നൈപുണി അധിഷ്ഠിത വിദ്യാഭ്യാസമേഖലയിൽ നിർണായക ചുവടുവെപ്പുമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല (എസ്‌.ജി.ഒ.യു.). കേന്ദ്ര നൈപുണിവികസന-സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ്ങിന്റെ (എൻ.സി.വി.ഇ.ടി.) ഇരട്ട അംഗീകാരത്തിനുള്ള താത്‌പര്യപത്രം ലഭിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാലയായി എസ്‌.ജി.ഒ.യു. മാറി.

To advertise here,

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ദേശീയ അംഗീകാരമുള്ള തൊഴിൽനൈപുണി കോഴ്‌സുകൾ തുടങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജുമായി മാതൃഭൂമി മീഡിയ സ്കൂൾ ഡീൻ ഷാജൻ സി. കുമാർ സംസാരിക്കുന്നു

താത്‌പര്യപത്രം ലഭിച്ചത് സർവകലാശാലയെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രധാനമാണ്

-നൈപുണി വിദ്യാഭ്യാസമേഖലയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിനുള്ള വഴിയാണ് തുറക്കുന്നത്. പരമ്പരാഗത അക്കാദമിക് കോഴ്‌സുകൾക്കപ്പുറം തൊഴിൽവിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പഠനപരിപാടികൾ വികസിപ്പിക്കാനും നടപ്പാക്കാനുമുള്ള അവസരമാണിത്. സൈദ്ധാന്തിക അറിവിനൊപ്പം പ്രായോഗിക നൈപുണിയും നേടാൻ വിദ്യാർഥികളെ സഹായിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ തൊഴിൽസാധ്യതകൾ മെച്ചപ്പെടുത്താനും പുതിയ കരിയർ മേഖലകളിലേക്ക് കടക്കാനും വ്യക്തികളുടെ ശേഷി വർധിപ്പിക്കാനും കഴിയും.

അവാർഡിങ് ബോഡി, അസസ്‌മെന്റ് ഏജൻസി എന്നീ ഇരട്ട ചുമതലകൾ ലഭിക്കുന്നതിന്റെ പ്രാധാന്യം എന്താണ്

-ഇവ പരസ്പരപൂരകമായ രണ്ട് ചുമതലകളാണ്. അവാർഡിങ് ബോഡി എന്നനിലയിൽ ദേശീയ നൈപുണി യോഗ്യതാ ചട്ടക്കൂടിന് അനുസൃതമായ തൊഴിൽപരമായ യോഗ്യതകൾ രൂപകല്പനചെയ്യാനും അവയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകാനും സർവകലാശാലയ്ക്ക് സാധിക്കും. ഇതിന് ബന്ധപ്പെട്ട മാനദണ്ഡങ്ങളും അംഗീകാരവ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്.

അസസ്‌മെന്റ് ഏജൻസി എന്നനിലയിൽ പഠിതാക്കളുടെ നൈപുണിയും പ്രായോഗികശേഷിയും നിശ്ചിതമാനദണ്ഡങ്ങൾക്കനുസരിച്ച് വിലയിരുത്താനും കഴിയും. ഒരാൾ എന്താണ് പഠിച്ചത് എന്നതുമാത്രമല്ല, പഠിച്ച കാര്യങ്ങൾ പ്രായോഗികമായി എത്രത്തോളം ചെയ്യാൻ കഴിയുന്നു എന്നതും തൊഴിൽനൈപുണി വിദ്യാഭ്യാസത്തിൽ പ്രധാനമാണ്. അതുകൊണ്ടുതന്നെ കഴിവുകളെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയത്തിന് വലിയ പ്രാധാന്യമുണ്ട്.

ഈ പദ്ധതി എങ്ങനെ പ്രയോജനപ്പെടും

-എല്ലാവർക്കും സ്ഥിരമായി കോളേജിൽപ്പോയി പഠിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നില്ല. ജോലി, കുടുംബ ഉത്തരവാദിത്വങ്ങൾ, സാമ്പത്തിക പരിമിതികൾ, ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ തുടങ്ങി പല കാരണങ്ങളാൽ പഠനം തുടരാൻ കഴിയാത്തവരുണ്ട്. നേരത്തേ പഠനം ഉപേക്ഷിച്ചശേഷം പുതിയൊരു അവസരം തേടുന്നവരുമുണ്ട്.

ഇവർക്കെല്ലാം ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് സംവിധാനം വലിയ സാധ്യതകളാണ് തുറക്കുന്നത്. ജോലിചെയ്യുന്നവർ, വീട്ടമ്മമാർ, തൊഴിൽ അന്വേഷിക്കുന്ന യുവാക്കൾ, ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതിരുന്നവർ എന്നിവർക്കെല്ലാം അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് പഠിക്കാം. പഠിതാക്കൾക്ക് അക്കാദമിക് വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽപരമായ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരങ്ങൾ നൽകുകയാണ് ലക്ഷ്യം.

ഏതൊക്കെ മേഖലകളിലായിരിക്കും നൈപുണി കോഴ്‌സുകൾ ആരംഭിക്കുക

-പുതിയ തൊഴിൽമേഖലകളെ കേന്ദ്രീകരിച്ചുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കും. മാറിവരുന്ന തൊഴിൽസാധ്യതകൾ, വ്യവസായമേഖലയുടെ ആവശ്യങ്ങൾ, പഠിതാക്കൾക്ക് ആവശ്യമായ പുതിയ കഴിവുകൾ എന്നിവ പരിഗണിച്ചാകും കോഴ്‌സുകൾ തിരഞ്ഞെടുക്കുക. ഘട്ടംഘട്ടമായിട്ടായിരിക്കും ഇത് നടപ്പാക്കുക. തൊഴിൽദാതാക്കളുടെ പ്രതീക്ഷകൾ, വിവിധ തൊഴിൽമേഖലകളിലെ മാറ്റങ്ങൾ, സാങ്കേതികവിദ്യയുടെ വളർച്ച എന്നിവ കൃത്യമായി മനസ്സിലാക്കണം. അതനുസരിച്ചായിരിക്കണം പഠനപരിപാടികൾ തയ്യാറാക്കേണ്ടത്.

കേരളത്തിലെ നൈപുണിവിടവ് നികത്തുന്നതിൽ ഒ.ഡി.എൽ. സംവിധാനത്തിന് എന്ത് പങ്കുവഹിക്കാനാകും

-പരമ്പരാഗത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിധിക്കപ്പുറത്തേക്ക് പഠനാവസരങ്ങൾ എത്തിക്കാൻ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ്ങിന് (ഒ.ഡി.എൽ.) കഴിയും. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ, ജോലി ചെയ്യുന്നവർ, വീട്ടമ്മമാർ, തൊഴിൽമേഖലയിൽ പുതിയ അവസരങ്ങൾ തേടുന്നവർ തുടങ്ങി വ്യത്യസ്ത സാഹചര്യങ്ങളിലുള്ള പഠിതാക്കൾ കേരളത്തിലുണ്ട്.

ജോലിയോ കുടുംബ ഉത്തരവാദിത്വങ്ങളോ ഉപേക്ഷിക്കാതെ പഠനം തുടരാൻ കഴിയുന്ന സംവിധാനം ഇവർക്ക് വലിയ സഹായമാകും. തൊഴിൽപരമായ ആവശ്യങ്ങൾ മാറുന്നതിനനുസരിച്ച് പുതിയ കഴിവുകൾ നേടാനും നിലവിലുള്ള അറിവ് പുതുക്കാനും ഇതിലൂടെ സാധിക്കും. മികച്ച പഠനസാമഗ്രികൾ, വ്യക്തമായ പഠനലക്ഷ്യങ്ങൾ, വിശ്വസനീയമായ മൂല്യനിർണയ സംവിധാനം, തൊഴിൽമേഖലയിൽ പ്രയോജനപ്പെടുന്ന യോഗ്യതകൾ എന്നിവ ഉറപ്പാക്കണം.