
കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) കോട്ടയം നടത്തുന്ന ഇ-എം.ടെക്. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ജോലി ചെയ്തുകൊണ്ടു പഠിക്കാം. 60 ക്രെഡിറ്റുകൾ അടങ്ങിയ രണ്ട് മുതൽ നാലുവർഷം വരെ കാലാവധിയിൽ കോഴ്‌സ് പൂർത്തിയാക്കാം. ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും വ്യവസായമേഖലയിലെ വിദഗ്ധരുമാണ് ക്ലാസുകൾക്ക് നേതൃത്വംനൽകുന്നത്.
വ്യക്തിപരമായോ തൊഴിൽപരമായോ ഉള്ള ആവശ്യങ്ങൾക്കായി സെമസ്റ്റർ ബ്രേക്ക് എടുക്കാം. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി.ക്ക് അവസരമുണ്ട്. വെർച്വൽ-റിമോട്ട് ലാബുകൾ, വിപുലമായ ഡിജിറ്റൽ ജേണലുകൾ ലഭ്യമായ ഇ -ലൈബ്രറി എന്നിവ ഉൾപ്പെടുന്ന ആധുനിക പഠന സംവിധാനങ്ങളുണ്ട്.
കോഴ്‌സുകളും സവിശേഷ ശാഖകളും
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് ആൻഡ് ഡേറ്റ സയൻസ്: ധനകാര്യം, ആരോഗ്യം, ബിസിനസ് അനലിറ്റിക്‌സ്, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ ഡേറ്റ അധിഷ്ഠിത തീരുമാനങ്ങൾ എടുക്കുന്നതിനും സ്മാർട്ട് സിസ്റ്റങ്ങൾ വികസിപ്പിക്കുന്നതിനും പ്രാപ്തരാക്കുന്നു. ഡേറ്റ മൈനിങ്, ബിഗ് ഡേറ്റ അനലിറ്റിക്‌സ്, ഡീപ് ലേണിങ്, എൻ.എൽ.പി. തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള അറിവ് ഈ ശാഖ നൽകുന്നു.
- സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫൊറൻസിക്‌സ്: ഡിജിറ്റൽ യുഗത്തിൽ വിവരസുരക്ഷ ഉറപ്പാക്കുന്നതിനും സൈബർ ആക്രമണങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനുമുള്ള പരിശീലനം നൽകുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ കമാൻഡോകൾക്കും ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥർക്കും സൈബർ പരിശീലനം നൽകിയ പരിചയം ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്.
യോഗ്യത
ഏതെങ്കിലും ശാഖയിലുള്ള ബി.ടെക്./ബി.ഇ./എ.എം.ഐ.ഇ. ബിരുദം. കംപ്യൂട്ടർ സയൻസ്, ഐ.ടി., മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിലുള്ള എം.എസ്.സി/എം.എസ്. അല്ലെങ്കിൽ എം.സി.എ. ബിരുദം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ നാലു വർഷത്തെ ബിരുദം. ഇവയിൽ ഏതെങ്കിലും ഒന്നിൽ കുറഞ്ഞത് 60 ശതമാനം മൊത്തത്തിലുള്ള മാർക്ക് (അല്ലെങ്കിൽ അനുയോജ്യമായ സി.ജി.പി.എ.) നേടിയിരിക്കണം. ക്ലാസുകൾ, വെർച്വൽ ലാബുകൾ, മിഡ്-സെമസ്റ്റർ പരീക്ഷകൾ എന്നിവ ഓൺലൈനായും അവസാന സെമസ്റ്റർ പരീക്ഷകളും പ്രോജക്ട് വിലയിരുത്തലും തിരുവനന്തപുരം, കോട്ടയം, കൊച്ചി, ബെംഗളൂരു എന്നീ കേന്ദ്രങ്ങളിൽ ഓഫ് ലൈനായും നടത്തും.
അപേക്ഷ
www.emtech.iiitkottayam.ac.in വഴി നവംബർ 26 വരെ അപേക്ഷിക്കാം. ജനറൽ, ഒ.ബി.സി. വിഭാഗങ്ങൾക്ക് 500 രൂപയും വനിതാ അപേക്ഷകർക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും 250 രൂപയുമാണ് ഫീസ്. സഹായങ്ങൾക്ക്: pgadmissions@iiitkottayam.ac.in | registrar@iiitkottayam.ac.in | 0482-2202161 / 2253 / 2174
Content Highlights: How to Earn an E-MTech from IIIT Kottayam While Working
Published: 06 Nov 2026, 10:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented