കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധത്തിൽ എസ്.എഫ്.ഐക്കെതിരേ രൂക്ഷ വിമർശനവുമായി ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ. ഓരോ പ്രതിഷേധത്തിനും രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണം. അഭിമാനത്തോടെ ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തത്തെയാണ് എസ്എഫ്‌ഐ ദുഷ്‌ലാക്കോടെ അലങ്കോലമാക്കിയത്. പ്രതിഷേധിക്കാനുള്ള അവകാശത്തെ രാഷ്ട്രീയ ബഹുമാനത്തോടെ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വേദിക്ക് കിലോമീറ്ററുകൾ അകലെ നിൽക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അഴിപ്പിച്ച പിണറായിക്കാലമല്ല കേരളത്തിൽ. വിദ്യാർത്ഥികളുടെ സന്തോഷം തല്ലിക്കെടുത്തി, സമരമെന്ന പേരിൽ തോന്നിയത് പോലെ ചെയ്യാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ ആ വിരട്ടലിന് മുന്നിൽ വിറയ്ക്കില്ലെന്ന് റോജി എം ജോൺ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.

To advertise here,

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മഹാരാജാസ് കോളേജ് പോലൊരു കലാലയത്തിൽ, വർഷങ്ങളുടെ അധ്വാനം പൂർത്തിയാക്കി അഭിമാനത്തോടെ ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ SFI അലങ്കോലമാക്കാൻ ശ്രമിക്കരുതായിരുന്നു. ഓരോ പ്രതിഷേധത്തിനും രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണം. ഒരു പരിപാടിയിൽ പ്രതിഷേധിക്കുമ്പോൾ അതിന്റെ ലക്ഷ്യവും കാരണവും കൂടെയുള്ള വിദ്യാർത്ഥികൾക്ക് എങ്കിലും ബോധ്യപ്പെടണം. അല്ലാതെ ഒരുകൂട്ടം വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ തകർത്തുകൊണ്ട് ആകരുത് പ്രതിഷേധങ്ങൾ.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ തന്നെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന ഒരു ജനപ്രതിനിധിയെന്ന നിലയിൽ, ആരോഗ്യകരമായ വിയോജിപ്പുകളെയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും എപ്പോഴും ഞാൻ മാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചവരോട്, 'നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താം, ചടങ്ങ് ഭംഗിയായി പൂർത്തിയാക്കിയ ശേഷം ഏത് ചോദ്യത്തിനും മറുപടി തന്നിട്ടേ മടങ്ങൂ' എന്ന് വ്യക്തമായി പറഞ്ഞത്. ''സഖാവേ ഒരു ചോദ്യം'' എന്ന് സദസ്സിൽ നിന്നും ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അധികാരത്തിന്റെ അഹങ്കാരം ഞാൻ ആ വേദിയിൽ കാണിച്ചില്ല. നിങ്ങളുടെ പ്രതിഷേധിക്കാനും ബാനർ ഉയർത്തി അവിടെ തുടരാനുമുള്ള അവകാശത്തെ തികഞ്ഞ രാഷ്ട്രീയ ബഹുമാനത്തോടെ അംഗീകരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ വേദിക്ക് കിലോമീറ്ററുകൾ അകലെ നിൽക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അഴിപ്പിച്ച പിണറായിക്കാലമല്ല കേരളത്തിൽ.

ചോദ്യങ്ങളോടോ, സമരങ്ങളോടോ ഭയമോ അസഹിഷ്ണുതയോ ഇല്ല. എന്നാൽ ആ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം തകർക്കാനുള്ള അഹന്തയ്ക്ക് മുന്നിൽ വഴങ്ങിക്കൊടുക്കാൻ കഴിയില്ല എന്നതായിരുന്നു എന്റെ നിലപാട്. അത് തന്നെ ആണ് ഇപ്പോഴും നിലപാട്. നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി താണ്ഡവമാടുകയും, കസേരകളും മൈക്കുകളും തല്ലിത്തകർത്ത് ഒടുവിൽ നടുത്തളത്തിൽ വീണുരുളുകയും ചെയ്ത ചരിത്രമുള്ള മുൻ വിദ്യാഭ്യാസ മന്ത്രി മാലോകർ മുഴുവൻ ലൈവ് കണ്ട സംഭവം ഉണ്ടായിട്ടേയില്ലെന്ന് ഒടുവിൽ കോടതിയിൽ പറഞ്ഞതുപോലെ ഞാൻ മാറ്റിപ്പറയുമെന്ന് പ്രതീക്ഷിക്കേണ്ട.

വിദ്യാർത്ഥികളുടെ സന്തോഷം തല്ലിക്കെടുത്തി, സമരമെന്ന പേരിൽ തോന്നിയത് പോലെ ചെയ്യാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ ആ വിരട്ടലിന് മുന്നിൽ വ്യക്തിപരമായി ഞാനോ ഉന്നതവിദ്യാഭ്യാസ വകുപ്പോ വിറയ്ക്കില്ല. ഇരുപത് മിനിറ്റോളം SFIക്കാരുടെ മുന്നിൽ തന്നെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടത്. പറയാനുള്ളത് പറഞ്ഞ് തീർക്കാതെ മഹാരാജാസ് കോളജിന്റേത് എന്നല്ല, ഒരു വേദിയിൽ നിന്നും ഇറങ്ങുകയുമില്ല. വിദ്യാർത്ഥികളുടെ ഭാവിക്കും കലാലയങ്ങളിലെ ജനാധിപത്യത്തിനും മേൽ ഒരു രാഷ്ട്രീയ കൊടിക്കും അഴിഞ്ഞാടാനുള്ള ലൈസൻസുമില്ല.