ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങൾ ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ഇതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമരാഹ്വാനം നടത്തിയ ശേഷം വിദേശത്ത് ആഘോഷത്തിലാണ് എന്ന പരിഹാസവുമായി ബിജെപി നേതാക്കളെത്തി. രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പോയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നായിരുന്നു ഇത്.

To advertise here,

ഈ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. എയർപോർട്ട് ടെർമിനലിനുള്ളിലെ ഇലക്ട്രിക് ബഗ്ഗിയിൽ രാഹുൽ ഗാന്ധി ഇരിക്കുന്നതാണ് ചിത്രത്തിൽ. എന്നാൽ, പ്രചരിക്കുന്ന ചിത്രം പഴയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

വിയറ്റ്നാമീസ് പരമ്പരാഗത തൊപ്പിയായ നോൺ ലാ ധരിച്ച ഒരു വ്യക്തി രാഹുൽ ഗാന്ധിയെ ഉൾപ്പെടുത്തിക്കൊണ്ട് എടുത്ത ഒരു സെൽഫിയാണ് പ്രചരിക്കുന്നത്. ചിത്രത്തിൽ,എയർപോർട്ട് ടെർമിനലിനുള്ളിലെ ഇലക്ട്രിക് ബഗ്ഗിയിൽ കയ്യിൽ ഒരു ബാഗ് പാക്കും പിടിച്ച് ഇരിക്കുന്ന രാഹുൽ ഗാന്ധിയെ കാണാം. പശ്ചാത്തലത്തിൽ ഏതാനും സെക്യൂരിറ്റി ജീവനക്കാരുമുണ്ട്. രാഹുലിനെതിരായ അപകീർത്തികരമായ പരാമർശങ്ങളും ജയിലിൽ കഴിയുന്ന സിജെപി നേതാക്കൾക്കെതിരായ പരിഹാസവുമാണ് ചിത്രത്തിനൊപ്പമുള്ള വിവരണത്തിൽ.

ചിത്രത്തിന്‍റെ ഉറവിടം അന്വേഷിച്ച് കണ്ടെത്തി. ദക്ഷ് കെ എന്ന പേരിലുള്ള എക്സ് ഹാൻറിലിൽ നിന്നാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. “ ഹാനോയ്ക്ക് എത്രമാത്രം യാദൃശ്ചികമാകാൻ കഴിയും? ലൗഞ്ചിലും ഫ്ലൈറ്റിലുംവെച്ച് രാഹുൽ ഗാന്ധിയെ കണ്ടുമുട്ടി, എന്റെ തൊപ്പി ഇഷ്ടപ്പെട്ടുവെന്നും അത് എനിക്ക് നന്നായി ഇണങ്ങുന്നുണ്ടെന്നും അദ്ദേഹം അഭിനന്ദിച്ചു. എന്തുകൊണ്ടാണ് ഇത്രയധികം യാദൃശ്ചികമായ കാര്യങ്ങൾ നടക്കുന്നത്?” എന്നാണ് 2026 ജനുവരി 12-ലെ പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന വിവരണം. ചിത്രങ്ങൾ കൂടാതെ എയർപോർട്ടിൽനിന്നും രാഹുലിനൊപ്പമുള്ളൊരു വീഡിയോയും ഇതിൽ പങ്കുവെച്ചിട്ടുണ്ട്. ട്രാവൽ വ്ളോഗറായ ദക്ഷ് വിയറ്റ്നാമിന്‍റെ തലസ്ഥാനമായ ഹാനോയിൽവച്ച് രാഹുൽ ഗാന്ധിയെ കണ്ടുമുട്ടി എന്നാണ് പോസ്റ്റിൽ പറയുന്നത്. ഇതിൽനിന്നു ചിത്രം പഴയതാണെന്ന് വ്യക്തമായി. 

രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ വിദേശയാത്രയുടേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രം കഴിഞ്ഞ ജനുവരി മുതൽ എക്സിൽ ലഭ്യമാണെന്നു പരിശോധനയിൽ വ്യക്തമായി.