മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ രാജ്യത്ത് ശക്തമാവുകയാണ്. പ്രതിപക്ഷ സമരങ്ങളെ ബിജെപി അനുകൂല ഹാൻറിലുകൾ സമൂഹമാധ്യമങ്ങളിൽ നേരിടുന്നത് ഭരണഘടനാ സ്ഥാപനങ്ങളിൽ അവിശ്വാസം സൃഷ്ടിക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനുമുള്ള നീക്കം തുടങ്ങിയ ആരോപണങ്ങളോടെയാണ്. മാത്രമല്ല, പ്രക്ഷോഭത്തെ താറടിച്ച് കാണിക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. അത്തരത്തിൽ പ്രചരിക്കുന്നൊരു പോസ്റ്റാണ് ചുവടെ നൽകുന്നത്.
വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം-“ ജന്തർ മന്തർ വേദിയിലെ പൊറോട്ട #നാടകം ഇൻഡി മുന്നണിയിലെ ആ #യുവതിയുടെ #അഭിനയം ആ യുവാവ് #പൊളിച്ചു കൈയിൽ കൊടുത്തു.. ”
വീഡിയോയിൽ ഒരു സ്ത്രീ വാക്കർ ഉപയോഗിച്ച് നടന്നു വരുന്നതും അവർക്കൊപ്പം ഏതാനും പേരെയും കാണാം. പിന്നിൽ നിന്നയാൾ അവരുടെ വാക്കറിൽ പിടിച്ച് വലിക്കുകയും പെട്ടന്നുള്ള വെപ്രാളത്തിൽ യുവതി വാക്കർ പിടിച്ച് പൊക്കുകയും നേരെ നിൽക്കുകയും ചെയ്യുന്നു. ഇവർക്കൊപ്പമുള്ള മറ്റുള്ളവർ യുവാവിനെ അവിടെനിന്ന് ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
യുവതിയുടെ കാലിന് ബുദ്ധിമൊട്ടൊന്നും ഇല്ലെന്നും ഇവർ അഭിനയിക്കുകയായിരുന്നുവെന്നും ദൃശ്യങ്ങൾ കണ്ടാൽ ബോധ്യമാകും. എന്നാൽ, വൈറൽ സന്ദേശത്തിൽ പറയുന്നതുപോലെ ഈ വീഡിയോ ഇന്ത്യ മുന്നണി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധ സമരത്തിൽ നിന്നുള്ളതാണോ? അല്ല എന്നതാണ് യാഥാർഥ്യം.
വൈറൽ ദൃശ്യങ്ങളിലുള്ള യുവതിയും കൂട്ടാളികളും കഴുത്തിൽ ധരിച്ചിരിക്കുന്നത് ആന്ധ്രപ്രദേശിലെ തെലുങ്ക് ദേശം പാർട്ടിയുടെ (ടിഡിപി) ഷാളാണ്, ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി നിലവിൽ എൻ.ഡി.എ സഖ്യത്തിലെ ഒരു പ്രധാന ഘടകകക്ഷിയാണ്. ലഭ്യമായ സൂചനകൾ ഉൾപ്പെടുത്തി കീ വേർഡ് സർച്ച് ചെയ്തതിൽനിന്നും ഈ സംഭവവുമായി ബന്ധപ്പെട്ട വാർത്ത ലഭിച്ചു.ആന്ധ്രയിലെ പ്രമുഖ മാധ്യമമായ 'സാക്ഷി’ ഒക്ടോബർ 22-ന് പ്രസിദ്ധീകരിച്ച വാർത്തയിൽ വൈറൽ വീഡിയോ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
റിപ്പോർട്ട് പ്രകാരം, ആന്ധ്രയിലെ ചിറ്റൂരിലാണ് സംഭവം നടന്നത്. ടിഡിപി നേതാവായ അരുണ തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത് വാക്കറിന്‍റെ സഹായത്തോടെയായിരുന്നു. ഒരാൾ പിറകിലൂടെ വന്ന് വാക്കർ പിടിച്ച് വലിക്കുകയും പെട്ടന്ന് തന്നെ അരുണ വാക്കറില്ലാതെ ശരിയാംവിധം നടക്കുകയും ചെയ്തതായാണ് റിപ്പോർട്ടിൽ പറയുന്നത്. ടിഡിപി പ്രവർത്തകൻ തന്നെയാണിത് ചെയ്തതെന്നാണ് വാർത്തയിൽ പറയുന്നത്. ടിഡിപി ഡിജിറ്റൽ വിഭാഗത്തിന്‍റെ എക്സ് അക്കൗണ്ടിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകരാണ് വാക്കർ പിടിച്ചുമാറ്റാൻ ശ്രമിച്ചതെന്നാണ് ഇതിൽ ആരോപിക്കുന്നത്.
ജന്തർ മന്തറിൽ ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധത്തിൽ പ്രവർത്തക പരിക്ക് പറ്റിയതുപോലെ അഭിനയച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തായി എന്ന പ്രചാരണം വ്യാജമാണ്. തെലുങ്ക് ദേശം പാർട്ടിയുടെ സംസ്ഥാന നേതാവായ അരുണ ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.
Content Highlights: Viral videos claim INDIA bloc protesters faked injuries during Jantar Mantar protests., Fact-check reveals the video is actually from Chittoor, Andhra Pradesh., The woman in the video is a TDP leader named Aruna filing local election nomination papers., The footage is unrelated to the Chief Election Commissioner protests or Jantar Mantar.
Published: 23 Oct 2026, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented