന്വേഷണം

ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങുകളുടെ ദൃശ്യങ്ങളാണ് വൈറൽ പോസ്റ്റിൽ. ശ്രീരാമ ലക്ഷ്മണൻമാരുടെയും സീതയുടേയും വേഷം ധരിച്ച കലാകാരന്മാർക്ക് രാഹുൽ ഗാന്ധി തിലകം ചാർത്തുന്നതും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി വേദിയിൽ സുവർണ്ണ ഗദ സ്വീകരിക്കുന്നതും ഒപ്പമുള്ളവരുമായി വേദിയിലൂടെ നടക്കുന്നതും വീഡിയോയിലുണ്ട്. കൂടാതെ, അലങ്കരിച്ച കസേരകളിൽ ഇരിക്കുന്ന വിശിഷ്ടാതിഥികൾ, സ്റ്റേജ് പ്രകടനങ്ങൾ, വെടിക്കെട്ട്, രാവണന്റെ വലിയ കോലം കത്തിക്കൽ (രാവൺ ദഹൻ) എന്നിവയുടെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടും.

വീഡിയോയിലെ കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. പരിശോധനയിൽ, ഈ ദൃശ്യങ്ങൾ ഇപ്പോഴത്തേതല്ലെന്നും 2024-ലേതാണെന്നും കണ്ടെത്തി. 2024 ഒക്ടോബർ 13-ന് 'ദി ഇന്ത്യൻ എക്സ്പ്രസ്' തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. "For Ravan Dahan, Sonia Gandhi Lifts Gada, Rahul Gandhi Shoots Arrow In Delhi" എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ അന്ന് പ്രസിദ്ധീകരിച്ചത്. 2024 ഒക്ടോബർ 12-ന് ന്യൂഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 'നവ ശ്രീ ധാർമിക് ലീല കമ്മിറ്റി' സംഘടിപ്പിച്ച ദസറ ആഘോഷങ്ങളിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുത്തപ്പോഴുള്ളതാണ് ഈ ദൃശ്യങ്ങൾ. ഇതിൽനിന്നു പഴയ ദൃശ്യങ്ങളാണ് ഇപ്പോഴത്തേതെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാണ്.

ഗോവയിൽ നടന്ന കോൺഗ്രസ് 'ഗോയ് രാഖോൺ യാത്ര'യിൽ പങ്കെടുത്ത ശേഷമാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹം ഹ്രസ്വ സ്വകാര്യ സന്ദർശനത്തിനായാണ് വിയറ്റ്നാമിലെ ഹനോയിയിലേക്ക് യാത്ര തിരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് തന്റെ വ്യക്തിപരമായ സമയത്ത് എവിടെയും യാത്ര ചെയ്യാൻ അവകാശമുണ്ടെന്ന് കോൺഗ്രസും വ്യക്തമാക്കിയിരുന്നു.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. 2024 ഒക്ടോബർ 12-ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ദസറ ആഘോഷങ്ങളിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുത്തതിന്റെ പഴയ വീഡിയോയാണ് ഇപ്പോൾ തെറ്റായി പ്രചരിപ്പിക്കുന്നത്.