തൃശ്ശൂർ: കോളേജുകളുടെയും സർവകലാശാലകളുടെയും നിലവാരം നിശ്ചയിക്കുന്ന നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഇനി കോളേജുകളിൽ നേരിട്ടുള്ള പരിശോധന നടത്തില്ല. പരിശോധനകളെല്ലാം ഓൺലൈനായി നടത്താനാണ് തീരുമാനം. സർവകലാശാലകളുടേതാണെങ്കിൽ ഓൺലൈനായും നേരിട്ടും പരിശോധിക്കും.

To advertise here,

ആന്ധ്രപ്രദേശിലെ കെ.എൽ.ഇ. ഫൗണ്ടേഷന്റെ കോളേജിലെ പരിശോധന സംബന്ധിച്ചുണ്ടായ സി.ബി.ഐ. കേസിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മികച്ച ഗ്രേഡ് നേടുന്നതിനായി പരിശോധകർക്ക് കൈക്കൂലി കൊടുത്തെന്ന കേസിൽ പത്തുപേരെയാണ് സി.ബി.ഐ. അറസ്റ്റുചെയ്തത്. ഇതിൽ നാകിന്റെ പരിശോധക വിഭാഗം തലവനും മുതിർന്ന അധ്യാപകരും ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കൗൺസിലിന്റെ നടപടി.

അക്രഡിറ്റേഷൻ രണ്ടുഘട്ടമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന എല്ലാ കോളേജുകളും ഇനിമുതലുള്ള എല്ലാ വിലയിരുത്തലുകളും ഓൺലൈനിലാണ് ചെയ്യേണ്ടിവരിക. വിദഗ്ധ സംഘത്തിന്റെ സന്ദർശനമടക്കമുളള തുടർനടപടികളും ഇത്തരത്തിലായിരിക്കും. എന്നാൽ സർവകലാശാലകളുടെ പരിശോധനയിൽ തീരെ ഒഴിവാക്കാൻ പറ്റാത്ത വിഭാഗത്തിൽ നേരിട്ടുള്ള പരിശോധന നടത്താനാണ് തീരുമാനം.

നിലവാര പരിശോധനയിൽ അഴിമതിയും ക്രമക്കേടും ഇല്ലാതാക്കാനാണ് പുതിയ തീരുമാനമെന്നാണ് പറയുന്നത്. നിലവിൽ 650 സ്ഥാപനങ്ങളാണ് അക്രഡിറ്റേഷൻ നടപടികൾ തുടങ്ങിയിട്ടുള്ളത്. ഇതിൽ പകുതിയും വിലയിരുത്തലിന്റെ രണ്ടാംഘട്ടം പിന്നിട്ടിട്ടുമുണ്ട്. നാക് പുതുതായി വിഭാവനം ചെയ്ത ബേസിക് അക്രഡിറ്റേഷൻ മാതൃക നടപ്പാക്കാനുള്ള സമയവും നീട്ടി. പുതിയ അപേക്ഷകർ ഈ രീതി വേണം സ്വീകരിക്കാൻ.