ന്യൂഡൽഹി: പ്രൊഫഷണൽ കോഴ്‌സുകളിലേതുപോലെ പരമ്പരാഗത ബിരുദകോഴ്‌സുകളിൽ പഠിക്കുന്നവരെയും ജോലിനേടാൻ പ്രാപ്തരാക്കുന്നതിന് കേന്ദ്രത്തിന്റെ പദ്ധതി ഒരുങ്ങുന്നു. ബിരുദവിദ്യാർഥികൾക്ക് തൊഴിൽപരിശീലനം നൽകാനുള്ള യു.ജി.സി.യുടെ അപ്രന്റീസ് എംബഡഡ് ഡിഗ്രി പ്രോഗ്രാം (എ.ഇ.ഡി.പി.) പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ 80 സർവകലാശാലകളിൽ ആരംഭിച്ചു. വ്യവസായസ്ഥാപനങ്ങളുമായി കൈകോർത്തുള്ള പദ്ധതിമാതൃക രാജ്യമെങ്ങും ബിരുദകോഴ്‌സുകൾക്കൊപ്പം വ്യാപകമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

To advertise here,

ബിരുദധാരികളുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് എ.ഇ.ഡി.പി. പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് യു.ജി.സി.മുൻ ചെയർമാനും നിലവിൽ ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എൻ.ഇ.പി. 2020) റിവ്യൂ സമിതി അധ്യക്ഷനുമായ പ്രൊഫ. എം. ജഗദീഷ് കുമാർ പറഞ്ഞു.

‘‘ഉന്നതവിദ്യാഭ്യാസമേഖലയിൽ രാജ്യത്താകെ 4.5 കോടിയോളം വിദ്യാർഥികളുണ്ടെന്നാണ് കണക്ക്. അതിൽ 75 ശതമാനത്തോളവും ബി.എ., ബി.എസ്‌സി., ബി.കോം. എന്നിങ്ങനെയുള്ള പരമ്പരാഗത ബിരുദകോഴ്‌സുകൾ പഠിക്കുന്നവരാണ്. ജോലിക്കുവേണ്ടിയാണ് ഇതിൽ ഭൂരിഭാഗവും ചേരുന്നതെങ്കിലും പല പരിമിതികളാൽ പരമ്പരാഗതബിരുദംകൊണ്ട് അതു സാധിക്കുന്നില്ല. അതിന് പരിഹാരമായി എ.ഇ.ഡി.പി.ക്കുകീഴിൽ പരിശീലനംനൽകുമ്പോൾ തൊഴിലവസരങ്ങൾ വർധിക്കും’’ -അദ്ദേഹം പറഞ്ഞു.

അപ്രന്റിസ്‌ എംബഡഡ് ഡിഗ്രി പ്രോഗ്രാം

സാധാരണ ബിരുദകോഴ്‌സുകൾക്കൊപ്പം പ്രാദേശികമായ കമ്പനികളോടും സ്ഥാപനങ്ങളോടും സഹകരിച്ച് പ്രത്യേക പാഠ്യപദ്ധതിയുണ്ടാക്കിയാണ് എ.ഇ.ഡി.പി. നടപ്പാക്കുന്നത്. കോഴ്‌സിന്റെ ഭാഗമായിത്തന്നെ കമ്പനികളിൽ ജോലിചെയ്തുള്ള പരിചയവും പരിശീലനവും നേടാനാകും.

സിലബസിൽ കമ്പനികൾക്ക് നിർദേശങ്ങൾ നൽകാം. പ്രത്യേക വിഷയവിദഗ്ധരില്ലെങ്കിൽ പുറത്തുനിന്നെത്തിക്കാൻ സർവകലാശാലയ്ക്കും സാധിക്കും.

ആറ് സെമസ്റ്ററുള്ള മൂന്നുവർഷ ബിരുദകോഴ്‌സിൽ മൂന്ന് സെമസ്റ്റർവരെ ഇത്തരത്തിൽ തൊഴിൽപരിശീലനം നേടാം. ഇതുവേണ്ടാത്തവർക്ക് സാധാരണപോലെ കോഴ്‌സ് പൂർത്തിയാക്കാനും അവസരമുണ്ട്. എ.ഇ.ഡി.പി. തിരഞ്ഞെടുക്കുന്നവർക്ക് സാധാരണ കോഴ്‌സിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പ് ഒഴിവാക്കാം.

ഇന്റേൺഷിപ്പ് ഹ്രസ്വകാലത്തേക്ക് പ്രവൃത്തിപരിചയം നൽകുന്നതാണെങ്കിൽ എ.ഇ.ഡി.പി. വിശദമായ പരിശീലനം നൽകുന്നതാണ്.

കണ്ണൂർ സർവകലാശാലയിൽ

കേരളത്തിൽ കണ്ണൂർ സർവകലാശാലയിൽമാത്രമാണ് എ.ഇ.ഡി.പി.യുള്ളത്. ഇവിടെ ബി.എസ്‌സി. വുഡ് ആൻഡ് ബാംബൂ ടെക്‌നോളജി എന്ന മൂന്നുവർഷത്തെ കോഴ്‌സിൽ അവസാന വർഷമാണ് സ്റ്റൈപ്പെൻഡോടെ വ്യവസായപരിശീലനം നൽകുന്നത്.